ad
Deshabhimani

ഐഎസ്‌എല്ലിൽ ആദ്യ പോയിന്റ്‌; ബ്ലാസ്‌റ്റേഴ്‌സിന്‌ അജ്‌സൽ ഗോൾ

Blasters.jpg
വെബ് ഡെസ്ക്

Published on Mar 14, 2026, 07:50 PM | 2 min read

കൊൽക്കത്ത: ഐഎസ്‌എൽ ഫുട്‌ബോളിൽ തുടർച്ചയായ അഞ്ചാം തോൽവിയുടെ കയത്തിലേക്ക്‌ നീങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിനെ മലയാളി താരം മുഹമ്മദ്‌ അജ്‌സൽ രക്ഷിച്ചു. പരിക്കുസമയത്ത്‌ അജ്‌സലിന്റെ തകർപ്പൻ ഹെഡറിൽ ബ്ലാസ്‌റ്റേഴ്‌സ്‌ കൊൽക്കത്ത വന്പൻമാരായ ഇ‍ൗസ്‌റ്റ്‌ ബംഗാളിനെ സമനിലയിൽ പിടിച്ചു (1–1). അഞ്ചാമത്തെ കളിയിൽ ആദ്യ പോയിന്റ്‌. എട്ട്‌ പോയിന്റുള്ള ഇ‍ൗസ്‌റ്റ്‌ ബംഗാൾ മൂന്നാമതാണ്‌. കൊൽക്കത്തയിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനോട്‌ ആദ്യ കളി തോറ്റ്‌ കൊച്ചിയിലേക്ക്‌ മടങ്ങിയ ബ്ലാസ്‌റ്റേഴ്‌സ്‌ സ്വന്തം തട്ടകത്തിൽ തുടർച്ചയായ മൂന്ന്‌ കളിയിലും നിലംപറ്റി. എന്നാൽ ഇ‍ൗസ്‌റ്റ്‌ ബംഗാളിനെതിരെ പൊരുതി നേടിയ സമനില കോച്ച്‌ ഡേവിഡ്‌ കറ്റാലയ്‌ക്കും സംഘത്തിനും പുതുജീവൻ നൽകും.


പരിക്കുസമയത്തിന്റെ രണ്ടാം മിനിറ്റിലായിരുന്നു ഗോൾ. തുടർച്ചയായി പ്രത്യാക്രമണങ്ങൾ നടത്തിയ ബ്ലാസ്‌റ്റേഴ്‌സിന്‌ കോർണർ കിട്ടി. മധ്യനിരയിൽ തകർത്തുകളിച്ച മറ്റൊരു മലയാളി താരം എബിൻദാസ്‌ യേശുദാസൻ തൊടുത്ത കോർണർ കിക്ക്‌ ഗോൾമുഖത്ത്‌ ഒഴിഞ്ഞുനിന്ന അജ്‌സലിന്‌ പാകത്തിൽ കിട്ടി. ആഞ്ഞൊന്നു തലവച്ച ഇരുപത്തൊന്നുകാരൻ ബ്ലാസ്‌റ്റേഴ്‌സിനെ ഉണർത്തി. സീസണിൽ ടീം നേടുന്ന രണ്ടാമത്തെ മാത്രം ഗോളാണിത്‌. കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയുടെ കളിക്കാരനെതിരെ പരുക്കൻ ഫ-‍ൗൾ പുറത്തെടുത്ത വിക്ടർ ബെർതോമ്യുവിന്‌ പകരമാണ്‌ അജ്‌സൽ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളടി ചുമതല ഏറ്റെടുത്തത്‌. ബ്ലാസ്‌റ്റേഴ്‌സിന്റെ തുടക്കം പതിവുപോലെ തണുത്തുറഞ്ഞതായി. മധ്യനിരയിൽ ചലനങ്ങളുണ്ടായില്ല. ആദ്യ കളിക്ക്‌ ഇറങ്ങിയ സെനെഗൽ പ്രതിരോധക്കാരൻ എൻഡിയായെ ഫ-ാല്ലുവിന്‌ കളിയിൽ സ്വാധീനമുണ്ടാക്കാനായി. കളി തുടങ്ങി പത്താം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സ്‌ ഗോൾ വഴങ്ങി. ഇ‍ൗസ്‌റ്റ്‌ ബംഗാളിന്റെ ഗോളടിക്കാരൻ യൂസെഫ്‌ എസെജാരിയെ ബോക്‌സിൽ ഐബാൻബ ഡോഹ്‌ലിങ്‌ വീഴ്‌ത്തിയതിന്‌ പെനൽറ്റി.


എസെജാരിയുടെ കരുത്തുറ്റ കിക്ക്‌ ഗോൾ കീപ്പർ അർഷ്‌ അൻവർ ഷെയ്‌ഖിന്‌ എത്തിപ്പിടിക്കാനായില്ല. തുടർന്നും ഇ‍ൗസ്‌റ്റ്‌ ബംഗാൾ ആക്രമണങ്ങൾ തൊടുത്തു. പക്ഷേ, ബോക്‌സിന്‌ മുന്നിൽ ഫ-ാല്ലുവിന്റെ നേതൃത്വത്തിലുള്ള പ്രതിരോധം തടഞ്ഞു. ഇടവേളയ്‌ക്കുശേഷം ജയ്‌ ക്വയ്‌റ്റോംഗോ ഇറങ്ങിയതോടെ ബ്ലാസ്‌റ്റേഴ്‌സ്‌ കളി വേഗത്തിലാക്കി. കെവിൻ യോക്കും എബിൻദാസും മികച്ച നീക്കങ്ങളുമായി കളംപിടിച്ചു. കളിയുടെ അവസാന ഘട്ടങ്ങളിൽ പ്രതിരോധ നിര ഒത്തിണക്കത്തോടെ പന്ത് തട്ടി. 21ന്‌ കൊച്ചിയിൽ പഞ്ചാബ്‌ എഫ്‌സിയുമായാണ്‌ കളി. ബംഗളൂരു–മോഹൻ ബഗാൻ സൂപ്പർ ജയന്റ് കളി സമനിലയായി (0–0).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home