വൈക്കിംഗ് ഫോട്ടോഷൂട്ട്: നോർവേ ഫുട്ബോൾ ടീമിനെതിരെ രൂക്ഷവിമർശനം

നോർവേ ടീമിന്റെ ഫോട്ടോഷൂട്ട് | Photo Credit: Social Media
ഓസ്‌ലോ: ലോകകപ്പിന് മുന്നോടിയായി നോർവേ ദേശീയ ഫുട്ബോൾ ടീം നടത്തിയ വൈക്കിംഗ് ശൈലിയിലുള്ള ഫോട്ടോഷൂട്ട് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
എർലിങ് ഹാലൻഡ്, മാർട്ടിൻ ഒഡെഗാർഡ് തുടങ്ങിയ പ്രമുഖ താരങ്ങൾ കയ്യിൽ വാളും പരിചയുമേന്തി വൈക്കിംഗ് കപ്പുകൾക്ക് മുന്നിൽ പോസ് ചെയ്യുന്ന ചിത്രങ്ങളാണ് വിമർശനങ്ങൾക്ക് കാരണമായത്.
ഈ ഫോട്ടോഷൂട്ട് "പുരുഷാധിപത്യപരമായതും" "നിയോ-നാസി" ചിന്താഗതികളെ ഓർമ്മിപ്പിക്കുന്നതുമാണെന്നാണ് നോർവീജിയൻ പത്രപ്രവർത്തകൻ മാർക്കസ് സ്ലെത്തോം അഭിപ്രായപ്പെട്ടത്.
വൈക്കിംഗ് കാലഘട്ടത്തിലെ അക്രമവാസനകളും കൊള്ളയടിക്കലുകളും ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു വിമർശനം ഉയർന്നത്. കൂടാതെ, നോർവേയുടെ പുതിയ വേൾഡ് കപ്പ് ജേഴ്സികൾക്കെതിരെയും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.
ജേഴ്സിയുടെ പുറകിലുള്ള റൂൺ അക്ഷരങ്ങൾ നിയോ-നാസി, ഫാസിസ്റ്റ് ചിഹ്നങ്ങളോട് സാമ്യമുള്ളതാണെന്ന് ഗവേഷകയായ ജെയ്ൻ ഹോഗ് സ്കോൾഡ്ലി ആരോപിച്ചു.
എങ്കിലും, ഇത്തരമൊരു ഫോട്ടോഷൂട്ട് ഒരു തമാശയായിട്ടാണ് കണ്ടതെന്നും, വൈക്കിംഗ് കാലഘട്ടത്തിലെ യാത്രയുടെ അനുഭൂതി പകരാനാണ് ശ്രമിച്ചതെന്നും ഫോട്ടോഗ്രാഫർ ഡേവിഡ് യാരോ വ്യക്തമാക്കി.
വിവാദങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, ഇതൊന്നും അർഹിക്കുന്ന വിഷയങ്ങളല്ലെന്നും അതിനായി സമയം കളയാൻ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു നോർവേ പരിശീലകൻ സ്റ്റേൽ സോൾബാക്കന്റെ മറുപടി. വിവാദങ്ങൾക്കിടയിലും, ലോകകപ്പിനായി കാത്തിരിക്കുന്ന ആരാധകർക്കിടയിൽ ഈ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.









0 comments