print edition ബയേണിന്റെ ഗോളടിമേളം

മ്യൂണിക്: ജർമനിയിൽ ബയേൺ മ്യൂണിക്കിന് എതിരാളിയില്ല. ഗോളടിച്ചുകൂട്ടി 35–ാം തവണയും ജർമൻ ലീഗ് ഫുട്‌ബോൾ ചാമ്പ്യൻമാരായി. 14 വർഷത്തിനിടെ 13–ാം ട്രോഫി. 2024ൽ ബയേർ ലെവർകൂസനോട് മാത്രമാണ് ഇതിനിടയിൽ അടിയറവ് പറഞ്ഞത്. 1932ലായിരുന്നു ആദ്യനേട്ടം. ജർമനിയിലെയും യൂറോപ്പിലെയും എക്കാലത്തെയും മികച്ച ഫുട്‌ബോൾ ക്ലബ്ബെന്ന ഖ്യാതിയിലേക്കാണ് യാത്ര.
നാല് മത്സരം ശേഷിക്കെയാണ് ചാമ്പ്യൻ ടീമായത്. 30 കളിയിൽ 79 പോയിന്റാണ്. 25ലും ജയിച്ചു. നാല് സമനില. തോൽവി ഒന്നുമാത്രം. അടിച്ചുകൂട്ടിയത് 109 ഗോളാണ്. ലീഗിലെ എക്കാലത്തെയും മികച്ച റെക്കോഡാണിത്. 1972ൽ ബയേണിന്റെ പേരിൽ തന്നെയാണ് മുൻ റെക്കോഡ്. ഇതിഹാസ താരങ്ങളായ ഫ്രാൻസ് ബെക്കൻബോവറും യെർദ് മുള്ളറും ഉൾപ്പെട്ട ടീം അന്ന് 101 ഗോളടിച്ചു.
ബൽജിയം മുൻ ക്യാപ്‌റ്റൻ വിൻസെന്റ് കൊമ്പനിക്ക് കീഴിലാണ് ബയേണിന്റെ അൽഭുത കുതിപ്പ്. നാൽപ്പതുകാരന്റെ തുടർച്ചയായ രണ്ടാം ലീഗ് കിരീടമാണ്. ഇത്തവണ ലക്ഷ്യം ഹാട്രിക് ട്രോഫികളിലാണ്. ജർമൻ കപ്പിലും ചാമ്പ്യൻസ് ലീഗിലും സെമിയിലുണ്ട്. 2013ലും 2020ലും ഇൗ നേട്ടമുണ്ട്. ഇതാവർത്തിക്കാനാണ് ശ്രമം. കരുത്തരായ ആർബി ലെയ്‌പ്‌സിഗിനെ ആറ് ഗോളിന് തരിപ്പണമാക്കിയാണ് ബയേൺ ലീഗിൽ അരങ്ങേറിയത്. പിന്നീട് ഗോളടിമേളമായിരുന്നു. ഇതുവരെ 29 ഗോൾ മാത്രമാണ് വഴങ്ങിയത്.
ഇംഗ്ലീഷ് താരം ഹാരി കെയ്‌നാണ് ഗോളടിയിലെ തുരുപ്പുചീട്ട്. സീസണിൽ ആകെ 51 ഗോളായി മുന്നേറ്റക്കാരന്. ലീഗിൽ മാത്രം 27 കളിയിൽ 32 ഗോൾ. യൂറോപ്പിൽ മറ്റാരും ഇൗ സീസണിൽ അമ്പത് ഗോളിലെത്തിയിട്ടില്ല. ലൂയിസ് ഡയസ് പതിനഞ്ചും മൈക്കേൽ ഒലീസെ പന്ത്രണ്ട് തവണയും ലക്ഷ്യം കണ്ടു. കെയ്‌ൻ–ഡയസ്–ഒലീസെ ത്രയം 59 ഗോളടിച്ചു. പരിചയസമ്പന്നരെയും യുവനിരയെയും സമന്വയിപ്പിച്ച ആക്രമണശൈലിയിലാണ് കൊമ്പനി ടീമിനെ ഒരുക്കിയത്. പതിനെട്ടുകാരൻ ലെന്നാർട്ട് കാൾ പരിശീലകന്റെ കണ്ടെത്തലാണ്.
‘ഇത് തുടക്കം മാത്രമാണ്. ആഘോഷിക്കാനായിട്ടില്ല. രണ്ട് ടൂർണമെന്റുകൾ കൂടി ബാക്കിയുണ്ട്.’–കൊമ്പനി പറഞ്ഞു. ജർമൻ കപ്പിൽ നാളെ ലെവർകൂസനുമായാണ് അടുത്ത പോരാട്ടം. ചാമ്പ്യൻസ് ലീഗിൽ 28ന് പിഎസ്‌ജിയെ നേരിടും.










0 comments