1973 ൽ കിരീടം നേടിയ ടീം അംഗം , 1979ൽ ക്യാപ്റ്റൻ , സംഘാടനത്തിലും തിളങ്ങി
print edition കളത്തിനകത്തും പുറത്തും കരുത്തൻ

ജെയ്‌സൺ ഫ്രാൻസിസ്
Published on Dec 23, 2025, 12:30 AM | 2 min read
കൊച്ചി
ഫുട്‌ബോളായിരുന്നു പി പൗലോസിന്റെ ജീവൻ. കളത്തിൽ സ്വന്തം ടീമിനായി ഇടതുപാർശ്വത്തിൽ കോട്ട കെട്ടിയ കരുത്തൻ ബൂട്ടഴിച്ചപ്പോൾ കേരളത്തിന്റെ ഫുട്‌ബോൾ സംഘാടനത്തിന് ഉൗർജമായി. 38 വർഷം കേരള ഫുട്‌ബോൾ അസോസിയേഷന്റെ നേതൃനിരയിലുണ്ടായിരുന്നു. കൊച്ചിയിൽ അന്തരിക്കുമ്പോൾ സീനിയർ വൈസ് പ്രസിഡന്റ്.
ആലുവ സെന്റ് മേരീസ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നിന്നായിരുന്നു കളിജീവിതത്തിന്റെ തുടക്കം. അവിടെ നിന്നും കലിക്കറ്റ് സർവകലാശാല, പ്രീമിയർ ടയേഴ്‌സ് ടീമുകളിലേക്കും കേരള സ്‌ക്വാഡിലേക്കും വളർന്നു. 1973ൽ കേരളം ആദ്യമായി സന്തോഷ് ട്രോഫി ഉയർത്തുമ്പോൾൾ ടീം അംഗമായിരുന്നു. എന്നാൽ കളിക്കാൻ കഴിഞ്ഞിരുന്നില്ല. ചരിത്രം രചിച്ച സംഘത്തിലുണ്ടായത് അഭിമാനത്തോടെ എന്നും പറയുമായിരുന്നു. അന്നത്തെ ടീമിലെ നവാഗതരിൽ ഒരാളായിരുന്നു. ‘ഡൽഹിയോടുള്ള സമനിലയും ഫൈനലിൽ റെയിൽവേസ് രണ്ടാംഗോൾ നേടിയപ്പോൾ കിടുങ്ങിയതുമെല്ലാം’ പുതുതലമുറയോട് പങ്കുവച്ചു. 1971–72ൽ കലിക്കറ്റ് സർവകലാശാല അഖിലേന്ത്യാ സർവകലാശാല ചാമ്പ്യൻൻഷിപ്പിൽ ജേതാക്കളായപ്പോൾ ആ ടീമിനായി നിറഞ്ഞ് കളിച്ചവരിൽ പ്രധാനിയായിരുന്നു. കേരളത്തിലെ ഒരു സർവകലാശാല ഇൗ നേട്ടം കൈവരിച്ചത് ആദ്യമായിട്ടായിരുന്നു.

1971–72ൽ അഖിലേന്ത്യാ അന്തർ സർവകലാശാലാ ഫുട്ബോളിൽ ജേതാക്കളായ കലിക്കറ്റ് സർവകലാശാലാ ടീം വൈസ് ചാൻസലർ എം എം ഗനിക്കൊപ്പം
(വലതുഭാഗത്ത് ആദ്യം ബൂട്ട് കയ്യിൽ പിടിച്ച് നിൽക്കുന്നതാണ് പി പൗലോസ്)
‘അന്നത്തെ ക്യാമ്പിൽ പങ്കെടുക്കുമ്പോഴാണ് പൗലോസിനെ പരിചയപ്പെടുന്നത്. ഒരുകുടുംബം പോലൊയിരുന്നു അന്ന് ക്യാമ്പിൽ കഴിഞ്ഞത്. പിന്നീട് 1973 സന്തോഷ് ട്രോഫി ക്യാമ്പിലും ഒരുമിച്ചുണ്ടായി. അത് ആത്മബന്ധമായി വളർന്നു. പ്രീമിയർ ടയേഴ്‌സ് ടീമിലും ഒരുമിച്ച് വർഷങ്ങളോളം കളിച്ചു ' - സഹതാരമായ വിക്ടർ മഞ്ഞിലയുടെ വാക്കുകൾ. പരിശീലകന്റെ നിർദേശം കൃത്യമായി കളത്തിൽ നടപ്പാക്കുന്ന പ്രതിരോധക്കാരനായിരുന്നുവെന്ന് സുഹൃത്തും സഹതാരവുമായ എം എം ജേക്കബും പറഞ്ഞു.
കേരളത്തിന്റെ ജൂനിയർ, സീനിയർ ടീമുകളിൽ സ്ഥിരം സാന്നിധ്യമായി. 1970 കാലഘട്ടത്തിൽ എട്ടുവർഷം സന്തോഷ് ട്രോഫി കളിച്ചു. 1979ൽ ക്യാപ്റ്റനായി.1993ൽ സന്തോഷ് ട്രോഫി കരസ്ഥമാക്കിയ കേരള ടീമിന്റെ അസിസ്റ്റന്റ് മാനേജരുമായി.
കളി നിർത്തിയ ശേഷം സംഘാടന രംഗത്തും ശോഭിച്ചു. 12 വർഷം എറണാകുളം ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറിയായി. കളികൾ സംഘടിപ്പിക്കുന്നതിലും കളിക്കാരെ വളർത്തുന്നതിലും നിർണായക പങ്ക്‌വഹിച്ചു. കളിമികവ് മാത്രമായിരിക്കണം ടീം അംഗമാകാനുള്ള മാനദണ്ഡം എന്ന നിർബന്ധത്തിൽ ഒരു വിട്ടുവീഴ്‌ചക്കും തയ്യാറായിരുന്നില്ല. മിന്നും പ്രകടനം നടത്തിയിട്ടും ദേശീയ ടീമിലേക്ക് ഇടം കിട്ടാത്ത കയ്‌പേറിയ അനുഭവമാണ് ശുപാർശക്കാർക്ക് മുന്നിൽ സംഘാടകനായി ചുവപ്പ് കാർഡ് എടുക്കാനുള്ള കാരണം.










0 comments