ആർഎസ്എസ് വിധേയത്വത്തിന് മന്ത്രിമാരുടെ മത്സരം; ഇത് സംഘപരിവാറിന്റെ വിനീതദാസന്മാരുടെ സർക്കാർ: എം വി ഗോവിന്ദൻ

എം വി ഗോവിന്ദൻ
തിരുവനന്തപുരം: അധികാരത്തിലേറി ഒരുമാസം പിന്നിടുമ്പോള്‍തന്നെ വി ഡി സതീശൻ സർക്കാർ സംഘപരിവാറിന്റെ വിനീതദാസന്മാരുടെ സർക്കാരാണെന്ന് തെളിഞ്ഞുവരികയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ബിജെപിക്ക് മൂന്ന് എംഎൽഎമാരാണ് ഉള്ളതെങ്കിലും, സംസ്ഥാന ഭരണത്തിൽ അവരുടെ അജണ്ടയാണ് യുഡിഎഫ് സർക്കാർ നടപ്പാക്കുന്നത്. ആർഎസ്എസിനോടുള്ള വിധേയത്വം ഓരോ മന്ത്രിമാരും മത്സരിച്ച് പ്രഖ്യാപിക്കുകയാണെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു,
പിഎംഎവൈ പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന വീടുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പടവും ലോഗോയും വെക്കുന്നതിൽ എന്താണ് തെറ്റെന്നാണ് മന്ത്രി കെ എം ഷാജി ചോദിച്ചത്. ഇത് ജനങ്ങളുടെ ആത്മാഭിമാനത്തിന്റെ വിഷയമാണ്. വീട്ടുകാരുടെ ആത്മാഭിമാനം പണയപ്പെടുത്തി, ആരോ കൊടുത്ത വീട്ടിലാണ് താമസിക്കുന്നത് എന്ന ബോധം അവരിൽ ഉണ്ടാക്കുന്നതിന് ഒരുക്കമല്ല എന്ന ഉറച്ചനിലപാടാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. ലൈഫ് പദ്ധതിയുടെ ഭാഗമായാണ് പിഎംഎവൈ കേരളത്തിൽ നടപ്പാക്കിയത്. അഞ്ച് ലക്ഷത്തിലധികം വീടുകൾ നിർമിച്ചു. ഒരു ലക്ഷത്തിലേറെ വീടുകൾ നിർമിച്ചുവരികയാണ്. ഈ ആറ് ലക്ഷം വീടുകളിലും മോദിയുടെ പടമോ ലോഗോയോ വെക്കാൻ എൽഡിഎഫ് സർക്കാർ തയ്യാറായിട്ടില്ല. 1,01,437 വീടുകളാണ് നഗരങ്ങളിൽ പിഎംഎവൈയുടെ ഭാഗമായി ഉണ്ടായിരുന്നത്. ഇവിടെയൊന്നും ലോഗോ വെച്ചിട്ടില്ല. ഗ്രാമീണമേഖലയിൽ 34,265 വീടുകളാണ് നിർമിച്ചത്. അവിടെയും ലോഗോയോ പടമോ പതിച്ചിട്ടില്ല. എന്നിട്ടാണ് ആർഎസ്എസിനെ പ്രീതിപ്പെടുത്താൻ മോദിയുടെ പടവും ലോഗോയും വെക്കുന്നതിനെ ഷാജി ന്യായീകരിച്ചത്.
എംജി സർവകലാശാലയിലും കാർഷിക സർവകലാശാലയിലും സംഘപരിവാർ അജണ്ട കൈകാര്യം ചെയ്യുന്നവരെയാണ് താൽകാലിക വൈസ് ചാൻസിലർമാരായി ഗവർണർ നിയമിച്ചത്. എംജിയിൽ സംഘപരിവാറുകാരായ 19 പേരെ സെനറ്റിലേക്ക് നാമനിർദേശം ചെയ്തു. ഈ നടപടിക്കെതിരെ മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നേവരെ ഒരക്ഷരം മിണ്ടിയിട്ടില്ല. കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല എന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം ജോണും പ്രഖ്യാപിച്ചു. പിഎം ശ്രീയിൽനിന്ന് പിന്നോട്ടുപോകാനാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി എം ഷംസുദ്ദീനും ആവർത്തിച്ച് പറഞ്ഞു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിച്ചുകൊണ്ടുള്ള തീരുമാനം മന്ത്രിമാർ പോലും അറിഞ്ഞില്ലെന്നും, ശേഷാദ്രിനാഥൻ സംഘപരിവാർ അനുകൂലിയാണെന്നും ഉന്നയിച്ചത് കെപിസിസി ജനറൽ സെക്രട്ടറിയാണ്. നിയമസഭാ, ലോക്സഭാ മണ്ഡലങ്ങളുടെ നിർണായകമായ പുനർവിഭജനം നടക്കാനിരിക്കെയാണ് സംഘപരിവാർ അനുകൂലിയെ ഏറ്റവും ശ്രദ്ധേയമായ ഒരു സ്ഥാനത്ത് യുഡിഎഫ് സർക്കാർ നിശ്ചയിച്ചത് എന്നാണ് കെപിസിസി ജനറൽ സെക്രട്ടറി ആരോപിച്ചത്.
യുഡിഎഫ് സര്‍ക്കാരിന്‍റെ ധവളപത്രത്തിലും ബജറ്റിലും പ്രതിഫലിക്കുന്നത് സ്വകാര്യവത്കരണനയമാണ്. ആകാശവും ഭൂമിയും കടലും എല്ലാം കുത്തകകൾക്ക് നൽകാനുള്ള തീരുമാനമാണ് സർക്കാർ എടുത്തത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വത്ത് വിൽക്കാനാണ് മുഖ്യമന്ത്രിയുടെ അജണ്ട.
ബിജെപിയുടെ പഠനശിബിരം കെപിസിസിയുടെ സ്ഥാപനത്തിൽ നടത്തുന്ന അവസ്ഥവരെ എത്തി. ഇനി കോൺഗ്രസ് നേതൃത്വം എപ്പോഴാണ് കെപിസിസി ആസ്ഥാനം ആർഎസ്എസിന് വിട്ടുനൽകുന്നത് എന്നുമാത്രമേ അറിയേണ്ടതുള്ളൂ.
കേന്ദ്രസർക്കാരിന്റെ അധികാരഹുങ്കിൽ സർവമേഖലയിലും ആർഎസ്എസ് നടത്തുന്ന കടന്നാക്രമണങ്ങൾ നെഞ്ചുറുക്കോടെ ചെറുത്തുനിന്നാണ് കഴിഞ്ഞ പത്ത് വർഷവും എൽഡിഎഫ് സർക്കാർ മുന്നോട്ടുപോയത്. എന്നാൽ ഒരുമാസംകൊണ്ട് യുഡിഎഫ് സർക്കാർ ആർഎസ്എസിന് മുന്നിൽ മുട്ടിലിഴയുന്നതാണ് കാണുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.










0 comments