print edition ഹാലണ്ട്, ചെർക്കി; സിറ്റി തൊടുത്തു

ലണ്ടൻ: റയാൻ ചെർക്കിയുടെ മനോഹര പ്രകടനത്തിൽ മാഞ്ചസ്‌റ്റർ സിറ്റിക്ക് കുതിപ്പ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോൾ സീസണിലെ രണ്ടാം മത്സരത്തിലും സിറ്റി ജയംകണ്ടു. ക്രിസ്‌റ്റൽ പാലസിനെ 4–1നാണ് എൺസോ മറെസ്‌കയുടെ സംഘം തകർത്തത്. ചെർക്കിയും എർലിങ് ഹാലണ്ടും ഇരട്ടഗോൾ നേടി. ഗോൾകീപ്പർ ജിയാൻല്യൂജി ദൊന്നരുമ്മയുടെ പിഴവുഗോളിലാണ് സിറ്റി ഒന്ന് വഴങ്ങിയത്. മറ്റൊരു മത്സരത്തിൽ നോട്ടിങ്‌ഹാം ഫോറസ്‌റ്റിനോട് ലിവർപൂൾ സമനിലയുമായി രക്ഷപ്പെട്ടു (2–2).
കളി തുടങ്ങി മിനിറ്റുകൾക്കുള്ളിൽ ഹാലണ്ടിന്റെ ഹെഡർ സിറ്റിക്ക് ലീഡൊരുക്കി. അന്റോയ്‌ൻ സെമെന്യോയുടെ ക്രോസിലാണ് നോർവെക്കാരൻ തലവച്ചത്. ഇടവേളയ്‌ക്കുശേഷമായിരുന്നു ചെർക്കിയുടെ തകർപ്പൻ പ്രകടനം. ഫിൽ ഫോദെന്റെ പാസ് പിടിച്ചെടുത്ത ഫ്രഞ്ചുകാരൻ ബോക്‌സിനുള്ളിൽവച്ച് പാലസിന്റെ പ്രതിരോധത്തെ ഒന്നൊന്നായി വെട്ടിയൊഴിഞ്ഞാണ് ആദ്യ ഗോൾ നേടിയത്. തൊട്ടുപിന്നാലെ ദൊന്നരുമ്മയുടെ പിഴവിൽ സിറ്റി ഒരെണ്ണം വഴങ്ങി.
മൂന്ന് മിനിറ്റിന്റെ ഇടവേളയിൽ സിറ്റി ലീഡ് കൂട്ടി. ചെർക്കിയുടെ രണ്ടാംഗോൾ. യോസ്‌കോ ഗ്വാർഡിയോൾ അവസരമൊരുക്കി. കളി അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കെ ഹാലണ്ട് സിറ്റിയുടെ ജയം പൂർത്തിയാക്കി. ഫോദെനാണ് ഗോളിലേക്ക് വഴിയൊരുക്കിയത്.
ഫോറസ്‌റ്റിനെതിരെ ലിവർപൂൾ വിയർത്തു. വിക്ടർ മ്യുനോസ് ആണ് അവസാന നിമിഷം മുൻ ചാമ്പ്യൻമാർക്ക് സമനിലയൊരുക്കിയത്. ഡാൻ എൻഡോയെയിലൂടെ ഫോറസ്‌റ്റ് ആദ്യ ഘട്ടത്തിൽ ലിവർപൂളിനെ ഞെട്ടിച്ചു. ഇടവേളയ്‌ക്കുശേഷം അലെക്‌സാണ്ടർ ഇസാക്ക് സമനില കുറിച്ചു. പക്ഷേ, മോർഗൻ ഗിബ്‌സ്‌റ്റ് വൈറ്റ് പെനൽറ്റിയിലൂടെ ഫോറസ്‌റ്റിനെ മുന്നിലെത്തിച്ചു.









0 comments