ജംബോ ടീം വേണ്ടെന്ന് ഗ്വാർഡിയോള


Sports Desk
Published on May 22, 2025, 12:59 AM | 1 min read
ലണ്ടൻ
മതിയായ കളിക്കാർ ടീമിലില്ലെന്നാണ് എക്കാലവും ഫുട്‌ബോൾ പരിശീലകരുടെ പരിഭവം. എന്നാൽ മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗ്വാർഡിയോള നേരേ മറിച്ചാണ് പറയുന്നത്. അടുത്ത സീസണിലേക്കുള്ള ടീമിൽ താരങ്ങളുടെ എണ്ണം കുറയ്‌ക്കണമെന്നാണ് സ്‌പാനിഷുകാരന്റെ ആവശ്യം. മറിച്ചായാൽ രാജിവയ്‌ക്കുമെന്നും ഭീഷണിയുണ്ട്. നിലവിൽ ജംബോ ടീമാണ് സിറ്റിക്ക്. 32 കളിക്കാരാണുള്ളത്. അക്കാദമി താരങ്ങൾ വേറെയും. 25 പേരെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രജിസ്റ്റർചെയ്യാം. നിലവിൽ ടീമിലുള്ള താരങ്ങളെ പുറത്തിരുത്തുന്നതാണ് ഗ്വാർഡിയോളയെ ചൊടിപ്പിച്ചത്. ഇത്രയും പേരേ കളിപ്പിക്കാതിരിക്കുന്നത് എന്റെ ഹൃദയത്തിന് താങ്ങാനാകില്ല. ഇത് നീതികേടാണ്–-സിറ്റി പരിശീലകൻ പറഞ്ഞു.
മികച്ച താരങ്ങളുള്ള സിറ്റിയിൽ എല്ലാവർക്കും അവസരം കിട്ടാറില്ല. യുവകളിക്കാർ ഉൾപ്പെടെ പുറത്തിരിക്കാറാണ്. പ്രീമിയർ ലീഗിലെ ഒരു മത്സരത്തിൽ ഇരുപത് പേരെയാണ് ഉൾപ്പെടുത്താൻ കഴിയുക. ബോണിമൗത്തിനെതിരെ കഴിഞ്ഞദിവസം നടന്ന കളിയിൽ അബ്‌ദുഖദീർ കുഷനോവ്, സാവീന്യോ, ജയിംസ് മക്കാത്തി, ക്ലൗഡിയോ എച്ചിവേരി, റികോ ലൂയിസ് എന്നിവർക്കൊന്നും കളിക്കാനായില്ല. മത്സരം 3–-1ന് സിറ്റി ജയിച്ചു.









0 comments