ഗോളിയുടെ പിഴവിൽ ഉറുഗ്വായ് വീണു; എതിരില്ലാത്ത ഒരുഗോളിന് സ്പെയിനിന് ജയം

ഫെർണാണ്ടോ മുസ്‍ലേരയുടെ കയ്യിൽതട്ടി പന്ത് ഗോൾവലയിലേക്ക് കടക്കുന്നു
ഗ്വാഡലഹാര: ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് എച്ചിലെ നിർണായക മത്സരത്തിൽ ഉറുഗ്വായ്ക്കെതിരെ സ്പെയിനിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് സ്പെയിൻ ജയിച്ചത്. യൂറോപ്യൻ ചാമ്പ്യന്മാരുടെ മൂർച്ചയേറിയ ആക്രമണങ്ങളെ ചെറുത്തിട്ടും സ്വന്തം ഗോളിയുടെ പിഴവിലാണ് ഉറുഗ്വായ് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്നത്.
42ാം മിനിറ്റിലാണ് ഉറുഗ്വായ് ഗോൾകീപ്പർ ഫെർണാണ്ടോ മുസ്‌ലേരയുടെ അബദ്ധത്തിൽ സ്പെയിൻ വല ചലിപ്പിച്ചത്. മാർക്കോസ് ലൊറെന്റെ നൽകിയ അസിസ്റ്റിൽനിന്ന് അലക്സ് ബയോന ഉതിർത്ത ഷോട്ട് മുസ്‌ലേരയുടെ കയ്യിൽ തട്ടിയാണ് ഗോൾവലയിലേക്ക് കയറിയത്. ഇതോടെ ആദ്യ പകുതി ഒരു ഗോളിന് സ്പെയിൻ മുന്നിട്ടുനിന്നു. കിട്ടിയ അവസരങ്ങളിൽ ഉറുഗ്വായ് കൗണ്ടർ അറ്റാക്കുകൾ നടത്തിയെങ്കിലും ഗോൾനേടാനായില്ല.
മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയുമായി ഏഴുപോയിന്റുള്ള സ്‌പെയിനാണ് ഗ്രൂപ്പ് ജേതാക്കൾ. രണ്ട് സമനില മാത്രം നേടിയ ഉറഗ്വായ് രണ്ട് പോയന്റോടെ ഗ്രൂപ്പിൽ മൂന്നാമതാണ്.
അതേസമയം ലോകകപ്പിലെ കന്നിക്കാരായ കേപ് വെർദെ, മൂന്ന് മത്സരങ്ങളും സമനില നേടി മൂന്ന് പോയന്റോടെ ഗ്രൂപ്പിൽ രണ്ടാമതായി. റൗണ്ട് ഓഫ് 32 വിൽ അർജന്റീനയാണ് കേപ് വെർദെയുടെ എതിരാളികൾ.










0 comments