പിഎം ശ്രീ പദ്ധതി: വിദ്യാഭ്യാസ മന്ത്രിയുടെ വാദങ്ങൾ വസ്തുതാവിരുദ്ധം- വി ശിവൻകുട്ടി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനത്തിന് പിന്മാറാൻ ആകില്ലെന്ന വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി. ധാരണാപത്രത്തിലെ ഖണ്ഡികകൾ പോലും പരിശോധിക്കാതെയാണ് മന്ത്രി ഇത്തരം അബദ്ധജടിലമായ പ്രസ്താവനകൾ നടത്തുന്നതെന്ന് അദ്ദേഹം പ്രസ്‌താവനയിൽ പറഞ്ഞു.
ധാരണാപത്രത്തിലെ ഇരുപത്തിമൂന്നാം ഖണ്ഡിക പ്രകാരം, സഹകരിച്ചു പ്രവർത്തിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കുന്ന കാരണങ്ങൾ ഉണ്ടെങ്കിൽ അത് ഇരുപാർട്ടികൾക്കും മറ്റേ പാർട്ടിയെ അറിയിക്കാവുന്നതാണ്. ഈ ഖണ്ഡികയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ കത്ത് നൽകിയത്. ഇത് അന്നത്തെ അഡ്വക്കേറ്റ് ജനറലിനോട് ആരായാവുന്നതാണ്. എന്നിട്ടും ഈ ഖണ്ഡിക പ്രയോജനപ്പെടുത്താൻ മന്ത്രി തയ്യാറാകാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണം. കോടതി വ്യവഹാരങ്ങൾ സംബന്ധിച്ച ഇരുപത്തിനാലാം ഖണ്ഡികയും, തർക്കപരിഹാരങ്ങൾക്കായുള്ള അവസാന ഖണ്ഡികയും നിലനിൽക്കെ, നിയമപരമായ യാതൊരു ബാധ്യതയുമില്ലാത്ത ഒരു ധാരണാപത്രത്തിൽ മന്ത്രി എന്തിനാണ് കടിച്ചുതൂങ്ങുന്നത്? പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പദ്ധതിയിൽ നിന്ന് പിന്മാറിയിട്ടും അവിടെ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ മന്ത്രി ഉയർത്തുന്ന രണ്ടായിരം കോടി രൂപയുടെ കണക്ക് വസ്തുതാവിരുദ്ധമാണ്. എസ്എസ്കെ കുടിശ്ശികയും, പാഠപുസ്തക-യൂണിഫോം ഫണ്ടും, 2026-27 വർഷത്തെ കേന്ദ്രവിഹിതവും എല്ലാം ചേർത്താൽ പോലും 1393 കോടി രൂപ മാത്രമേ വരുന്നുള്ളൂ. ഒരു സ്കീമിലെ തുക അതത് വർഷം ഉപയോഗിച്ചില്ലെങ്കിൽ ലാപ്സാകും എന്ന സാമാന്യബുദ്ധി പോലും മന്ത്രി മറക്കരുത്. ഈ വർഷം അനുവദിച്ച 440 കോടി രൂപ മാത്രമേ എസ്എസ്കെയ്ക്ക് ലഭിക്കാനിടയുള്ളൂ. 2027 മാർച്ചിൽ അവസാനിക്കുന്ന, കേവലം എട്ടുമാസം മാത്രം കാലാവധിയുള്ള പി എം ശ്രീ പദ്ധതിക്കു വേണ്ടിയാണ് മന്ത്രി ഇത്രയും കള്ളങ്ങൾ പറയുന്നത്. മൂന്നു വർഷത്തേക്ക് പദ്ധതി നീട്ടിയതായി പറയുന്ന ഉത്തരവ് പുറത്തുവിടാൻ അദ്ദേഹം തയ്യാറുണ്ടോ? കേരളത്തിന് ലഭിക്കുന്ന 265 പിഎം ശ്രീ സ്കൂളുകൾ വഴി ലഭിക്കുന്നത് കേവലം 159 കോടി രൂപ മാത്രമാണ്. 159 കോടിയെയാണോ മന്ത്രി രണ്ടായിരം കോടി എന്ന് വിളിക്കുന്നത്?
മുൻ സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ചർച്ചകൾ നടത്തിയിട്ടില്ലെന്ന മന്ത്രിയുടെ വാദം തെറ്റാണ്. മന്ത്രിയുടെ നേതൃത്വത്തിൽ മൂന്നു പ്രാവശ്യവും, സെക്രട്ടറിമാരുടെ നേതൃത്വത്തിൽ പലതവണയും കേന്ദ്രവുമായി ചർച്ച നടത്തിയ ശേഷമാണ് ധാരണാപത്രം നിർത്തിവെക്കാൻ തീരുമാനിച്ചത്. വസ്തുതകൾ പഠിക്കാതെ അബദ്ധജടിലമായ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് മന്ത്രി പിന്മാറണമെന്നും വി ശിവൻകുട്ടി ആവശ്യപ്പെട്ടു.











0 comments