അഗ്നിപർവ്വതത്തിന്റെ നെഞ്ചിലെ 'ദൈവങ്ങളുടെ കളിസ്ഥലം'; ഇതാണ് യഥാർത്ഥ മെക്സിക്കൻ ഫുട്ബോൾ വീരഗാഥ

മെക്സിക്കോ സിറ്റിയിലെ സോച്ചിമിൽകോ മേഖലയിലുള്ള സാന്റാ സിസിലിയ തെപെത്ലാപ ഗ്രാമത്തിൽ, വംശനാശം സംഭവിച്ച തേയോക്ക അഗ്നിപർവ്വതത്തിന്റെ ക്രേറ്ററിനുള്ളിൽ ഒരുക്കിയ ഫുട്ബോൾ മൈതാനത്ത് പ്രാദേശിക ലീഗ് മത്സരം നടക്കുന്നു| Photo Credit: AP
മെക്സിക്കോ സിറ്റി: പെലെയും മറഡോണയും തങ്ങളുടെ സാന്നിധ്യം കൊണ്ട് ചരിത്രപ്രസിദ്ധമാക്കിയ ആസ്ടെക്ക സ്റ്റേഡിയം മൂന്നാമതൊരു ലോകകപ്പിന് കൂടി ആതിഥേയത്വം വഹിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കുകയാണ്.
എന്നാൽ, 'ദൈവങ്ങളുടെ കളിസ്ഥലം' എന്നറിയപ്പെടുന്ന മെക്സിക്കോയിലെ ആ വിഖ്യാതമായ ഫുട്ബോൾ മൈതാനം പക്ഷേ ഈ ആസ്ടെക്ക അല്ല. മെക്സിക്കോ സിറ്റിക്ക് തൊട്ടുതെക്കുള്ള, വംശനാശം സംഭവിച്ച ഒരു അഗ്നിപർവ്വതത്തിന്റെ ക്രേറ്ററിനുള്ളിൽ (അഗ്നിപർവ്വത മുഖം) സ്ഥിതി ചെയ്യുന്ന ഒരു ഫുട്ബോൾ മൈതാനത്തിനാണ് ഈ വിളിപ്പേരുള്ളത്.
തേയോക്ക അഗ്നിപർവ്വതത്തിന്റെ ഈ പശ്ചാത്തലത്തിലാണ് സോച്ചിമിൽകോ മേഖലയിലെ സാന്റാ സിസിലിയ തെപെത്ലാപ എന്ന ഗ്രാമത്തിൽ ഒരു സാധാരണ ഫുട്ബോൾ ലീഗ് അരങ്ങേറുന്നത്.
പതിനായിരത്തോളം ജനസംഖ്യയുള്ള, ഭൂരിഭാഗവും ഇടത്തരം സാമ്പത്തിക നിലവാരമുള്ള ഈ ഗ്രാമത്തിലെ ഡസൻകണക്കിന് കുടുംബങ്ങളാണ് മെക്സിക്കോയുടെ ഫുട്ബോൾ ആവേശം നെഞ്ചിലേറ്റി എല്ലാ ഞായറാഴ്ചകളിലും ഇവിടെ ഒത്തുകൂടുന്നത്.
"ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു ജീവിതരീതിയാണ്. ഞായറാഴ്ചകളിൽ ഇവിടെ വരുന്നത് ഞങ്ങളുടെ പതിവാണ്," ലീഗിന്റെ പ്രതിനിധിയായ ജോർജ് ബെസെറിൻ പറഞ്ഞു.
ആകെ 10 ടീമുകളാണ് തേയോക്ക ലീഗിൽ മാറ്റുരയ്ക്കുന്നത്. ഇതിൽ ഓരോ ടീമും പ്രതിനിധീകരിക്കുന്നത് ഗ്രാമത്തിലെ ഓരോ കുടുംബങ്ങളെയാണ്. കുടുംബങ്ങൾ തമ്മിലുള്ള കളി ആയതുകൊണ്ടുതന്നെ ഇവിടെ പ്രായപരിധിയില്ല.
കാരണവന്മാർ മുതൽ കൗമാരക്കാർ വരെ ഒരേ ടീമിൽ തോളോട് തോൾ ചേർന്ന് കളിക്കുന്നു. ഒരു കളിക്കാരൻ കളം വിടുമ്പോൾ മകനും പിന്നീട് പേരക്കുട്ടിയും ആ സ്ഥാനം ഏറ്റെടുത്ത് തലമുറകളായി ഈ പാരമ്പര്യം കൈമാറുന്നു.
നിലവിൽ സ്ത്രീകൾ കളിക്കളത്തിൽ ഇറങ്ങുന്നില്ലെങ്കിലും, ഗാലറിയിൽ ഇരുന്ന് അവർ നൽകുന്ന പിന്തുണയാണ് ഈ ലീഗിന്റെ യഥാർത്ഥ ഊർജ്ജം.
ഒരു അഗ്നിപർവ്വതത്തിന്റെ ക്രേറ്ററിനുള്ളിൽ ഫുട്ബോൾ മൈതാനം വെട്ടിയൊരുക്കിയത് കേവലം കൗതുകത്തിനല്ല, മറിച്ച് അവിടുത്തെ ജനങ്ങളുടെ അനിവാര്യതയായിരുന്നു.
സാന്റാ സിസിലിയ തെപെത്ലാപയുടെ ഭൂപ്രകൃതി പൂർണ്ണമായും മലനിരകൾ നിറഞ്ഞതായതുകൊണ്ട് തന്നെ നാട്ടുകാർക്ക് കായിക വിനോദങ്ങളിൽ ഏർപ്പെടാൻ നിരപ്പായ ഒരു സ്ഥലം പോലും ഉണ്ടായിരുന്നില്ല. ഈ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് അവരെ അഗ്നിപർവ്വതത്തിലേക്ക് എത്തിച്ചത്.
പുല്ലും മണ്ണും നിറഞ്ഞ കഠിനമായ ഈ മൈതാനത്ത് കളിക്കുന്നത് വലിയൊരു വെല്ലുവിളിയാണെങ്കിലും, ചുറ്റുമുള്ള മനോഹരമായ കാഴ്ച കളി ആസ്വാദ്യകരമാക്കുന്നുവെന്ന് കളിക്കാരനായ ജൊനാഥൻ ഫ്ലോറസ് പറയുന്നു.
പുറത്തുനിന്നുള്ള ഒരാൾക്ക് ഈ മൈതാനം അത്ര മികച്ചതായി തോന്നില്ലെങ്കിലും, ഇതിന്റെ പരിപാലനം നാട്ടുകാരുടെ വലിയൊരു അഭിമാനപ്രശ്നമാണ്. സർക്കാർ സഹായം പൂർണ്ണമായും നിരസിച്ചുകൊണ്ട് നാട്ടുകാർ തന്നെയാണ് ഈ മൈതാനം സംരക്ഷിക്കുന്നത്.
ലീഗ് പൂർണ്ണമായും സ്വയംഭരണാധികാരമുള്ളതാണ്. തദ്ദേശ സ്ഥാപനങ്ങളുടെ സഹായം സ്വീകരിച്ചാൽ അവർ ഇതിന്റെ ഉടമസ്ഥാവകാശം അവകാശപ്പെടുമെന്ന് നാട്ടുകാർ ഭയപ്പെടുന്നു.
ഈ കുന്ന് പൊതുസ്വത്താണെന്നും സർക്കാരിനെ ഇതിൽ നിന്നും അകറ്റി നിർത്തുന്നതിലൂടെ തങ്ങളുടെ കളിസ്ഥലം തങ്ങളുടേതായി തന്നെ നിലനിർത്താൻ കഴിയുമെന്നുമാണ് ഇവരുടെ നിലപാട്.










0 comments