പ്രസവം വീട്ടിലാക്കി, 32 കാരിക്ക് ദാരുണാന്ത്യം;കുഞ്ഞിനെ രക്ഷപ്പെടുത്തി

ചെന്നെെ: സ്വാഭാവിക പ്രസവം വേണമെന്ന ആവശ്യത്തിന്റെ പശ്ചാത്തലത്തിൽ വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു. തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിലാണ് സംഭവം.32 കാരിയായ യുവതി തന്റെ രണ്ടാം കുഞ്ഞിന് ജന്മം നൽകുന്നതിനിടെ അമിത രക്തസ്രാവം മൂലം മരിക്കുകയായിരുന്നു. യു ട്യൂബിൽ നിന്നും ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണോ ഇത്തരത്തിലൊരു തീരുമാനത്തിൽ കുടുംബം എത്തിച്ചേർന്നതെന്ന് പൊലീസ് അന്വേഷിക്കുകയാണ്.
ശശികലയാണ് മരിച്ചത്. കുഞ്ഞിന് ജന്മം നൽകിയെങ്കിലും പ്രസവത്തിന്റെ ഭാഗമായുണ്ടായ ഗുരുതര പ്രശ്നങ്ങൾ മൂലം പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശസ്ത്രക്രിയ വഴി ആദ്യ പ്രസവം നടന്നതോടെ ശശികലക്ക് അലോപ്പതി മരുന്നുകൾ ബുദ്ധിമുട്ടുണ്ടാക്കുകയും വീണ്ടും അത്തരത്തില്‍ പ്രശ്നമുണ്ടാകാതിരിക്കാന്‍ വീട്ടുകാർ സാധാരണ പ്രസവം വീട്ടിൽ വച്ച് തന്നെ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി യു ട്യൂബിന്റെ സഹായം തേടിയെന്നാണ് വിവരം .
നിരന്തരം പരിശോധനക്ക് ആശുപത്രിയിൽ പോകാനോ എപ്പോഴും നിരീക്ഷിക്കാനോ അതിനാൽ കഴിഞ്ഞിരുന്നില്ല- അന്വേഷണ സംഘം പറഞ്ഞു. ദേശീയ മാധ്യമമായ എൻഡിറ്റിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. പ്രസവശേഷം പ്ലാസെന്റയുമായി ബന്ധപ്പെട്ട് ശശികലക്ക് പ്രശ്നമുണ്ടാവുകയും വലിയ ബ്ലീഡിംഗ് അനുഭവപ്പെടുകയും ചെയ്തു. പെരുംതുറയിലെ ഈറോഡ് മെഡിക്കൽ കോളേജിൽ ആദ്യം ചികിത്സിച്ചെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു .ഇവിടെ വച്ച് ചികിത്സയ്ക്കിടെ ശശികല മരിച്ചു. അതേസമയം ശശികലയുടെ കുഞ്ഞ് ആരോഗ്യത്തോടെയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു
ശശികലയുടെ ഭർത്താവ് കൊളന്തെെയ്സ്വാമിയുടെ പേരിൽ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. കുടുംബം സംഭവത്തിൽ ഒരു തരത്തിലും പരാതി നൽകിയിരുന്നില്ല. ദേശീയ മെഡിക്കൽ കമ്മീഷൻ ആക്ട് പ്രകാരമാണ് കൊളന്തെെ സ്വാമിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.











0 comments