ad
Deshabhimani

print edition വൈരം മറയട്ടെ 
വല നിറയട്ടെ !

ആറാം ലോകകപ്പിന്‌ ഒരുങ്ങുന്ന മെക്‌സിക്കൻ ഗോളി 
ഗില്ലർമോ ഒച്ചാവോ പരിശീലനത്തിൽ

ആറാം ലോകകപ്പിന്‌ ഒരുങ്ങുന്ന മെക്‌സിക്കൻ ഗോളി 
ഗില്ലർമോ ഒച്ചാവോ പരിശീലനത്തിൽ

വെബ് ഡെസ്ക്

Published on Jun 11, 2026, 12:00 AM | 1 min read

മെക്‌സിക്കോ സിറ്റി: കാലങ്ങൾ കടന്നൊരു പന്ത്‌ മെക്‌സിക്കോയുടെ ഹൃദയകവാടത്തിൽ നിൽക്കുകയാണ്‌. അസ്റ്റെക മൈതാനത്തെ പുൽത്തകിടികളെ പുണരാനത്‌ വെന്പുന്നു. മഹോത്സവത്തിന്റെ തലേരാത്രി കഴിഞ്ഞു. വെയിൽ മാഞ്ഞൊരു സന്ധ്യയിലാണ്‌ അസ്റ്റെകയുടെ കളിത്തട്ടിൽനിന്ന്‌ പെലെയുടെ ബ്രസീൽ യൂൾറിമെ ട്രോഫിയുമായി മൂന്നാമതും യാത്ര പുറപ്പെട്ടത്‌.


കാൽപ്പന്തിൽ ബ്രസീൽ അതിന്റെ സുവർണ മുദ്ര പതിപ്പിച്ചതും ഇതേവേദിയിൽ. പതിനാറ്‌ വർഷങ്ങൾക്കിപ്പുറം ദ്യേഗോ മാറഡോണയെന്ന മാന്ത്രികൻ ഇ‍ൗ താഴ്‌വരയെ തഴുകി. മറ്റൊരു കാലം, മറ്റൊരു ലോകം. അതേ അസ്റ്റെകയിൽ കാൽപ്പന്തിന്റെ മറ്റൊരു ഭൂഗോളം കൺതുറക്കുന്നു. ഫിഫ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പുതിയ പതിപ്പിന്‌ വ്യാഴാഴ്‌ച തുടക്കമാകുന്നു. ആതിഥേയരായ മെക്‌സിക്കോയും ദക്ഷിണാ-്രഫിക്കയും തമ്മിൽ ഉദ്‌ഘാടന മത്സരം, ഇന്ത്യൻ സമയം രാത്രി 12.30ന്‌. രാത്രി 11ന്‌ ഉദ്‌ഘാടന ചടങ്ങ്‌ ആരംഭിക്കും.


ഖത്തറിലെ അറബിക്കഥയുടെ അത്ഭുതരാവുകൾ കഴിഞ്ഞു. ഇനി അതിവേഗത്തിന്റെ പുതുലോകം. അമേരിക്കയും മെക്‌സിക്കോയും കാനഡയും സംയുക്തമായി ആതിഥേയരാകുന്ന ലോകകപ്പ്‌. 48 ടീമുകളുടെ മേള. 104 മത്സരങ്ങൾ. 16 വേദികൾ. നാല്‌ നവാഗത ടീമുകളും. ഖത്തർ ടീമിൽ ഇടംപിടിച്ച തഹ്‌സിൻ മുഹമ്മദ്‌ ജംഷിദ്‌ എന്ന വിങ്ങറിലൂടെ മലയാളവും ലോകകപ്പിൽ അരങ്ങേറുന്നു.


ഫുട്‌ബോൾ കളിക്കുകയെന്നത്‌ വളരെ ലളിതമായ കാര്യമാണ്‌. എന്നാൽ ലളിതമായി കളിക്കുകയെന്നത്‌ ശ്രമകരമായ ജോലിയും– ഡച്ച്‌ ഇതിഹാസം യൊഹാൻ ക്രൈഫിന്റെ വാക്കുകളാണ്‌ അമേരിക്കയിൽ പന്തുരുളുന്പോൾ തെളിയുന്നത്‌. കളത്തിൽ അത്ര ലളിതമല്ല കാര്യങ്ങൾ. മത്സരത്തിന്‌ മണിക്കൂറുകൾ മാത്രംശേഷിക്കെയാണ്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ ഇറാനെ വീണ്ടും വെല്ലുവിളിച്ചത്‌. ഇറാനുൾപ്പെടെയുള്ള രാജ്യങ്ങളിലെ കാണികൾക്ക്‌ പ്രവേശനം നിഷേധിച്ചിരിക്കുന്നു. പരസ്‌പരമുള്ള സഹകരണത്തിന്റെ വിളംബരമാണ്‌ ഫുട്‌ബോൾ വേദി. ആ വേദിയിൽ വൈരം ചോര ചിന്താതിരിക്കട്ടെ. ഇനിയുള്ള 39 നാളുകൾ ഒത്തൊരുമയുടെ മേളയായി മാറട്ടെ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home