ad
Deshabhimani

'പരാശക്തി'യുടെ ബാക്കി പ്രതിഫലം നൽകിയില്ല: സുധ കൊങ്കര മദ്രാസ് ഹൈക്കോടതിയിൽ‌

Sudha Kongara_madras high court
വെബ് ഡെസ്ക്

Published on Jun 30, 2026, 01:55 PM | 1 min read

ചെന്നൈ: തമിഴ് ചിത്രം 'പരാശക്തി'യുടെ പ്രതിഫല കുടിശ്ശികയായ 8.39 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് സംവിധായിക സുധ കൊങ്കര മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ആർബിട്രേഷൻ ആൻഡ് കൺസിലിയേഷൻ ആക്ടിലെ സെക്ഷൻ 9 പ്രകാരമാണ് ഹർജി നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ സാറ്റലൈറ്റ് റിലീസ് ജൂലൈ 8 വരെ തടഞ്ഞു.ഹർജി പരിഗണിച്ച ജസ്റ്റിസ് കുമരേഷ് ബാബു ആണ് ഉത്തരവിട്ടത്. കേസ് ജൂലൈ 8ന് വീണ്ടും പരിഗണിക്കും.


കരാർ പ്രകാരം ജിഎസ്ടി ഉൾപ്പെടെ ആകെ 17.70 കോടി രൂപയാണ് സുധ കൊങ്കരയ്ക്ക് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ 9.31 കോടി രൂപ മാത്രമാണ് നിർമ്മാതാക്കളായ ഡോൺ പിക്ചേഴ്സ് നൽകിയത്. ബാക്കി 8.39 കോടി രൂപ ഇനിയും നൽകാനുണ്ടെന്ന് സുധ കൊങ്കരയുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു. ചിത്രവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും കൈമാറിയിട്ടും പ്രതിഫലം പൂർണ്ണമായി നൽകിയില്ല. 'പരാശക്തി' വൻ വിജയമാണെന്ന് നിർമ്മാതാക്കൾ തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ചിത്രം 100 കോടിയിലധികം കളക്ഷൻ നേടിയിട്ടും കുടിശ്ശിക തീർക്കാൻ തയ്യാറാകുന്നില്ലെന്നും ഹർജിയിൽ പറയുന്നു.


ഡോൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന 'ഇദയം മുരളി' എന്ന പുതിയ സിനിമയുടെ റിലീസ് തടയണമെന്നും സുധ കൊങ്കര ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 10 നാണ് ഈ ചിത്രം റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നത്. റിലീസ് തടയണമെന്ന ഹർജിയിൽ ജൂലൈ 7ന് മുമ്പായി എതിർവാദം സമർപ്പിക്കാൻ നിർമാതാക്കൾക്ക് കോടതി നിർദ്ദേശം നൽകി. റിലീസിന്റെ അവസാന നിമിഷമല്ല, മറിച്ച് കൃത്യമായ സമയത്ത് തന്നെയാണ് താൻ കോടതിയെ സമീപിച്ചതെന്ന് സുധ കൊങ്കര വ്യക്തമാക്കി.


സുധ കൊങ്കര സംവിധാനം ചെയ്ത് 2026 ജനുവരിയിൽ പുറത്തിറങ്ങിയ ഒരു തമിഴ് പൊളിറ്റിക്കൽ ഡ്രാമയാണ് 'പരാശക്തി'. ശിവകാർത്തികേയൻ, രവി മോഹൻ, അഥർവ, ശ്രീലീല എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം ഡോൺ പിക്‌ചേഴ്‌സ് ആണ് നിർമിച്ചത്. റിലീസ് ചെയ്ത് 11 ദിവസത്തിനുള്ളിൽ തന്നെ ചിത്രം ലോകമെമ്പാടുമായി 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ചിത്രം ഇതിനകം ഒടിടിയിൽ റിലീസ് ചെയ്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home