വെനസ്വേല ഭൂചലനം; 58,000 കെട്ടിടങ്ങൾ തകർന്നതായി ഉപഗ്രഹ പഠനം

വെനസ്വേലയിലുണ്ടായ ഇരട്ട ഭൂചലനങ്ങളിൽ തകർന്നടിഞ്ഞ കെട്ടിടങ്ങളുടെ ആകാശദൃശ്യം|Image by MIGUEL MEDINA / POOL / AFP
കരാക്കസ് : വെനസ്വേലയിലുണ്ടായ ഇരട്ട ഭൂചലനങ്ങളിൽ 58,000ത്തിലധികം കെട്ടിടങ്ങൾ തകരുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ട്. ഉപഗ്രഹം കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജൂൺ 24ന് റിക്ടർ സ്കെയിലിൽ 7.2 - 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് വെനസ്വേലയിലുണ്ടായത്. ദുരന്തത്തിൽ 1,700ലധികം ആളുകൾ മരണപ്പെടുകയും ആയിരക്കണക്കിന് പേരെ കാണാതാവുകയും ചെയ്തു. നൂറ്റാണ്ടിനിടയിൽ വെനസ്വേലയിലുണ്ടാകുന്ന ഏറ്റവും ശക്തമായ ഭൂചലനമാണിത്.
യൂറോപ്യൻ സ്പേസ് ഏജൻസിയുടെ 'സെന്റിനൽ-1' റഡാർ ഉപഗ്രഹത്തിൽ നിന്നുള്ള ഉയർന്ന വ്യക്തതയുള്ള ചിത്രങ്ങൾ ഉപയോഗിച്ച് ഒറിഗോൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരായ കോറി ഷെറും ജാമൺ വാൻ ഡെൻ ഹോക്കും ചേർന്നാണ് ഈ പഠനം നടത്തിയത്. ഭൂചലനം നടന്ന് ഒരു ദിവസത്തിന് ശേഷം ഏകദേശം 58,870 കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് റഡാർ വിവരങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ ഇത് പ്രാഥമിക വിലയിരുത്തൽ മാത്രമാണെന്നും നേരിട്ടുള്ള പരിശോധനകളിലൂടെ മാത്രമേ കൃത്യമായ നാശനഷ്ടം സ്ഥിരീകരിക്കാനാകൂ എന്നും ഗവേഷകർ വ്യക്തമാക്കി.
വെനസ്വേലൻ അധികൃതർ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ ഇതിനേക്കാൾ വളരെ കുറവാണ്. നാഷണൽ അസംബ്ലി പ്രസിഡന്റ് ജോർജ്ജ് റോഡ്രിഗസ് വ്യക്തമാക്കിയതനുസരിച്ച് ആകെ 855 കെട്ടിടങ്ങൾക്കാണ് നിലവിൽ കേടുപാടുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 189 കെട്ടിടങ്ങൾ പൂർണമായും തകർന്നവയാണ്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ അടിയന്തര രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ദുരന്തബാധിത പ്രദേശങ്ങളിൽ ഇപ്പോഴും തുടർച്ചയായ ഭൂചലനങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിലും രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. അന്താരാഷ്ട്ര സംഘടനകളും അയൽരാജ്യങ്ങളും വെനസ്വേലയ്ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. നാശനഷ്ടങ്ങളുടെ വ്യാപ്തി തിരിച്ചറിയാനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നാസയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളിൽ നിന്നുള്ള വിവരങ്ങൾ അധികൃതരെ സഹായിക്കുന്നുണ്ട്.











0 comments