സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരും; കണ്ണൂരിലും കാസർകോട്ടും ഓറഞ്ച് അലേർട്ട്

എ ഐ നിർമിത ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പ്രകൃതിക്ഷോഭത്തിന് സാധ്യതയേറുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ഇന്നും നാളെയും അതിശക്തമായ മഴയ്ക്കാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് പ്രവചനം.
ഇതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് രണ്ട് ജില്ലകൾക്ക് പുറമെ മറ്റ് നാല് ജില്ലകളിൽ കൂടി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് നിലവിലുള്ളത്.
മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ്ദപാത്തി സ്ഥിതി ചെയ്യുന്നതാണ് കേരളത്തിൽ മഴ ഇത്രത്തോളം ശക്തമാകാൻ കാരണം. മഴ കനക്കുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
അപകടസാധ്യതയുള്ള മേഖലകളിലുള്ളവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും കഴിയുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് മാറിത്താമസിക്കാൻ തയ്യാറാകണം. ദുരന്തസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ തങ്ങളുടെ പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
സുരക്ഷ മുൻനിർത്തി പകൽ സമയത്ത് തന്നെ ഇത്തരം ക്യാമ്പുകളിലേക്ക് മാറാൻ ജനങ്ങൾ ശ്രദ്ധിക്കണം. ഇതിനായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായോ റവന്യൂ അധികാരികളുമായോ ബന്ധപ്പെടാവുന്നതാണ്. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിലും മേൽക്കൂര ശക്തമല്ലാത്ത വീടുകളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണം. അപകടാവസ്ഥ മുന്നിൽ കാണുന്നവർ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി എത്രയും വേഗം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് കാലാവസ്ഥാ വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും നിർദേശിച്ചു.











0 comments