ഡൽഹിയിൽ കോക്രോച്ചസ് പ്രക്ഷോഭം ഇരമ്പുന്നു; ജന്തർ മന്ദർ ജനസാഗരം

ന്യൂഡൽഹി: നീറ്റ്-യുജി പരീക്ഷാ ചോർച്ചയിലും സിബിഎസ്ഇ ക്രമക്കേടുകളിലും പ്രതിഷേധിച്ച് കേന്ദ്ര ഭരണകൂടത്തിനെതിരെ രാജ്യതലസ്ഥാനത്ത് ജനരോഷം ഇരമ്പുന്നു. പരീക്ഷാ അട്ടിമറിയുടെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അടിയന്തരമായി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്ദറിൽ വിദ്യാർത്ഥികളും യുവജനങ്ങളും അണിനിരന്നതോടെ പ്രക്ഷോഭം ജനസാഗരം. രാജ്യവ്യാപകമായി രൂപംകൊണ്ട 'കോക്രോച്ച് ജനതാ പാർട്ടി' എന്ന യുവജന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മോദി സർക്കാരിന്റെ വിദ്യാഭ്യാസ വിരുദ്ധ നയങ്ങൾക്കെതിരെ കോട്ടയൊഴുക്കുന്ന പ്രതിരോധം നടക്കുന്നത്. ജന്തർ മന്ദറിലേക്ക് വിദ്യാർത്ഥി പ്രവാഹം ശക്തമായതോടെ പ്രദേശം കനത്ത പൊലീസ് സുരക്ഷാവലയത്തിലാണ്. പ്രതിഷേധക്കാരെ തടയാൻ വൻതോതിൽ ബാരിക്കേഡുകളും വൻ സുരക്ഷാ സേനയെയും വിന്യസിച്ചിട്ടുണ്ട്.
ക്രോക്രോച് ജനത പാർട്ടിയുടെ പ്രതിഷേധം തടയാൻ ജന്തർ മന്ദറിൽ ബാരിക്കേഡ് നിരത്തിയപ്പോൾ ഫോട്ടോ പി വി സുജിത്
പ്രതിഷേധത്തിന് നേരിട്ട് നേതൃത്വം നൽകാനായി അമേരിക്കയിലെ ബോസ്റ്റണിൽ നിന്നും ശനിയാഴ്ച രാവിലെ എട്ടുമണിയോടെ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങി. തുടർന്ന് പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉൾപ്പെടെയുള്ളവർക്കൊപ്പം പാർലമെന്റ് സ്രീറ്റ് പോലീസ് സ്റ്റേഷനിലെത്തി ജന്തർ മന്ദറിലെ സമാധാനപരമായ പ്രതിഷേധത്തിനുള്ള ഔദ്യോഗിക അനുമതി അദ്ദേഹം വാങ്ങി. തുടർന്ന് സമരപ്പന്തലിലെത്തിയ ദിപ്കെയെ ആവേശത്തോടെയാണ് പതിനായിരക്കണക്കിന് വരുന്ന യുവജനങ്ങൾ വരവേറ്റത്.
വിമാനത്താവളത്തിലെത്തിയ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ Image Credit: reuters
"എന്റെ വിധി ഞാൻ രാജ്യത്തിന്റെ ഭരണഘടനയ്ക്ക് സമർപ്പിക്കുന്നു" എന്ന പ്രഖ്യാപനത്തോടെയാണ് അഭിജീത് ദിപ്കെ സമരമുഖത്തേക്ക് എത്തിയത്. തുടർന്ന് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ച അദ്ദേഹം, ലക്ഷക്കണക്കിന് സാധാരണക്കാരായ വിദ്യാർത്ഥികളുടെ ഭാവി വെച്ചാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കളിക്കുന്നതെന്നും, മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കും വരെ സമരം ഒത്തുതീർപ്പാക്കില്ലെന്നും പ്രഖ്യാപിച്ചു. കക്ഷിരാഷ്ട്രീയ ഭേദമന്യേ രാജ്യത്തെ എല്ലാ വിദ്യാർത്ഥികളും തങ്ങളുടെ അവകാശങ്ങൾക്കായി ഈ സമരത്തിൽ പങ്കുചേരണമെന്ന് സി.ജെ.പി മുഖ്യവക്താവ് സൗരവ് ദാസും ആഹ്വാനം ചെയ്തു.
ക്രോക്രോച് ജനത പാർട്ടിയുടെ പ്രതിഷേധം തടയാൻ പാർലമെൻ്റ് സ്ട്രീറ്റ് പൊലീസ്3 സ്റ്റേഷൻ ബാരിക്കേഡ് സ്ഥാപിക്കുന്നു ഫോട്ടോ പി വി സുജിത്
സമാധാനപരമായ പ്രതിരോധം; ഒരുകൈയിൽ പൂക്കളും മറുകൈയിൽ ഭരണഘടനയും
ഭീഷണിയുടെ സ്വരങ്ങളില്ലാതെയും അക്രമത്തിന്റെ പാത സ്വീകരിക്കാതെയും അതീവ അച്ചടക്കത്തോടെയാണ് ജന്തർ മന്ദറിൽ വിദ്യാർത്ഥികൾ അണിനിരന്നിരിക്കുന്നത്. പാറ്റയുടെ മുഖംമൂടി ധരിച്ചും ഒരുകൈയിൽ പൂക്കളും മറുകൈയിൽ ഇന്ത്യൻ ഭരണഘടനയുമേന്തിയാണ് രാജ്യതലസ്ഥാനത്ത് ഓരോരുത്തരും എത്തിയത്. തങ്ങളെ തടയാൻ നിൽക്കുന്ന പൊലീസുകാർക്ക് നേരെ പൂക്കൾ നീട്ടിയും, തങ്ങളുടെ അവകാശങ്ങൾ ഉറക്കെ വിളിച്ചുപറഞ്ഞുമാണ് യുവജനങ്ങൾ പ്രതിഷേധിക്കുന്നത്. രാജ്യത്തെ കോടിക്കണക്കിന് വരുന്ന സാധാരണക്കാരായ വിദ്യാർത്ഥികളുടെ ഭാവി തുലയ്ക്കുന്നതാണ് കേന്ദ്ര ഭരണകൂടത്തിന്റെ നിലപാടുകളെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. "നിങ്ങൾ ഞങ്ങളോട് ആവശ്യപ്പെട്ടത് 'മേയ്ക്ക് ഇൻ ഇന്ത്യ' ആണ്, എന്നാൽ രാജ്യത്തെ വിദ്യാർത്ഥികൾക്ക് പകരം നൽകിയത് 'ലീക്ക് ഇൻ ഇന്ത്യ' ആണ്" എന്ന മുദ്രാവാക്യമുയർത്തിയാണ് വിദ്യാർത്ഥികൾ പാർലമെന്റ് തെരുവിലേക്ക് മാർച്ച് ചെയ്തത്.
പാറ്റയുടെ മുഖംമൂടിയണിഞ്ഞ് പ്രതിഷേധത്തിന് പങ്കെടുക്കുന്നവര്‍ Image Credit : NDTV
സമരരംഗത്തുള്ള വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കും സമരപ്പന്തലിൽ സജീവമാണ്. ജനാധിപത്യപരമായ ഈ സമരത്തെ അടിച്ചമർത്താനോ, വിദ്യാർത്ഥി നേതാവ് അഭിജീത് ദിപ്കെയെ അറസ്റ്റ് ചെയ്ത് നീക്കാനോ പോലീസ് ശ്രമിച്ചാൽ ലഡാക്കിൽ ആറാഴ്ച നീണ്ടുനിൽക്കുന്ന ശക്തമായ നിരാഹാര സമരം ആരംഭിക്കുമെന്ന് അദ്ദേഹം കേന്ദ്ര ഭരണകൂടത്തിന് കടുത്ത മുന്നറിയിപ്പ് നൽകി. ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഒപ്പിട്ട ഓൺലൈൻ നിവേദനവും വിദ്യാഭ്യാസ മന്ത്രിക്കെതിരെ ഇതിനകം തയ്യാറാക്കിയിട്ടുണ്ട്.
സിജെപി മുഖ്യവക്താവ് ,പത്രപ്രവർത്തകനായ സൗരവ് ദാസ് നേ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നു ഫോട്ടോ പി വി സുജിത്
സുപ്രീം കോടതിയിലെ ഒരു വാദത്തിനിടെ സാധാരണക്കാരായ ചില വ്യക്തികളെ 'പാറ്റകൾ' എന്ന് ആക്ഷേപിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ രൂപംകൊണ്ട ജനകീയജന്തർ മന്ദർ പ്രതിരോധമാണ് 'കോക്രോച്ച് ജനതാ പാർട്ടി'. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇൻസ്റ്റാഗ്രാമിൽ മാത്രം രണ്ട് കോടിയിലധികം ഫോളോവേഴ്‌സിനെ നേടിയ ഈ ഡിജിറ്റൽ കൂട്ടായ്മ, ഇപ്പോൾ മോദി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള ശക്തമായ യുവജന മുന്നേറ്റമായി തെരുവുകളിൽ ആളിപ്പടരുകയാണ്. പരീക്ഷാ തട്ടിപ്പിലൂടെ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾ തകർത്ത കേന്ദ്ര നടപടിക്കെതിരെ വരും ദിവസങ്ങളിൽ സമരം രാജ്യവ്യാപകമായി കൂടുതൽ ശക്തമാക്കാനാണ് വിദ്യാർത്ഥി കൂട്ടായ്മയുടെ തീരുമാനം.










0 comments