ലോകകപ്പ് ഫുട്ബോൾ; ജപ്പാൻ താരത്തെ അപമാനിച്ചെന്നാരോപിച്ച് ബ്രസീൽ താരം മത്തെവൂസ് കുന്യയ്‌ക്കെതിരെ രൂക്ഷവിമർശനം

Photo Credit:Getty Images
ഹ്യൂസ്റ്റൺ: ഫിഫ ലോകകപ്പ് 2026-ൽ ജപ്പാനെതിരായ നാടകീയ വിജയത്തിന് പിന്നാലെ ബ്രസീലിയൻ മുന്നേറ്റനിര താരം മത്തെവൂസ് കുന്യയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം.
മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഗോൾ നേടി ബ്രസീൽ പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടിയതിന് പിന്നാലെ, ജപ്പാൻ താരം കെന്റോ ഷിയോഗായിക്ക് നേരെ കുന്യ നടത്തിയ ആംഗ്യം 'അപമാനകരവും അനാദരവും' ആണെന്നാണ് ആരാധകരുടെ വിമർശനം.
താൻ ബ്രസീലിന്റെ ചിഹ്നം ചൂണ്ടിക്കാണിക്കുകയും അഞ്ച് വിരലുകൾ ഉയർത്തിക്കാട്ടുകയും ചെയ്തത് ഷിയോഗായിക്കുള്ള മറുപടിയാണെന്ന് കുന്യ സൂചിപ്പിച്ചു. "ബ്രസീൽ ഇനി ഫുട്ബോളിലെ കരുത്തരല്ല" എന്ന ഷിയോഗായിയുടെ പഴയ പരാമർശമായിരുന്നു കുന്യയെ ചൊടിപ്പിച്ചത്.
കുന്യയുടെ വിശദീകരണം
മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെ താൻ ചെയ്തതിനെ താരം ന്യായീകരിച്ചു. "ബ്രസീലിയൻ ദേശീയ ടീമിനെക്കുറിച്ച് ഒരു ജപ്പാൻ താരം അത്തരമൊരു പരാമർശം നടത്തിയത് ഒട്ടും ശരിയായില്ല. ഈ ജേഴ്‌സിക്ക് ഒരു ചരിത്രമുണ്ട്, അത് ധരിക്കാൻ ഞങ്ങൾ ഒരുപാട് കടന്നുവന്നിട്ടുണ്ട്.
ബ്രസീലിനെ ആരും കുറച്ചുകാണേണ്ടതില്ല," കുന്യ പറഞ്ഞു. ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെയും താരം ജപ്പാൻ താരത്തെ ലക്ഷ്യമാക്കി രംഗത്തെത്തിയിരുന്നു. "ഞങ്ങളെക്കുറിച്ച് ഇപ്പോൾ നിങ്ങൾക്ക് കുറച്ചുകൂടി മനസ്സിലായല്ലോ" എന്നായിരുന്നു അദ്ദേഹത്തിന്റെ ഒരു പോസ്റ്റ്.
മറുപുറം: കളിക്കളത്തിലെ മാതൃക
വിവാദങ്ങൾക്കിടയിലും, അതേ കളിക്കളത്തിൽ മത്തെവൂസ് കുന്യ മറ്റൊരു മുഖവും പ്രകടിപ്പിച്ചു. ബ്രസീൽ ടീം വിജയമാഘോഷിക്കുമ്പോൾ, തോൽവിയിൽ തകർന്ന് മൈതാനത്ത് പൊട്ടിക്കരഞ്ഞ ജപ്പാൻ താരം അയോ തനകയെ ആശ്വസിപ്പിക്കാൻ കുന്യ സമയം കണ്ടെത്തിയത് ആരാധകരുടെ പ്രശംസ പിടിച്ചുപറ്റി. കളിക്കളത്തിലെ വാശികൾക്കപ്പുറമുള്ള താരത്തിന്റെ ഈ പ്രവൃത്തി വലിയ കൈയടിയാണ് നേടിയത്.
മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ആഴ്‌സണൽ താരം ഗബ്രിയേൽ മാർട്ടിനെല്ലിയാണ് ബ്രസീലിന് വേണ്ടി വിജയഗോൾ നേടിയത്. പ്രീമിയർ ലീഗിലെ മോശം ഫോമിനെത്തുടർന്ന് മാർട്ടിനെല്ലിയെ ലോകകപ്പ് സ്‌ക്വാഡിൽ ഉൾപ്പെടുത്തിയത് വലിയ ചർച്ചയായിരുന്നു, എന്നാൽ നിർണ്ണായക നിമിഷത്തിൽ താരം ബ്രസീലിന്റെ രക്ഷകനായി മാറി.










0 comments