print edition ഏഴാം നമ്പരിൽ മറ്റാരുമില്ല, റൊണാൾഡോ മാത്രം

Photo by PATRICIA DE MELO MOREIRA / AFP
ഹാട്രിക് ലോകകപ്പിനെത്തുകയാണ് റോബർട്ടോ മാർട്ടിനെസ്. കഴിഞ്ഞ രണ്ടുവട്ടവും ബൽജിയത്തിന്റെ സുവർണനിരയ്‌ക്കൊപ്പമായിരുന്നെങ്കിൽ ഇത്തവണ അതിലും വലിയ ഉത്തരവാദിത്തവുമായാണ് വരവ്. ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കും പോർച്ചുഗലിനും കന്നി കിരീടം നൽകുക എന്ന ഭാരിച്ച ചുമതല ഇൗ പരിശീലകനാണ്. 2023 മുതൽ പറങ്കിപ്പടയുടെ ചാണക്യനാണ് സ്‌പാനിഷുകാരൻ. ലോകകപ്പ് സാധ്യതകളെ കുറിച്ചും റൊണാൾഡോയെ പറ്റിയും അമ്പത്തിരണ്ടുകാരൻ മനസ്സുത്തുറക്കുന്നു.
തുടർച്ചയായ മൂന്നാമത്തെ ലോകകപ്പാണിത്. എന്നാൽ കഴിഞ്ഞ രണ്ട് പതിപ്പിൽനിന്നും വ്യത്യസ്‌തവും. പുതിയ ടീമും പുതിയ രീതികളും. ഇതേപ്പറ്റി?
–48 ടീമുകൾ പങ്കെടുക്കുന്ന ആദ്യ ലോകകപ്പാണിത്. അതിനാൽ തന്നെ ഇത് പുതുമയുള്ള, അജ്ഞാതമായ ഒരു പതിപ്പാണ്. ഒരു മാസത്തിലധികം നീളുന്ന ടൂർണമെന്റിൽ മായാജാല പ്രകടനങ്ങൾ പ്രതീക്ഷിക്കരുത്. ചോരാത്ത ആത്മവീര്യവും ഏത് സാഹചര്യത്തിലും ഒരുമയോടെ പന്തുതട്ടുകയും ചെയ്യുന്ന ടീം വിജയിക്കും. അതിനായാണ് പോർച്ചുഗലിനെ പ്രാപ്‌തരാക്കുന്നത്. റൊണാൾഡോ ഉൾപ്പെട്ട താരങ്ങളോട് എങ്ങനെ കളിക്കണമെന്ന് ഞാൻ പറയേണ്ടതില്ലല്ലോ. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളാണ് മുന്നിലുള്ളത്. അതിനായി തയ്യാറെടുക്കുകയാണ്. മൂന്ന് വർഷത്തോളമായി ടീമിന്റെ കൂടെയുണ്ട്. അതിനാൽ പുതുമ അനുഭവപ്പെടുന്നില്ല.
41 വയസ്സുള്ള റൊണാൾഡോ മുതൽ 21കാരനായ ജോയോ നെവെസ് വരെ ടീമിലുണ്ട്. ടീം തെരഞ്ഞെടുപ്പ് എന്ത് മാനദണ്ഡത്തിലാണ്?
–പ്രകടനം അടിസ്ഥാനപ്പെടുത്തിയാണ് ടീമിനെ തെരഞ്ഞെടുത്തത്. ക്രിസ്റ്റ്യാനോ റൊണാൾഡോ 41–ാം വയസ്സിലും പ്രധാന താരമായിരിക്കുന്നത് അദ്ദേഹത്തിന്റെ കഴിവ് കൊണ്ടാണ്. മുൻകാലങ്ങളിൽ നടത്തിയ പ്രകടനത്തെയോ നേട്ടത്തെയോ അടിസ്ഥാനപ്പെടുത്തിയില്ല. പ്രായം വെറും നമ്പറാണെന്ന് അയാൾ തെളിയിച്ചു കഴിഞ്ഞു. പരിശീലനത്തിലും ഡ്രസ്സിങ് റൂമിലും റൊണാൾഡോയുടെ സ്വാധീനം ചെറുതല്ല. ഇൗ മികവ് തുടരുന്നിടത്തോളം ഏഴാം നമ്പറിൽ മറ്റാരുമുണ്ടാകില്ല.
റൊണാൾഡോയെ കുറിച്ച്?
എല്ലാവരും ക്രിസ്റ്റ്യാനോയുടെ ആരോഗ്യത്തെ കുറിച്ചാണ് പറയുന്നത്. എന്നാൽ പരിശീലകനെന്ന നിലയിൽ എനിക്ക് തോന്നിയ കാര്യം അയാളുടെ മികവിനെ നിലനിർത്തുന്നത് ആ തലച്ചോറാണ്. കളത്തിൽ ഇത്രയും വിവേകത്തോടെ ശരിയായി കാര്യങ്ങൾ മനസ്സിലാക്കി സെക്കൻഡുകൾക്കുള്ളിൽ പ്രവർത്തിക്കുന്ന മറ്റൊരു താരത്തെ കണ്ടിട്ടില്ല. ഇൗ പ്രായത്തിലും അത് യൗവനത്തോടെ നിലനിൽക്കുന്നു. ടീമിന്റെ ശൈലിക്കനുസരിച്ച് മികവാർന്ന് കളിക്കുന്നതിനാലാണ് ഇപ്പോഴും അനായാസം ഗോളടിക്കാനാകുന്നത്.
കഴിഞ്ഞ തവണ പകരക്കാരുടെ നിരയിലായിരുന്നു റൊണാൾഡോ അവസാന മത്സരങ്ങളിൽ. ഇത്തവണ എന്താകും സ്ഥാനം?
ടീമിൽ വ്യത്യസ്‌ത വേഷങ്ങളുണ്ടാകും. അത് എന്തായാലും ഇരുകൈയും നീട്ടി സ്വീകരിക്കുന്നയാളാണ് ക്രിസ്റ്റ്യാനോ. ഇപ്പോൾ അഞ്ച് പകരക്കാരെ നമുക്കിറക്കാം. യഥാർഥത്തിൽ ഫുട്‌ബോൾ മത്സരങ്ങളിൽ തുടക്കം ഒരു ടീമും അവസാനം മറ്റൊരു ടീമുമാണ്. ഇൗ ഘട്ടങ്ങളിൽ കളിക്കാരുടെ ശേഷിക്കനുസരിച്ച് അവരെ ഉപയോഗിക്കും. ക്രിസ്റ്റ്യാനോ എന്റെ കീഴിലിറങ്ങിയ 30 മത്സരങ്ങളിൽ 25 ഗോളടിച്ച താരമാണ്. അയാളെ അതിനുതകുന്ന രീതിയിൽ കളിപ്പിക്കുന്നത് തുടരും.










0 comments