പരിക്കിൽ നിന്ന് മുക്തി നേടി നെയ്മർ തിരിച്ചെത്തുന്നു; സ്കോട്ട്‌ലൻഡിനെതിരെയുള്ള അവസാന ഗ്രൂപ്പ് മത്സരത്തിൽ കളിക്കും

Photo Credit:Social Media
ഫിലാഡൽഫിയ: വലതുകാലിലെ പേശിക്കേറ്റ പരിക്കിൽ നിന്ന് മുക്തി നേടി ബ്രസീൽ സൂപ്പർ താരം നെയ്മർ കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. ലോകകപ്പിലെ ബ്രസീലിന്റെ അവസാന ഗ്രൂപ്പ് മത്സരത്തിൽ താരം കളിക്കുമെന്നാണ് കോച്ച് കാർലോ ആൻസലോട്ടി വ്യക്തമാക്കിയത്.
പരിക്കിനെത്തുടർന്ന് ടൂർണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളും നെയ്മറിന് നഷ്ടമായിരുന്നു. ഹെയ്തിക്കെതിരെ ബ്രസീൽ 3-0 ന് വിജയിച്ച മത്സരത്തിലും നെയ്മർ കളിച്ചിരുന്നില്ല.
ശനിയാഴ്ച താരം വ്യക്തിഗത പരിശീലനം നടത്തുമെന്നും തിങ്കളാഴ്ച ടീമിനൊപ്പം ചേരുമെന്നും ആൻസലോട്ടി പറഞ്ഞു. ഫ്ലോറിഡയിലെ മിയാമി ഗാർഡൻസിൽ ബുധനാഴ്ച സ്കോട്ട്‌ലൻഡിനെതിരെ നടക്കുന്ന ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തിൽ നെയ്മർ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ 129 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 79 ഗോളുകളുമായി ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാണ് 34-കാരനായ നെയ്മർ. പരിക്കുമായി ടീം ക്യാമ്പിലെത്തിയ താരം ഇതുവരെ ടീമിനൊപ്പം പൂർണ്ണമായ പരിശീലന സെഷനുകളിൽ പങ്കെടുത്തിട്ടില്ല. ബ്രസീലിയൻ ക്ലബ്ബ് സാന്റോസിനായി കളിക്കുന്നതിനിടെ മെയ് 17-നാണ് താരത്തിന് പരിക്കേറ്റത്.
2023 ഒക്ടോബറിൽ ഇടതുകാൽമുട്ടിനേറ്റ പരിക്കിന് ശേഷം കളിക്കളത്തിൽ തിരിച്ചെത്തിയ താരം ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുകയായിരുന്നു. ഈ വർഷം സാന്റോസിനായി കളിച്ച എട്ട് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് നെയ്മറിന്റെ സമ്പാദ്യം.









0 comments