വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ; ബെയ്റൂട്ടിൽ വീണ്ടും വ്യോമാക്രമണം, രണ്ട് മരണം

ഇസ്രയേൽ ബെയ്റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ നിന്ന് |Photo:Reuters
ബെയ്റൂട്ട് : അമേരിക്കയുടെ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ ലംഘിച്ച് ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ മേഖലയിൽ ഇസ്രയേൽ ശക്തമായ വ്യോമാക്രമണം നടത്തി. ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയുടെ ശക്തമായ കേന്ദ്രമായ ദാഹിയയിലെ രണ്ട് പാർപ്പിട സമുച്ചയങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും സ്ത്രീകളും കുട്ടികളും അടക്കം ഇരുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരിൽ നാല് സ്ത്രീകളും നാല് കുട്ടികളും ഉൾപ്പെടുന്നു.
ഇസ്രയേൽ അതിർത്തിയിലേക്ക് ഹിസ്ബുള്ള റോക്കറ്റുകൾ പ്രയോഗിച്ചതിന് മറുപടിയായാണ് ദാഹിയയിലെ ഭീകരവാദ ആസ്ഥാനങ്ങൾക്ക് നേരെ ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കി. ലെബനനിൽ നിന്ന് ഇസ്രയേൽ അതിർത്തി കടന്നെത്തിയ രണ്ട് മിസൈലുകൾ പ്രതിരോധിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു. വരും ദിവസങ്ങളിലും കൂടുതൽ ആക്രമണങ്ങൾ ഉണ്ടായേക്കുമെന്ന സൂചനയും ഇസ്രയേൽ സൈനിക വക്താവ് നൽകിയിട്ടുണ്ട്.
അതേസമയം, ദക്ഷിണ ലെബനനിലെ ഗ്രാമങ്ങളിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾക്കും വെടിനിർത്തൽ ലംഘനങ്ങൾക്കും എതിരെ യീഫ്താ ബാരക്കുകളിലെ ഇസ്രയേൽ പീരങ്കിപ്പടയ്ക്ക് നേരെയും അൽ-മർജ് കുളത്തിന് സമീപമുള്ള സൈനികർക്ക് നേരെയും റോക്കറ്റ് ആക്രമണം നടത്തിയതായി ഹിസ്ബുള്ള വ്യക്തമാക്കി. തങ്ങളെ നിരായുധരാക്കാൻ നോക്കുന്നത് ശത്രുവിന്റെ ലക്ഷ്യങ്ങൾ നടപ്പിലാക്കലാണെന്നും അതിന് വഴങ്ങില്ലെന്നും ഹിസ്ബുള്ള നേതാവ് നയീം ഖാസിം പറഞ്ഞു. അമേരിക്ക മുൻകൈയെടുത്തുണ്ടാക്കിയ കരാർ ഒരു ചതിക്കുഴിയാണെന്ന് ലെബനൻ പാർലമെന്റ് സ്പീക്കറും ഹിസ്ബുള്ള അനുകൂലിയുമായ നബിഹ് ബെറി കുറ്റപ്പെടുത്തി. ദക്ഷിണ ലെബനനിലെ അധീന പ്രദേശങ്ങളിൽ നിന്ന് ഇസ്രയേൽ സൈന്യത്തെ പിൻവലിക്കുന്നതിനെക്കുറിച്ച് കരാറിൽ പരാമർശമില്ലാത്തതാണ് ഇതിന് കാരണം.
ബെയ്റൂട്ടിന് നേരെയുണ്ടായ ആക്രമണത്തിന് ശക്തമായ മറുപടി നൽകുമെന്ന് ഇറാന്റെ പാർലമെന്ററി സുരക്ഷാ സമിതി വക്താവ് ഇബ്രാഹിം റെസായി മുന്നറിയിപ്പ് നൽകി. മാർച്ച് 2ന് ഇറാന്റെ പരമോന്നത നേതാവിനെ ഇസ്രയേൽ വധിച്ചതിന് പ്രതികാരമായി ഹിസ്ബുള്ള ഇസ്രയേലിലേക്ക് റോക്കറ്റുകൾ പ്രയോഗിച്ചതോടെയാണ് ലെബനനും യുദ്ധത്തിന്റെ ഭാഗമാകേണ്ടി വന്നത്. തുടർന്ന് ലെബനനിലുടനീളം വ്യോമാക്രമണവും ദക്ഷിണ മേഖലയിൽ കരയുദ്ധവും ഇസ്രയേൽ ശക്തമാക്കി. ഏപ്രിൽ 17 മുതൽ വെടിനിർത്തൽ നിലവിലുണ്ടായിരുന്നെങ്കിലും ഇരുപക്ഷവും ഇത് ലംഘിച്ചുകൊണ്ടേയിരുന്നു.
ജൂൺ 3ലെ താൽക്കാലിക വെടിനിർത്തലിന് മുൻപ് ഇസ്രയേൽ ദാഹിയയിൽ വലിയ ആക്രമണ ഭീഷണി ഉയർത്തിയപ്പോൾ വലിയ തോതിൽ ജനങ്ങൾ അവിടെനിന്ന് പലായനം ചെയ്തിരുന്നു. തുടർന്ന് ഡോണാൾഡ് ട്രംപ് നെതന്യാഹുവുമായി സംസാരിക്കുകയും ബെയ്റൂട്ടിലേക്ക് സൈന്യത്തെ അയക്കില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ലെബനനെ ഇറാന്റെ സമാധാന ചർച്ചകളിൽ നിന്ന് വേറിട്ട് കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ട്രംപ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇസ്രയേൽ ബെയ്റൂട്ടിൽ മൂന്നാമതും ആക്രമണം നടത്തിയിരിക്കുന്നത്.









0 comments