ചൂടകറ്റാൻ ജലപീരങ്കിൽ കുളിച്ച് ജനം; ഭക്ഷണം പാകംചെയ്യുന്നത് വെയിലത്ത്; യൂറോപ്പിനെ പൊള്ളിച്ച് ഉഷ്ണതരംഗം

ബെർലിനിൽ ഗായകൻ ബ്രൂണോ മാർസിന്റെ സംഗീത പരിപാടിക്കായി ഒളിംപിക് സ്റ്റേഡിയത്തിലെത്തിയ ആളുകൾക്ക് ചൂടിൽ നിന്ന് ആശ്വാസം നൽകാൻ പൊലീസ് ജലപീരങ്കി ഉപയോഗിച്ച് വെള്ളം തളിച്ചപ്പോൾ | PHOTO: AFP
ലണ്ടൻ: റെക്കോഡുകൾ ഭേദിച്ച് താപനില ഉയർന്നതോടെ ചരിത്രത്തിലെ ഏറ്റവും കടുത്ത ഉഷ്ണതരംഗത്തിലൂടെ യൂറോപ്പ് കടന്നുപോകുന്നുവെന്ന് റിപ്പോര്‌ട്ടുകൾ. ജനജീവിതത്തെയാകെ പ്രതിസന്ധിയിലാക്കുംവിധമാണ് തീവ്രഉഷ്ണതരംഗം. മരണസംഖ്യ 1300 കടന്നതും ആശങ്കവർധിപ്പിച്ചിട്ടുണ്ട്. ആരോഗ്യസംവിധാനങ്ങളാകെ പ്രതിസന്ധിയിലാണ്.
ജർമനി 41.7 ഡിഗ്രി സെൽഷ്യസ്, ചെക് റിപ്പബ്ലിക് 41.1 ഡിഗ്രി സെൽഷ്യസ്, പോളണ്ട് 40.5 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ താപനില. ഫ്രാൻസ്, യുകെ, സ്‍പെയിൻ, തുടങ്ങി പലയിടത്തും താപനില 40 ഡിഗ്രി സെൽഷ്യസിലെത്തി. ഫ്രാൻസിൽ മാത്രം ആയിരത്തിലേറെ മരണങ്ങൾ സംഭവിച്ചതായും സൂചനകളുണ്ട്.
ഭൂഖണ്ഡത്തിലെ ചൂടിന്റെ തീവ്രത വ്യക്തമാക്കുന്ന നിരവധി വീഡിയോകൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. പുറത്തുവെച്ച പാനുകളിൽ ഭക്ഷണം പാകം ചെയ്യാൻ കഴിയുന്നത്ര ശക്തമാണ് സൂര്യാഘാതം.
ചൂട് മൂലം ട്രാം പാളികൾ ഉരുകി തടസ്സപ്പെട്ടതായി ജർമനിയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനെ തുടർന്ന് വാരാന്ത്യത്തിൽ ട്രാം സർവീസുകൾ തടസ്സപ്പെട്ടു.
കടകൾക്കുള്ളിലെ ചോക്ലേറ്റുകളും മറ്റു ഭക്ഷ്യവസ്തുക്കളും, വെയിലത്ത് വെച്ച ചെരിപ്പുകളും ഉരുകുന്നതും തൂക്കിയിട്ട വാഴപ്പഴങ്ങൾ തൊലിയിൽ നിന്ന് വേർപെട്ട് വീഴുന്നതും അടക്കമുള്ള ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ചില ദൃശ്യങ്ങളിൽ ബെർലിൻ പൊലീസ് ജലപീരങ്കി ഉപയോഗിക്കുന്നതും ചൂടിൽ നിന്ന് ആശ്വാസം നേടാൻ ജനങ്ങൾ അതിൽ കുളിക്കുന്നതും കാണാം.
ഭൂമിയിൽ ഏറ്റവും വേഗത്തിൽ ചൂടുപിടിക്കുന്ന ഭൂഖണ്ഡം യൂറോപ്പാണെന്നും, ആഗോള ശരാശരിയേക്കാൾ ഇരട്ടി വേഗതയിലാണ് ഇവിടെ താപനില ഉയരുന്നതെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് കഴിഞ്ഞദിവസം പറഞ്ഞത്. "നിലവിൽ 15 കോടി ജനങ്ങളാണ് അതികഠിനമായ ചൂടിൽ ജീവിക്കുന്നത്. നൂറുകണക്കിന് ആളുകൾ മരണപ്പെട്ടു, സ്കൂളുകൾ അടച്ചുപൂട്ടി, പവർ ഗ്രിഡുകൾ തകരാറിലാവുകയാണ്. അമിത ചൂടുമൂലമുള്ള ശാരീരിക അസ്വസ്ഥതകൾ പലപ്പോഴും ഒരു 'നിശബ്ദ കൊലയാളി' എന്നാണ് അറിയപ്പെടുന്നത്. യൂറോപ്പിലെ വീടുകളും ഓഫീസുകളും സ്കൂളുകളും ഉയർന്ന താപനിലയെ പ്രതിരോധിക്കാൻ തക്കവണ്ണമല്ല നിർമിച്ചിരിക്കുന്നത്."- അദ്ദേഹം പറഞ്ഞു.











0 comments