print edition ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടപ്പോര് കടുത്തു: ഇംഗ്ലണ്ടിൽ അഴ്‌സണൽ x സിറ്റി

ലണ്ടൻ: 207 ദിവസമായി അഴ്‌സണൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോൾ പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്ത് നിൽക്കുകയാണ്. ഏറെക്കുറെ ഉറപ്പിച്ച കിരീടമായിരുന്നു. പക്ഷേ, വരാനിരിക്കുന്ന അഞ്ച് മത്സരങ്ങൾ ജയിച്ചാലും അഴ്‌സണലിന്റെ ഉറപ്പിന് ഇപ്പോൾ ബലമില്ല. കഴിഞ്ഞ ദിവസം രണ്ടാമതുള്ള മാഞ്ചസ്‌റ്റർ സിറ്റിയോട് തോറ്റതോടെയാണ് കഥ മാറിയത്. ഇരു ടീമുകളും തമ്മിലുള്ള അന്തരം മൂന്ന് പോയിന്റ് മാത്രം. നാളെ ബേൺലിയെ തോൽപ്പിച്ചാൽ സിറ്റി പോയിന്റ് നിലയിൽ ഒപ്പമെത്തും.
നിലവിൽ അഴ്‌സണലിന്റെ ഗോൾ വ്യത്യാസം 37ഉം സിറ്റിയുടേത് 36ഉം ആണ്. ഇത്തിഹാദ് സ്‌റ്റേഡിയത്തിൽ 2–1ന്റെ ജയത്തോടെ അപ്രതീക്ഷിത വഴിത്തിരിവാണ് സിറ്റി കിരീടപ്പോരിൽ സൃഷ്ടിച്ചത്. സമനില വഴങ്ങിയാൽ പോലും കിരീടപ്പോര് അവസാനിക്കുമെന്നായിരുന്നു പെപ് ഗ്വാർഡിയോള മത്സരത്തിന് മുന്പ് പറഞ്ഞത്. ജയത്തോടെ ഗ്വാർഡിയോളയുടെ സംഘം കിരീടപ്പോരിലേക്ക് തിരിച്ചെത്തി. എർലിങ് ഹാലണ്ടിന്റെ ഗോളിലായിരുന്നു ജയം. ആദ്യത്തേത് റയാൻ ചെർക്കിയുടെ വകയായിരുന്നു. കയ് ഹവേർട്‌സിന്റെ ഗോളിൽ ആദ്യ ഘട്ടത്തിൽ ഒപ്പമെത്തിയ അഴ്സണലിന് അവസാന നിമിഷങ്ങളിൽ കളം പിടിക്കാനായില്ല. സിറ്റി ഗോൾ കീപ്പർ ജിയാൻല്യൂജി ദൊന്നരുമ്മയുടെ പ്രകടനവും നിർണായകമായി. ലീഗിൽ അവസാന ഇരുപത് കളിയിൽ ഒരെണ്ണം മാത്രമാണ് സിറ്റി തോറ്റത്. ഇതിനിടെ അഴ്‌സണലിനെ തോൽപ്പിച്ച് ലീഗ് കപ്പും നേടി.
മറുവശത്ത്, അഴ്‌സണലിന് അവസാന ആറ് കളിയിൽ ഒറ്റജയം മാത്രമാണ്. ലീഗിൽ രണ്ട് കളി തോറ്റു. ബോണിമൗത്തിനോടുള്ള തോൽവിയാണ് മൈക്കേൽ അർടേറ്റയുടെ സംഘത്തെ പ്രതിസന്ധിയിലാക്കിയത്. ഒന്നാംസ്ഥാനത്ത് ഒന്പത് പോയിന്റുണ്ടായിരുന്ന ടീമിന് ഒരാഴ്‌ചയ്‌ക്കിടെ ആറ് പോയിന്റ് നഷ്ടമായി. ന്യൂകാസിൽ യുണൈറ്റഡ്, ഫുൾഹാം, വെസ്‌റ്റ്‌ഹാം യുണൈറ്റഡ്, ബേൺലി, ക്രിസ്‌റ്റൽ പാലസ് ടീമുകൾക്കെതിരെയാണ് ശേഷിക്കുന്ന മത്സരങ്ങൾ. ഇതിൽ മൂന്നെണ്ണം സ്വന്തം തട്ടകത്തിൽ. ഇതിനിടെ അത്‌ലറ്റികോ മാഡ്രിഡുമായി ചാന്പ്യൻസ് ലീഗ് സെമിയുമുണ്ട്. എല്ലാ സീസണുകളിലും അവസാനഘട്ടത്തിൽ അസാമാന്യ കുതിപ്പ് നടത്തുന്ന സിറ്റി ഇക്കുറിയും അത് തെറ്റിച്ചില്ല. പട്ടികയിൽ 17–ാം സ്ഥാനത്തുള്ള വെസ്‌റ്റ്‌ഹാമിനോട് സമനില വഴങ്ങിയശേഷം പ്രതീക്ഷ നഷ്ടമായ ഹാലണ്ടും സംഘവും ചെൽസിയെ മൂന്ന് ഗോളിന് തുരത്തിയാണ് തിരിച്ചെത്തിയത്. അഴ്‌സണലിനോടും ജയിച്ചതോടെ ഒന്പത് സീസണിൽ ഏഴാമത്തെ ലീഗ് കിരീടത്തിലേക്ക് അവർ നോട്ടമിട്ടു.
അഴ്‌സണലിനെക്കാളും ഒരു കളി കുറവാണ് സിറ്റിക്ക്. ബേൺലി, എവർട്ടൺ, ബ്രെന്റ്‌ഫേ-ാർഡ്, ബോണിമൗത്ത്, ക്രിസ്‌റ്റൽ പാലസ്, ആസ്‌റ്റൺ വില്ല ടീമുകളുമായാണ് ശേഷിക്കുന്ന മത്സരങ്ങൾ. ഇതിനിടെ എഫ്‌എ കപ്പ് സെമിയിൽ സതാംപ്ടണെ നേരിടും. 25നാണ് കളി.










0 comments