മാളവിക പറയുന്നു
കളിക്കൂ.. കളിക്കൂ.. കളിച്ചുകൊണ്ടേയിരിക്കൂ

സുരേഷ് മടിക്കൈ
Published on Jul 08, 2025, 12:13 AM | 1 min read
മടിക്കൈ (കാസർകോട്)
ഏഷ്യൻ കപ്പ് ഫുട്‌ബോൾ യോഗ്യത നേടിയതിന്റെ സന്തോഷത്തിലാണ് പി മാളവിക. നാട്ടിലെത്തിയ സന്തോഷം വേറെ. തായ്‌ലൻഡിൽ നടന്ന യോഗ്യതാ റൗണ്ട് ജയിച്ച ഇന്ത്യൻ വനിതാ ടീമിൽ കാസർകോട് മടിക്കൈ ബങ്കളത്തെ ഇരുപത്തൊന്നുകാരിയുണ്ടായിരുന്നു. വിജയത്തോടെ നാട്ടിലെത്തിയ മാളവികയ്‌ക്ക് ഗംഭീര സ്വീകരണം ലഭിച്ചു. അതിനിടെ കളി അനുഭവങ്ങൾ പങ്കുവെയ്ക്കുന്നു...
മറക്കാനാവാത്ത അനുഭവം
ഇന്ത്യൻ ടീമിൽ കളിക്കാൻ സാധിച്ചത് വളരെ സന്തോഷം നൽകുന്നു. 26 വർഷത്തിനുശേഷമാണ് ഇന്ത്യൻ സീനിയർ വനിതാ ഫുട്‌ബോൾ ടീമിൽ ഒരു മലയാളിയെത്തിയതെന്ന അറിവ് നൽകിയ അഭിമാനം ചെറുതല്ല. ഇന്ത്യൻ കുപ്പായത്തിൽ കളത്തിൽ ഇറങ്ങുംമുമ്പ് ചെറിയ പേടിയുണ്ടായിരുന്നു. കോച്ചും സീനിയർ കളിക്കാരും നൽകിയ ധൈര്യവും പിന്തുണയും വളരെ വലുതാണ്. യോഗ്യതാ റൗണ്ടിൽ മൂന്ന് കളിയിൽ അവസരം കിട്ടി. ഒരു ഗോൾ അടിക്കാനായി. മുന്നോട്ടുള്ള കളികൾക്ക് ഈ അനുഭവം ഉപകരിക്കും.
നല്ല ഒരുക്കം
ഏഷ്യൻ കപ്പിന് യോഗ്യത കിട്ടാൻ നന്നായി ഒരുങ്ങിയത് ഗുണം ചെയ്‌തു. ഒന്നര മാസം ക്യാമ്പിൽ നന്നായി പരിശീലനം നടത്തി. മെയ് മാസത്തിലാണ് ക്യാമ്പ് തുടങ്ങിയത്. കഠിനാധ്വാനവും പരിശ്രമവുമുണ്ടെങ്കിൽ എല്ലാം നേടിയെടുക്കാമെന്ന് മനസ്സിലായി. അഞ്ചോളം ക്ലബ്ബുകളിൽ കളിച്ച അനുഭവം നേട്ടമായി. മധുര സേതു എഫ് സിക്കായി തുടർച്ചയായി മൂന്ന് വർഷമായി കളിക്കുന്നു. മുമ്പ് കേരള ബ്ലാസ്റ്റേഴ്സ്, റെയിൻബോ കൊൽക്കത്ത, ബ്രേവ്സ് ബംഗളൂരു, മിസാക്ക യുണൈറ്റഡ് ബംഗളൂരു എന്നീ ക്ലബ്ബുകൾക്ക് കളിച്ചിട്ടുണ്ട്. ഇന്ത്യൻ വനിതാ ലീഗിൽ കളിക്കുന്നതിനിടയിലാണ് ഇന്ത്യൻ ടീമിലേക്ക് അവസരം ലഭിച്ചത്.
ശ്രമിച്ചാൽ സാധ്യം
ഒരു ലക്ഷ്യത്തിനായി കഠിനാധ്വാനം ചെയ്‌താൽ അത് സാധ്യമാകും. ഇപ്പോൾ വനിതാ ഫുട്ബോളിന് പ്രാധാന്യം കിട്ടുന്നുണ്ട്. നന്നായി കളിക്കുന്ന പെൺകുട്ടികൾക്ക് ധാരാളം അവസരമുണ്ട്. അതിനാൽ ഒരുമടിയുംകൂടാതെ കളിക്കാനിറങ്ങണം. വളർന്നു വരുന്ന കായിക താരങ്ങളോട് പറയാനുള്ളത് പ്രതിസന്ധികളെ മറികടന്ന് ആത്മാർത്ഥയോടെ ശ്രമിച്ചാൽ എല്ലാം നേടാനാവുമെന്നാണ്.
തൃശൂർ കാർമൽ കോളേജിൽ രണ്ടാം വർഷ ബികോം ബിരുദ വിദ്യാർത്ഥിനിയാണ് മാളവിക. ബങ്കളത്തെ പരേതനായ എം പ്രസാദിന്റെയും മീനയുടെയും മകളാണ്. സഹോദരൻ സിദ്ധാർത്ഥ പ്രസാദ് ലണ്ടനിൽ എംബിഎ വിദ്യാർത്ഥിയാണ്.









0 comments