ad
Deshabhimani

കോക്രോച്ചസ് പ്രതിഷേധത്തിന് അവസാന നിമിഷം പൊലീസ് അനുമതി; ജന്തർ മന്ദറിലേക്ക് ജനപ്രവാഹം

Cockroach Janta Party protest

സിജെപി മുഖ്യവക്താവ് ,പത്രപ്രവർത്തകനായ സൗരവ് ദാസ് നെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നു- ഫോട്ടോ പി വി സുജിത്

വെബ് ഡെസ്ക്

Published on Jun 06, 2026, 10:16 AM | 2 min read

ന്യൂഡൽഹി: നീറ്റ്, സി ബി എസ്ഇ പരീക്ഷാ ക്രമക്കേടുകൾ ഉൾപ്പെടെ കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചകളിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി (CJP) ഡൽഹിയിൽ നടത്താനിരുന്ന പരസ്യ പ്രതിഷേധത്തിന് ഡൽഹി പൊലീസ് ഔദ്യോഗികമായി അനുമതി നൽകി. നാടകീയ നീക്കങ്ങൾക്കൊടുവിൽ ജന്തർ മന്ദറിൽ സമാധാനപരമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് പോലീസിന്റെ അനുമതിപത്രം ലഭിച്ചത്. ഇതോടെ പ്രതിഷേധ സ്ഥലത്തേക്ക് അണികൾ നേരിട്ട് എത്തി. പരീക്ഷാ വീഴ്ചകളിൽ പ്രധാന ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജിയാണ് പ്രതിഷേധകര്‍ മുഖ്യമായി ഉന്നയിക്കുന്നത്.


വിമാനത്താവളത്തിലെ ചർച്ചയും

അനുമതിയും


ഇന്ന് രാവിലെ യുഎസിൽ നിന്നും ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയുമായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങിയ അദ്ദേഹത്തിന്, സമാധാനപരമായി പ്രതിഷേധം നടത്തുമെന്ന ഉറപ്പിന്മേലാണ് പോലീസ് അനുമതി നൽകിയത്.


നേരത്തെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി അനുമതി വാങ്ങാനായിരുന്നു പാർട്ടി തീരുമാനിച്ചിരുന്നതെങ്കിലും, പോലീസ് അനുമതി മുൻകൂട്ടി ലഭ്യമാക്കിയതോടെ പ്രവർത്തകർ നേരിട്ട് ജന്തർ മന്ദറിലേക്ക് എത്തണമെന്ന് പാർട്ടി വക്താവ് സൗരവ് ദാസ് എക്സിലൂടെ അറിയിച്ചു.

cockroaches സിജെപി മുഖ്യവക്താവ്,പത്രപ്രവർത്തകനായ സൗരവ് ദാസിനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നു ഫോട്ടോ- പി വി സുജിത്

പുസ്തകവും ത്രിവർണ പതാകയുമായി സമരത്തിനെത്തണമെന്ന് ദീപ്‌കെ ട്വീറ്റ് ചെയ്തു. കരുണയുടേയും കൃതജ്ഞതയുടേയും അടയാളമായി പോലീസുകാർക്ക് പൂക്കൾ സമർപ്പിക്കണം. എസ്എഫ്ഐ, ഐസ ഉൾപ്പെടെയുള്ള സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.


ജന്തർ മന്ദറിൽ കനത്ത സുരക്ഷ


അനുമതി ലഭിച്ച പശ്ചാത്തലത്തിൽ ജന്തർ മന്ദറിലേക്ക് വിദ്യാർത്ഥികളും യുവാക്കളും എത്തിത്തുടങ്ങി. വലിയ ജനക്കൂട്ടത്തെ പ്രതീക്ഷിക്കുന്നതിനാൽ പോലീസ് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിമാനത്താവളത്തിലും നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലും കനത്ത പോലീസ് കാവലുണ്ട്. കൂടാതെ, പ്രതിഷേധക്കാരുടെ പ്രധാന ലക്ഷ്യമായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെയും മറ്റ് വിഐപികളുടെയും വസതികൾക്ക് മുന്നിൽ പോലീസ് വിന്യാസം ശക്തമാക്കിയിട്ടുണ്ട്.



"നമ്മുടെ പ്രതിഷേധം പൂർണ്ണമായും ഭരണഘടനാപരവും സമാധാനപരവുമായിരിക്കും. പ്രതിഷേധിക്കാൻ എത്തുന്നവർ കൈകളിൽ ഒരു പുസ്തകവും ദേശീയ പതാകയും കരുതുക" - ഡൽഹിയിൽ എത്തിയ ശേഷം അഭിജീത് ദിപ്കെ പ്രതികരിച്ചു.


പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ജനരോഷം


കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ടാണ് 'കോക്രോച്ചസ്' എന്ന് സ്വയം വിശേഷിപ്പിക്കുന്ന യുവാക്കൾ തെരുവിലിറങ്ങിയിരിക്കുന്നത്. നീറ്റ്, സി.ബി.എസ്.ഇ പരീക്ഷകളിലെ അപാകതകൾ മൂലം ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി ആശങ്കയിലാണ്.





പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക്, നടൻ പ്രകാശ് രാജ് എന്നിവരും വിവിധ വിദ്യാർത്ഥി-യുവജന സംഘടനകളും സിജെപിയുടെ ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വെറുമൊരു സോഷ്യൽ മീഡിയ പാരഡി പേജായി തുടങ്ങി ആഴ്ചകൾക്കുള്ളിൽ ദശലക്ഷക്കണക്കിന് ഫോളോവേഴ്സിനെ നേടിയ സിജെപിയുടെ തെരുവിലെ ആദ്യ ശക്തിപ്രകടനമാകും ഇന്നത്തെ ജന്തർ മന്ദർ പ്രതിഷേധം.


cockroaches കോക്രോച്ചസ് ജനത പാർട്ടിയുടെ പ്രതിഷേധം തടയാൻ ജന്തർ മന്ദറിൽ ബാരിക്കേഡ് നിരത്തിയപ്പോൾ - ഫോട്ടോ പി വി സുജിത്ത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home