കപ്പടിച്ചത് യുവതാരനിര , നേട്ടം നാലാം സീസണിൽ
ചാമ്പ്യൻ ക്ലബ്ബിന്റെ പടയോട്ടം ; മുത്തൂറ്റ് എഫ്എയ്ക്ക് ആദ്യ കെപിഎൽ കിരീടം

അജിൻ ജി രാജ്
Published on May 15, 2025, 12:16 AM | 2 min read
കോഴിക്കോട്
കേരള ഫുട്‌ബോളിൽ ചാമ്പ്യൻ ക്ലബ്ബായി മുത്തൂറ്റ് എഫ്‌എയുടെ പടയോട്ടം. നാലാം സീസണിൽതന്നെ കേരള പ്രീമിയർ ലീഗ് ഫുട്‌ബോൾ ജേതാക്കളായി. ടീം രൂപീകരിച്ച് എട്ടുവർഷം കഴിയുമ്പോൾ യുവ താരങ്ങളാൽ സമ്പന്നമായ മുത്തൂറ്റ്, കേരള ഫുട്‌ബോളിന് നൽകുന്ന കരുത്ത് ചെറുതല്ല. ഭാവി ഭദ്രമാണെന്ന് ഉറപ്പാക്കുന്നതാണ് കെപിഎൽ കിരീടനേട്ടം. 22 വയസ്സാണ് ശരാശരി പ്രായം. റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗിൽ രാജ്യത്ത് മൂന്നാംസ്ഥാനക്കാരായി. കഴിഞ്ഞ സീസണിൽ ഇംഗ്ലണ്ടിൽ നടന്ന നെക്‌സ്റ്റ് ജെൻ കപ്പിൽ പങ്കെടുത്തതോടെയാണ് മുത്തൂറ്റിന്റെ പെരുമ ഉയർന്നത്. ടോട്ടനം ഹോട്‌സ്‌പർ, ആസ്റ്റൺ വില്ല, എവർട്ടൺ, ക്രിസ്റ്റൽ പാലസ് തുടങ്ങിയ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുമായി ഏറ്റുമുട്ടി.
2017ൽ പിറവികൊണ്ട അക്കാദമി ആദ്യം മത്സരങ്ങളിൽനിന്ന് വിട്ടുനിന്നിരുന്നു. പല പ്രായവിഭാഗങ്ങളിൽ മികച്ച താരങ്ങളെ വളർത്തുക എന്ന ലക്ഷ്യവുമായി തുടങ്ങി. കേരള ബ്ലാസ്‌റ്റേഴ്‌സ് മുൻ കോച്ച് ടെറി ഫെലാനായിരുന്നു ആദ്യം ചുമതല. പിന്നീട് മുൻ താരമായിരുന്ന കെ അനീസ് മുഖ്യപരിശീലകനായി. മലപ്പുറം ജില്ലയിലെ മോങ്ങത്താണ് അക്കാദമിയുടെ ആസ്ഥാനം. അത്യാധുനിക സ്‌പോർട്‌സ് കോംപ്ലക്‌സിൽ പരിശീലന ഗ്രൗണ്ട്, ജിം, നീന്തൽക്കുളം, ഹോസ്റ്റലുകൾ തുടങ്ങിയ സൗകര്യങ്ങളെല്ലാമുണ്ട്. നിലവിൽ അണ്ടർ 15, 17, 21 ടീമുകളാണുള്ളത്. അക്കാദമിയുടെ ഭാഗമായിതന്നെയാണ് വിദ്യാഭ്യാസവും. പഠനവും കളിയും ഒന്നിച്ച്. പ്രായവിഭാഗങ്ങളിലായിരുന്നു ആദ്യം ടൂർണമെന്റുകളിൽ പങ്കെടുത്തത്. നാല് വർഷംമുമ്പ് സംസ്ഥാനത്തെ ക്ലബ് ചാമ്പ്യൻഷിപ്പായ കെപിഎല്ലിൽ അരങ്ങേറ്റംകുറിച്ചു. കഴിഞ്ഞ സീസണിൽ സെമിയിൽ എത്തിയതായിരുന്നു മികച്ച പ്രകടനം. നാല് പ്രധാന പരിശീലകരുൾപ്പെടെ കരുത്തുറ്റ നിര പിന്നണിയിലുണ്ട്.
വിവിധ ഐഎസ്‌എൽ ക്ലബ്ബുകളിൽ മുത്തൂറ്റിൽനിന്ന് കളി പഠിച്ച 11 താരങ്ങളുണ്ട്. ഇതിൽ ഈസ്റ്റ് ബംഗാളിന്റെ പി വി വിഷ്‌ണുവാണ് പ്രധാനി. കഴിഞ്ഞ സീസണിലെ സൂപ്പർ ലീഗ് കേരളയിൽ 12 താരങ്ങളെയാണ് മുത്തൂറ്റ് സംഭാവന നൽകിയത്. ഇതിൽ കണ്ണൂർ വാരിയേഴ്‌സിനായി കളിച്ച റിഷാദ് ഗഫൂർ 17–-ാം വയസ്സിൽ കേരളത്തിനായി സന്തോഷ് ട്രോഫിയിൽ അരങ്ങേറി. നിലവിൽ കേരള ബ്ലാസ്‌റ്റേഴ്‌സിലാണ് റിഷാദ്.
ടീം ക്യാപ്‌റ്റനും കെപിഎല്ലിലെ മികച്ച താരവുമായി തെരഞ്ഞെടുക്കപ്പെട്ട അജയ് കൃഷ്ണൻ മലപ്പുറം എഫ്‌സി കുപ്പായമിട്ടു. മുഹമ്മദ് അഷർ, പി നന്ദുകൃഷ്ണ തുടങ്ങിയവരെല്ലാം തകർപ്പൻ കളി പുറത്തെടുത്തു.
ഇനി മുംബൈയിൽ നടക്കാൻ പോകുന്ന പുതിയ സീസണിലെ നെക്‌സ്റ്റ് ജെൻ കപ്പിനായുള്ള തയ്യാറെടുപ്പിലാണ് ടീം. പ്രീമിയർ ലീഗ് ക്ലബ്ബുകളായ നോട്ടിങ് ഹാം ഫോറസ്റ്റ്, ഇപ്‌സ്വിച്ച് ടൗൺ, ബോണിമൗത്ത് തുടങ്ങിയ കരുത്തർക്കൊപ്പം മത്സരിക്കാനുള്ള ഒരുക്കത്തിലാണ് മുത്തൂറ്റിന്റെ യുവനിര.










0 comments