ചാമ്പ്യൻസ് ലീഗ് ത്രില്ലർ: പിറന്നത് ഒൻപത് ഗോളുകൾ; ബയേണിനെ വീഴ്ത്തി പിഎസ്ജി

പിഎസ്ജി താരങ്ങള്‍ | Photo Credit: X/@PSG_English
പാരിസ്: ചാമ്പ്യൻസ് ലീഗ് ആദ്യപാദ സെമി ഫൈനലിൽ ആവേശകരമായ പോരാട്ടത്തിൽ ബയേൺ മ്യൂണിക്കിനെതിരെ പിഎസ്ജിക്ക് വിജയം. ഒൻപത് ഗോളുകൾ പിറന്ന മത്സരത്തിൽ . 5-4നാണ് നിലവിലെ ചാമ്പ്യന്മാർ വിജയം കുറിച്ചത്. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന സെമി ഫൈനലായിരുന്നു ഇത്.
മത്സരത്തിന്റെ 17-ാം മിനിറ്റിൽ ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി കെയ്ൻ പെനാൽറ്റിയിലൂടെ ബയേണിനെ മുന്നിലെത്തിച്ചു. സീസണിലെ കെയ്നിന്റെ 54-ാം ഗോളായിരുന്നു ഇത്. എന്നാൽ 58 മിനിറ്റ് പിന്നിടുമ്പോൾ പിഎസ്ജി 5-2 എന്ന നിലയിൽ ലീഡ് നേടിയിരുന്നു. കവിച കവാറസ്‌ഹെലിയയും ഔസ്മാൻ ഡെംബെലെയും രണ്ട് ഗോളുകൾ വീതം നേടിയപ്പോൾ ജോവാവോ നെവെസ് ഹെഡറിലൂടെ പട്ടിക പൂർത്തിയാക്കി.
മൈക്കൽ ഒലീസെയുടെ തകർപ്പൻ ഗോളിലൂടെ ബയേൺ 2-2 എന്ന നിലയിൽ സമനില പിടിച്ചിരുന്നു. എന്നാൽ പിന്നീട് കളി കൈവിട്ടുപോയ ഘട്ടത്തിൽ ദയോട്ട് ഉപമെക്കാനോയും ലൂയിസ് ഡയസും തിരിച്ചടിച്ചതോടെ ബയേണിന് രണ്ടാം പാദത്തിൽ പ്രതീക്ഷ നൽകുന്ന ഫലം (5-4) നേടാനായി. ടൂർണമെന്റിൽ മൂന്ന് മഞ്ഞക്കാർഡുകൾ ലഭിച്ചതിനെ തുടർന്ന് ബയേൺ പരിശീലകൻ വിൻസെന്റ് കൊമ്പനിക്ക് ഗ്രൗണ്ടിലിറങ്ങുന്നതിന് വിലക്കുണ്ടായിരുന്നു.
സെമി ഫൈനലിന്റെ രണ്ടാംപാദ മത്സരം മെയ് ഏഴിന് അലയൻസ് അരീനയിലാണ്.











0 comments