ad
Deshabhimani

വാക്കോളം - വാക്കുകളെ ചിത്രശലഭങ്ങളാക്കുന്ന മാന്ത്രികപുസ്തകം

vakkolam
വെബ് ഡെസ്ക്

Published on Jun 30, 2026, 02:24 PM | 8 min read

ലോകത്തെ മികച്ച പുസ്തകങ്ങൾ തങ്ങളുടെ പരിമിതമായ ആയുസ്സിനുള്ളിൽ വായിച്ചുതീർക്കാൻ സാധിക്കില്ലല്ലോ എന്ന തിരിച്ചറിവാണ്, വായനയെ ജീവിതത്തിന്റെ അനിവാര്യമായ ചോദനയായി കൊണ്ടുനടക്കുന്ന അന്വേഷകരുടെ അല്ലെങ്കിൽ വായനക്കാരുടെഏറ്റവും വലിയ പ്രതിസന്ധി. എത്രയധികം പുസ്തകങ്ങൾ വായിച്ചുതീർത്താലും, ഇനിയും തേടിയെടുക്കാൻ കഴിയാത്ത അക്ഷരപ്രപഞ്ചങ്ങളെക്കുറിച്ചുള്ള നിത്യമായ വേവലാതിയാണ് അത്തരം വായനക്കാരുടെ ആന്തരിക സംഘർഷം.


​സാഹിത്യത്തിലെ ഉത്കൃഷ്ട മാതൃകകളെല്ലാം നമ്മൾ കേട്ടും ചർച്ച ചെയ്തും പരിചിതമായവ മാത്രമായിരിക്കുമെന്നായിരുന്നു എഴുത്തിന്റെ ലോകത്തേക്ക് എത്തുന്നതിനു മുൻപുള്ള ധാരണ. എന്നാൽ അവയിൽ പലതും കൊട്ടിഘോഷിക്കപ്പെടുന്നവയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു; ഇവയിൽ ചിലത് മാത്രമാകും യഥാർത്ഥ സാഹിത്യമൂല്യമുള്ളവ. എന്നാൽ ഇവയൊന്നുമല്ലാതെ, എത്രയോ മഹത്തായ പുസ്തകങ്ങൾ ആരും ശ്രദ്ധിക്കാതെ, ഇരുളിൽ മറഞ്ഞും ബോധപൂർവ്വം മറയ്ക്കപ്പെട്ടും പലയിടങ്ങളിൽ കിടപ്പുണ്ടാകുമെന്ന ബോധ്യം നിരാശപ്പെടുത്തുന്ന വസ്തുതയാണ്.


​വ്യക്തിപരമായി, ഒരു പുസ്തകം വായിച്ചുതീരുമ്പോൾ മനസ്സിൽ സംതൃപ്തി ഉണ്ടാകാറുണ്ട് എന്നത് നേരാണ്. എങ്കിലും ആർതർ മില്ലറുടെ വിഖ്യാതമായ 'ഓൾ മൈ സൺസ്' (All My Sons) എന്ന നാടകത്തിലെ ഒരു കഥാപാത്രം പറയുന്നതുപോലെ പുസ്തകങ്ങളുടെ കാറ്റലോഗുകൾ മറിച്ചുനോക്കുമ്പോഴോ, പുസ്തകശാലകളിലൂടെ നടക്കുമ്പോഴോ ആണ് സ്വന്തം അജ്ഞതയെ നമ്മൾ ഏറ്റവും ലജ്ജയോടെ അഭിമുഖീകരിക്കുന്നത്.


​അത്തരം തിരിച്ചറിവുകളായിരിക്കാം ജയകൃഷ്ണനെപ്പോലൊരു വായനക്കാരനെ ഇത്രമേൽ നിർമ്മമവും ആർദ്രവുമായ ഭാഷയിൽ ‘വാക്കോളം' പോലെ ഒരു വിശിഷ്ട പുസ്തകം വായനാ കുതുകികൾക്ക് വേണ്ടി എഴുതാൻ പ്രേരിപ്പിച്ചത്.


താൻ വായിച്ച ഒരു കൃതിയേയും പരമ്പരാഗതമായ സിദ്ധാന്തങ്ങളുടെ അളവുകോലുകൾ വെച്ച് വിലയിരുത്താനല്ല അദ്ദേഹം മുതിരുന്നത്. മറിച്ച്, അതിൽ നിന്നും താൻ കണ്ടെടുത്ത് ഹൃദയത്തോട് ചേർത്തുവെച്ചവ,ഭാവനയുടെ മുത്തുകൾ കോർത്തിണക്കി ഇങ്ങനെ ഒരു പുസ്തകത്തിൽ പതിച്ചു വെയ്ക്കയാണ്. താൻ വായിച്ചറിഞ്ഞതിനെ 'ലോകസാഹിത്യം' എന്ന വലിയ നിർവചനത്തിൽ തളച്ചിടാൻ അദ്ദേഹം ഉദ്യമിക്കുന്നില്ല. പല രാജ്യങ്ങളിലെ, പല ഭാഷകളിലെ, എല്ലാവരും ഇഷ്ടപ്പെട്ടതല്ല, മറിച്ച് തൻ്റെ ഹൃദയം കണ്ടെത്തിയ ചില പുസ്തകങ്ങളെ അദ്ദേഹം പരിചയപ്പെടുത്തുന്നു.


​സാഹിത്യ വായനകളെ വരണ്ട സിദ്ധാന്തങ്ങൾ കൊണ്ട് വ്യാഖ്യാനിക്കുന്നതിൽ ഗ്രന്ഥകാരന് ലേശംപോലും താല്പര്യമില്ല. ഏതു ഭാഷയിലെയും സാഹിത്യം വായിക്കുക, അതിൽ വായിച്ച് ഹൃദയത്തിൽ തട്ടിയത് ചെറിയ വരിയിലൂടെയോ വാക്കിലൂടെയോ മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കുക, വായനയുടെ ആത്മീയാനന്ദത്തിലേക്ക് അവരെ ഉണർത്തുക—ഇതുമാത്രമാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു.


ആഗോളതലത്തിൽ വലിയ അംഗീകാരങ്ങൾ നേടിയ പുസ്തകങ്ങൾ മാത്രമാണ് മികച്ചതെന്ന പൊതുധാരണ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജയകൃഷ്ണനെപ്പോലെയുള്ള ഇത്തരം ചില വലിയ വായനക്കാരുടെ പ്രസക്തി.


സമകാലിക സാഹിത്യത്തിലെ പുതിയ രചനകളെ തിരഞ്ഞുപിടിച്ച് വായിച്ചറിഞ്ഞ്, ആ വായനാനുഭവം പങ്കുവെക്കുകയും പല രാജ്യങ്ങളിലെയും പല ഭാഷകളിലെയും എഴുത്തുകാരെ പരിചയപ്പെടുത്തുകയും ചെയ്യുന്നിടത്താണ് 'വാക്കോളം' എന്ന ഈ പുസ്തകം വേറിട്ടുനിൽക്കുന്നത്.


വായനയുടെ രാഷ്ട്രീയം


​അറുപതിലേറെ ലേഖനങ്ങളുടെ ഈ സമാഹാരം വായിച്ചുതീരുമ്പോൾ, എഴുത്തുകാരന്റെ വായനയ്ക്ക് കൃത്യമായൊരു രാഷ്ട്രീയമുണ്ടെന്ന് മനസിലാക്കാൻ കഴിയുന്നു. ഏകാധിപത്യവും യുദ്ധങ്ങളും അധികാരത്തിന്റെ അസംബന്ധ നാടകങ്ങളും സൃഷ്ടിക്കുന്ന അധിനിവേശത്തിന്റെ ആശങ്കകളാണ് അതിൽ പ്രധാനം. ഈ പ്രതിസന്ധികളെ പല പുസ്തകങ്ങളുടെ പശ്ചാത്തലത്തിൽ വ്യാഖ്യാനിച്ച് എഴുതുമ്പോൾ, അതിൽ നിന്നെല്ലാം രൂപപ്പെട്ടു വരുന്നത് ഉജ്ജ്വലമായൊരു പ്രതിരോധത്തിന്റെ ഭാഷയാണ്. പ്രതിരോധത്തിന്റെ സാഹിത്യവും ഭാവപരിഭാഷയും ഇതിലുണ്ട്.


​ഏകാധിപതികൾക്കെതിരെ യുദ്ധം ചെയ്യുന്നവരെ പ്രത്യാശഭരിതരാക്കുന്നത് എന്തായിരിക്കാം? അത് ചിലപ്പോൾ സാഹിത്യമാകാം, അല്ലെങ്കിൽ പ്രകൃതിയാകാം. ചിലിയിലെ ലൂയിസ് സെപുൽവേദയെ സന്തോഷിപ്പിച്ചത് കാടുകളായിരുന്നു. 'പ്രണയകഥകൾ വായിച്ച വൃദ്ധൻ' (The Old Man Who Read Love Stories) എന്ന നോവലാണ് അദ്ദേഹം തൻ്റെ യുദ്ധങ്ങൾക്കു ശേഷം എഴുതിയത്. ജയകൃഷ്ണൻ ഈ അധ്യായത്തിൽ ഒരു യാഥാർത്ഥ്യം കുറിച്ചിടുന്നുണ്ട്: "ചോദ്യങ്ങളെയും മറുപടിയായി പറയേണ്ടിവരുന്ന നുണകളെയും ഒഴിവാക്കാൻ, ഷുവാർ വർഗ്ഗക്കാർ കഥ പറഞ്ഞുതീർന്നയുടൻ എഴുന്നേറ്റുപോകുമായിരുന്നു" എന്ന്.


വാക്കോളത്തിൽ എഴുത്തുകാരൻ്റെ ​മറ്റൊരു പ്രധാന വിഷയം, കുഞ്ഞുങ്ങളുടെ രാജ്യം വരണമേയെന്ന നിശ്ശബ്ദ പ്രാർത്ഥനയാണ്. കുട്ടികളുടെ ഏകാന്തതയും ദാരിദ്ര്യവും കെടുതിയും മരണവുമൊക്കെ വിഷയമാകുന്ന എത്രയോ തീക്ഷ്ണമായ വായനാനുഭവങ്ങൾ ഈ പുസ്തകത്തിൽ ഉണ്ട്.


കളിത്തീവണ്ടിയും കേക്കും


​റെയ്മണ്ട് കാർവറുടെ 'എ സ്മോൾ, ഗുഡ് തിങ്' (A Small, Good Thing) എന്ന കഥയിൽ, കുട്ടിയുടെ ജന്മദിനത്തിന് കേക്ക് ഓർഡർ ചെയ്ത ഒരമ്മയുണ്ട്. എന്നാൽ ജന്മദിനത്തിന് തൊട്ടുമുമ്പ് കുട്ടി ഒരപകടത്തിൽ മരണപ്പെടുന്നു. ബേക്കറിക്കാരനത് അറിയുന്നില്ല. അയാൾ കേക്കിന്റെ കാര്യം പറയാൻ വിളിക്കുമ്പോൾ ആ അമ്മയ്ക്ക് അത് സഹിക്കാവുന്നതിനപ്പുറമായിരുന്നു. മകൻ മരിച്ചുപോയ വിവരം അവർ അയാളോട് പറയുന്നു. കുട്ടികളില്ലാത്ത ആ ബേക്കറിക്കാരന് അവരുടെ അവസ്ഥ സങ്കൽപ്പിക്കാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ. അയാൾ അവരോട് ഏകാന്തതയെപ്പറ്റിയും, സന്ദേഹങ്ങളെപ്പറ്റിയും, പരിമിതികളെപ്പറ്റിയും, ഭക്ഷണത്തിന്റെ മണങ്ങളെപ്പറ്റിയും സംസാരിച്ചുകൊണ്ടേയിരുന്നു.


​അതേസമയം, ഹാനഓഷ്ടവീക്കിൻ്റെ Love എന്ന നോവലിൽ ഒരു ഒൻപതു വയസ്സുകാരൻ തന്റെ ജന്മദിനത്തിന് അമ്മ കളിത്തീവണ്ടി വാങ്ങിത്തരുമെന്ന് സ്വപ്നം കാണുന്നു. എന്നാൽ വിവാഹമോചിതയായ അമ്മയാകട്ടെ, സ്വന്തം നിരാശകളിൽ പുസ്തകങ്ങൾ വായിച്ച് അടച്ചിരിക്കാനും പുതിയൊരു പ്രണയബന്ധം സ്ഥാപിക്കാനും ആലോചിക്കുകയാണ്. ദിവസം മുഴുവൻ അമ്മ കളിത്തീവണ്ടിയുമായി വരുന്നതും കാത്തിരിക്കുന്ന കുട്ടിയുടെ മുന്നിലേക്ക് അമ്മ കാമുകനൊപ്പം കാറിൽ വന്നിറങ്ങുന്നു. ജീവിച്ചിരിക്കുന്ന മകനെ മറക്കുന്ന അമ്മ. ആദ്യം പറഞ്ഞതാവട്ടെ മരിച്ച കുഞ്ഞിനെ ഓർത്തിരിക്കുന്ന അമ്മ. മനുഷ്യർ അങ്ങനെയാണ്; നമ്മളെ മറക്കുന്നവരെ ഓർമ്മിക്കുകയും, നമ്മളെ ഓർക്കുന്നവരെ ദാക്ഷണ്യമില്ലാതെ മറന്നുപോവുകയും ചെയ്യുന്നു.


​കുഞ്ഞുങ്ങൾ നമുക്ക് കടമായി മാത്രം നൽകപ്പെട്ടവരാണ്. തന്റെ കുഞ്ഞിന്റെ മരണം മുൻകൂട്ടി കാണേണ്ടിവരുന്ന മാതാപിതാക്കളുടെ നിസ്സഹായത, രോഗങ്ങളും ദുരിതങ്ങളും കൊണ്ട് മരിക്കുന്ന കുഞ്ഞുങ്ങളുടെ ദയനീയത, പൊട്ടാറായ നൂൽപ്പാലങ്ങൾ പോലുള്ള ഇത്തരം അവസ്ഥകളിലൂടെയുള്ള ഇതിലെ കഥാഖ്യാനങ്ങളിൽതിരിച്ചുവരാൻ ആവാത്ത വിധം നമ്മൾ തീവ്ര വേദനയോടെ അകപ്പെട്ടുപോകും .


കുഞ്ഞുങ്ങളോട് ഏകാധിപത്യത്തെപ്പറ്റി

പറഞ്ഞേ മതിയാവൂ


'’നീർച്ചോലത്താഴ്‌വരയിൽ" (In the Ravine) എന്ന പേരിൽ ആന്റൺ ചെഖോവ് ഒരു കഥ എഴുതിയിട്ടുണ്ട്. മരിച്ച മകനെയും കൊണ്ട് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകുന്ന പെൺകുട്ടി. മകൻ പകൽ മുഴുവൻ വേദന കൊണ്ട് നരകിക്കുകയായിരുന്നു. കുഞ്ഞിക്കണ്ണുകൾ തുറന്ന് അവൻ എന്നെ നോക്കിയപ്പോൾ എന്താണ് ഓർത്തത്? മരിക്കുന്നതിന് മുമ്പ് എന്തുകൊണ്ടാണ് എന്റെ കുഞ്ഞ് ഇത്രയധികം വേദന സഹിക്കേണ്ടി വന്നത്? ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങൾ അവൾ സ്വയം ചോദിക്കുകയാണ്. ലോകത്തിന്റെ ഏറ്റവും വേദന നിറഞ്ഞ അവസ്ഥ കുഞ്ഞുങ്ങളുടെ സങ്കടങ്ങൾ തന്നെയാണ്.


2023-ലെ അന്താരാഷ്ട്ര ബുക്കർ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച മെക്സിക്കൻ എഴുത്തുകാരി ഗ്വാദലൂപ്പെ നെറ്റലിന്റെ 'സ്റ്റിൽ ബോൺ' (Still Born) എന്ന കൃതിയും ഈ അവസ്ഥ വെളിവാക്കുന്നതാണ്. പുസ്തകത്തിന്റെ ഒരധ്യായത്തിൽ കുഞ്ഞുങ്ങളോട് ഏകാധിപത്യത്തെപ്പറ്റി പറഞ്ഞേ മതിയാവൂ എന്ന് ജയകൃഷ്ണൻ പറയുന്നു. കാരണം അതിന്റെ നരകത്തിൽ ഏറ്റവും കഷ്ടത അനുഭവിക്കേണ്ടി വരുന്നത് അവർ തന്നെയാണ്.


​'വാക്കോള'ത്തിന്റെയുള്ളിൽ ഏകാന്തതയും, പ്രേമവും ,ലഹരിയും, ദാരിദ്ര്യവും മനുഷ്യനെയും എഴുത്തുകാരനെയും എങ്ങനെ രൂപപ്പെടുത്തുന്നുവെന്നും മാറ്റിമറിക്കുന്നുവെന്നും പല പുസ്തകോദാഹരണങ്ങളിലൂടെ ഗ്രന്ഥകാരൻ ശ്രദ്ധയിൽപ്പെടുത്തുന്നുണ്ട്. എല്ലാ താളുകളുടെയും തുടക്കത്തിൽ എഴുത്തുകാരുടെ ചിത്രങ്ങളുണ്ട്. ജയകൃഷ്ണൻ എഴുതിയ മിക്ക പുസ്തകങ്ങളും ലേഖനങ്ങളും വായിച്ചിട്ടുള്ള ഒരുവൾ എന്ന നിലയ്ക്ക് ചിത്രങ്ങൾക്ക് അല്ലെങ്കിൽ ചിത്രഭാഷ്യത്തിന് അദ്ദേഹം നൽകുന്ന പ്രാധാന്യം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എഴുത്തുകളുടെ സമാന്തര ഭാഷ തന്നെയാണ് ചിത്രങ്ങൾ.


​പല രാജ്യങ്ങളിലെ, പല ഭാഷകളിലെ കവിതകളാൽ സമ്പന്നമാണ് ഇതിലെ താളുകൾ. 'സാമ്രാജ്യങ്ങൾ വരും പോകും' എന്ന അധ്യായത്തിൽ, എന്തിനും മീതെ ലോകത്തിന്റെ എല്ലാ വിശദാംശങ്ങളോടുമുള്ള സഹാനുഭൂതിയും അനുതാപവുമാണ് കവിത എന്ന് പറയുന്നു. മഹ്മൂദ് ദർവീഷ്, റൗൾ സുരിത, മുഹമ്മദ് എൽ-കുർദ്, മൊസാബ് അബു തോഹ, സെർഹി ഷദാൻ, ഇല്യ കാമിൻസ്കി, ജിയോവാനി തുടങ്ങി എത്രയോ കവികളും അവരുടെ കവിതകളും ഇതിൽ പരാമർശിക്കപ്പെടുന്നുണ്ട്. പല കഥകളും വ്യാഖ്യാനിക്കാൻ കവിതകളും,കവിതകൾ വ്യാഖ്യാനിക്കാൻ കഥകളും ചിലപ്പോൾ സിനിമകളും പറയുന്നു. ഇവയൊന്നുമല്ലാതെ പുസ്തകത്തിന്റെ ഏടുകളിൽ ചരിത്രത്തിലും, സാഹിത്യത്തിലും, അദ്ദേഹം വായിച്ച അസാധാരണമായ സൗഹൃദങ്ങളും സങ്കീർണ്ണമായ ബന്ധങ്ങളും കവിത വഴിയുന്ന ഭാഷയിൽ വിവരിക്കുന്നു.


'ബോർഹസ് ഇൻ ഹെൽ'


​തെരേസ വിംസ് മോംത് പോലുള്ള എഴുത്തുകാരുടെ വ്യക്തിപരമായ ജീവിത കഥകളും ഇതിലുണ്ട്. "സ്വർഗ്ഗത്തെ ഒരു ഗ്രന്ഥാലയമായാണ് ഞാൻ എപ്പോഴും സങ്കൽപ്പിച്ചിരുന്നത്" എന്ന് പറഞ്ഞ ബോർഹസിന് അർജന്റീനയിലെ നാഷണൽ ലൈബ്രറിയുടെ തലവനായപ്പോൾ കാഴ്ചശക്തി നഷ്ടപ്പെട്ടിരുന്നു. "ഉജ്ജ്വലമായ വൈരുദ്ധ്യത്തോടെ ദൈവം എനിക്ക് ഒരേസമയം പുസ്തകങ്ങളും അന്ധതയും നൽകി" എന്ന് അദ്ദേഹം എഴുതി. ബോർഹസിന്റെ ഈ സ്വർഗ്ഗസങ്കൽപ്പത്തെ അംഗോളൻ എഴുത്തുകാരനായ ഷൂസെ എദ്വാർദോ അഗ്വാലൂസ തന്റെ 'ബോർഹസ് ഇൻ ഹെൽ' എന്ന കഥയിൽ തിരുത്തിക്കുറിക്കുന്നുണ്ട്. പറന്നുയരുന്നവരുടെയും അപ്രത്യക്ഷമാകുന്നവരുടെയും ആഖ്യാനമാണല്ലോ സാഹിത്യം. ബോർഹസിന്റെ അന്ധതയെപ്പറ്റി ഇത്രയും ആർദ്രമായി ചിന്തിക്കാൻ പ്രേരിപ്പിച്ചത് 'വാക്കോളം' വായിച്ചപ്പോഴാണ്. അഗ്വാലൂസയുടെ 'എ പ്രാക്ടിക്കൽ ഗൈഡ് ടു ലെവിറ്റേഷൻ' (A Practical Guide to Levitation) എന്ന കഥാസമാഹാരത്തെപ്പറ്റി പറയുമ്പോഴാണ് ഈ പരാമർശം.


പരിഭാഷകളുടെ പ്രാധാന്യത്തെക്കുറിച്ചും ഈ പുസ്തകത്തിൽ പറയുന്നുണ്ട്. ഈഡിത് ഗ്രോസ്മാനെപ്പറ്റി പറയുന്ന അധ്യായം വളരെ പ്രധാനപ്പെട്ടതാണ്. പരിഭാഷകളില്ലായിരുന്നുവെങ്കിൽ ഇങ്ങനെ ഒരു പുസ്തകം നമ്മൾ വായിക്കുമായിരുന്നില്ലല്ലോ.നിസ്സഹായതയുടെയും ഏകാന്തതയുടെയും ആഖ്യാനങ്ങളാണ് ഇതിൽ പലതും.


"ജാലകത്തിനരികിൽ നിന്ന് പൂന്തോട്ടത്തിലേക്ക് നോക്കുന്നതിനിടയിൽ രാത്രി വന്നു. വാതിലിൽ ആരോ മുട്ടുന്നത് അവൾ കേട്ടില്ല. ശബ്ദമില്ലാത്ത രാത്രി ചെറുമരങ്ങളെ ഒന്നിച്ച് കൂട്ടുന്നത് എങ്ങനെയാണ്? അവസാനത്തെ രാത്രി പെറുക്കിയെടുക്കുന്ന ഇലകളും ഇരുട്ടിനെ ചെറുക്കാതെ നിയന്ത്രണങ്ങളുടെ അതിരുകളെ സ്വീകരിക്കുന്നു."


ഇലകളെ ഇല്ലാതാക്കുന്ന രാത്രിയെപ്പോലെ


2023-ലെ ബുക്കർ പുരസ്കാരം നേടിയ ഐറിഷ് എഴുത്തുകാരൻ പോൾ ലിഞ്ചിന്റെ 'പ്രോഫെറ്റ് സോങ്' (Prophet Song) എന്ന നോവൽ തുടങ്ങുന്നത് ഇങ്ങനെയാണ്. ഇതിന്റെ കഥ നടക്കുന്നത് അയർലൻഡിലാണെങ്കിലും, ഇത് സന്തുഷ്ടിയും വിനാശവും നിറഞ്ഞ ഏതു പ്രദേശവുമാകാം. സിറിയൻ ആഭ്യന്തരയുദ്ധമാണ് ഈ നോവൽ എഴുതാൻ തനിക്ക് പ്രചോദനമായതെന്ന് എഴുത്തുകാരൻ പറഞ്ഞിട്ടുണ്ടെങ്കിലും ഇതിന്റെ അതിരുകൾ വിശാലമാണ്. ആദ്യ കഥാസന്ദർഭം തുടങ്ങുന്നത് നായികയായ എലീഷിന്റെ ഭർത്താവിനെ അന്വേഷിച്ചു വന്ന രഹസ്യപ്പോലീസുകാർ വാതിലിൽ മുട്ടുന്നതോടെയാണ്. ഇലകളെ ഇല്ലാതാക്കുന്ന രാത്രിയെപ്പോലെയായിരുന്നു അത്. ഭർത്താവ് വീട്ടിൽ ഇല്ലായിരുന്നെങ്കിലും പിന്നീട് അയാൾക്ക് സ്റ്റേഷനിലേക്ക് പോകേണ്ടി വരുന്നു. അവിടെവെച്ച് അയാൾക്കെതിരെ കുറ്റങ്ങൾ ആരോപിക്കപ്പെടുന്നു. അടിയന്തരാവസ്ഥ നിലനിൽക്കുന്ന രാജ്യത്ത് പരമാധികാരം കൈവശപ്പെടുത്തിയ പോലീസുകാർ നിയമങ്ങളൊന്നും കണക്കിലെടുക്കുന്നില്ല. ഒരു ജാഥയിൽ പങ്കെടുത്തതിന് അയാൾ അറസ്റ്റിലാകുകയും പിന്നീട് അപ്രത്യക്ഷനാവുകയും ചെയ്യുന്നു. അങ്ങനെ അപ്രത്യക്ഷനാകുന്ന ഒരാളുടെ ഭാര്യയെപ്പറ്റി, ഖണ്ഡികകളില്ലാതെ, ഇടതടവില്ലാത്ത പ്രവാഹം പോലെ എഴുതപ്പെട്ട ഈ നോവൽ ഒരു ദുസ്വപ്നമായി മാറുന്നു.


"അവൾ അവളെത്തന്നെ വിളിക്കുകയായിരുന്നു, പക്ഷേ അവളുടെ ശബ്ദം ആർക്കും കേൾക്കാനാവുന്നില്ല." നിസ്സഹായമാക്കപ്പെടുന്ന ജനാധിപത്യങ്ങളെക്കുറിച്ചുള്ള ശക്തമായ ചോദ്യം ചെയ്യലുകളാണ് എഴുത്തുകാരൻ്റെഭാഷയും.


​എത്ര തീവ്രമായ പ്രേമത്തിലായാലും, സമാധാനമുള്ള ജീവിതത്തിലായാലും, ആരൊക്കെ ഒപ്പമുണ്ടെങ്കിലും മനുഷ്യൻ ആന്തരികമായി അരക്ഷിതനും ഏകാകിയുമാണ്. ഏകാന്തത ചിലപ്പോൾ നമ്മൾ ആഗ്രഹിക്കുന്നതാണെങ്കിൽപ്പോലും, ഈ ഒറ്റപ്പെടലിൽ നിന്നും എന്ത് മോചനം? കാറ്റലൻ എഴുത്തുകാരിയായ ഇവാ ബൽത്തസാറിന്റെ 'ബോൾഡർ' (Boulder) എന്ന നോവലിൽ പ്രണയവും മാതൃത്വവും ഏകാന്തതയും സമുദ്രവുമാണ് പ്രമേയം.


ഈ പുസ്തകം 2023-ലെ അന്താരാഷ്ട്ര ബുക്കർ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചതാണ്. മാതൃത്വവും പ്രണയവും മഹത്തരമാണ്, പക്ഷേ മനുഷ്യവംശത്തിന്റെ ഉദ്ഭവത്തോളം പഴക്കമുള്ള ഏകാന്തതയെ നമ്മൾ എങ്ങനെ മറികടക്കും? ഒറ്റപ്പെടലിന്റെ കടൽ എങ്ങനെ കടക്കും? ചോദ്യങ്ങളുടെ ഉത്തരമില്ലായ്മയാണ് ഈ പുസ്തകമെന്ന് 'വാക്കോള'ത്തിൽ ജയകൃഷ്ണൻ എഴുതുന്നു. ആ ഏകാന്തതയുടെ അരക്ഷിതാവസ്ഥ, തിരക്കുള്ള ജീവിതത്തിലും സുരക്ഷിതമായ പ്രണയത്തിലുമാണെങ്കിൽപ്പോലും അനുഭവിക്കാത്തവരുണ്ടോ എന്ന്, അതേ ഏകാന്തതയിൽ നിന്നും എഴുതുന്ന, ജീവിക്കുന്ന, പ്രേമിക്കുന്ന ഈ വായനക്കാരിയും ഓർത്തുപോകുന്നു.


നമ്മൾ പറയാൻ ആഗ്രഹിക്കുന്നത്


ആൽവാരോ പോംബോ 'ദി ഹീറോസ് ട്രെമർ' (The Hero's Tremor) എന്ന നോവലിൽ ഏകാന്തതയെക്കുറിച്ച് ഇങ്ങനെ എഴുതി."നമ്മൾ പറയാൻ ആഗ്രഹിക്കുന്നത്, എങ്ങനെയാണ് പറയേണ്ടത് എന്ന് ബോധ്യമുള്ളത്,അതാണ് നമ്മൾ പറയാതിരിക്കുക. ഒരിക്കലും അയക്കാത്ത ഒരു കത്തുപോലെ. ദ്വീപുകൾ ഉണ്ടാകുന്നത് അങ്ങനെയും കൂടിയാണ്. പറയാൻ ആഗ്രഹിക്കുന്നത് പറയാതെയും, കേൾക്കാൻ ആഗ്രഹിക്കുന്നത് കേൾക്കാതെയും."


​ആമുഖത്തിൽ ജയകൃഷ്ണൻ പറഞ്ഞതുപോലെ, നിഗൂഢമായ അക്ഷരങ്ങൾ വായിച്ച ഒരു മാന്ത്രികവിളക്ക് കണ്ടെടുക്കുന്നതിനെപ്പറ്റി 'ഇമാജിനറി ലൈവ്സ്' (Imaginary Lives) എന്ന പുസ്തകത്തിൽ മാർസെൽ ഷ്വോബ് പറയുന്നുണ്ട്. ഓരോ വായനയും അങ്ങനെയൊരു മാന്ത്രികവിളക്കാണ്; പക്ഷേ അത് ജീവിതത്തിന്റേതുമാകാം, മരണത്തിന്റേതുമാകാം. അവ രണ്ടും എഴുത്തുകാരന്റെ മാത്രമല്ല, വായനക്കാരന്റെ കൂടി ഭാഗമാണ്. ഈ പുസ്തകത്തിലെ ഒരു അധ്യായത്തിൽ പറയുന്നതുപോലെ, ഇത് ശരിക്കും നിറങ്ങളുടെ സ്വപ്നവും നിറമില്ലായ്മയുടെ ദു:സ്വപ്നവും പകർത്തിയ പുസ്തകമാണ്. ഇതിന്റെ താളുകളിൽ എത്രയോ ജീവിതങ്ങളും മരണങ്ങളും കഥകളും ഉപകഥകളും ചരിത്രവും കവിതയും സിനിമയും ചിത്രങ്ങളും സ്വപ്നങ്ങളും എഴുത്തുകാരും വായനക്കാരുമൊക്കെ വന്നുപോകുന്നു.


​ഇല്ലാതായ ലോകത്തുനിന്ന് ജീവിതത്തെ ഉയർത്തെഴുന്നേൽപ്പിക്കുന്ന, അല്ലെങ്കിൽ ജീവിതത്തെ സൃഷ്ടിക്കുന്നവയാണ് കഥപറച്ചിലുകൾ. നഷ്ടപ്പെട്ട ലോകത്തെ എഴുത്തിലൂടെ വീണ്ടെടുക്കുകയാണ് അവർ ചെയ്യുന്നത്. ഭ്രമാത്മകതയില്ലാത്തതൊന്നും യാഥാർത്ഥ്യമാവില്ല എന്ന് തിരിച്ചറിഞ്ഞവരാണ് എഴുത്തുകാർ. ഈ പുസ്തകത്തിന്റെ ആദ്യഭാഗത്ത് പറയുന്ന, കഥകളിൽ നിന്നിറങ്ങി ജീവിതത്തിലേക്ക് നടന്നവരെപ്പറ്റിയുള്ള ഭാഗം പലപ്പോഴും എന്നെ ചിന്തിപ്പിച്ചിട്ടുണ്ട്. ഒരു സാഹിത്യസമ്മേളനത്തിൽ പങ്കെടുക്കാൻ ഒരു ദ്വീപിലെത്തിയവരുടെ ഇന്റർനെറ്റും മറ്റെല്ലാ ബന്ധങ്ങളും വിച്ഛേദിക്കപ്പെടുന്നു. ആർക്കും അവിടെനിന്ന് പോകാൻ കഴിയില്ലെന്ന് തോന്നുന്ന ആ സമയത്ത്, എഴുത്തുകാരുടെ കഥാപാത്രങ്ങൾ അവിടേക്ക് കടന്നുവരികയാണ്. കഥാപാത്രങ്ങൾ യഥാർത്ഥ ലോകത്തിലേക്ക് കടന്നുവരുന്ന ആ അവസ്ഥയൊന്ന് ആലോചിച്ചുനോക്കൂ! തകർന്നടിഞ്ഞ ലോകത്തുനിന്ന് എഴുത്തിനെ മാത്രം പ്രത്യാശയോടെ കയ്യിലെടുത്ത്, ആ ദ്വീപിൽ നിന്ന് മണ്ണ് കണ്ടെത്തി ചെടികൾ നട്ടുവളർത്തി, മേഘങ്ങളും മഴവില്ലുകളും നിറഞ്ഞ ഒരിടം അവർ സൃഷ്ടിച്ചെടുക്കുന്നു. ഏഴു ദിവസങ്ങൾ കൊണ്ട് ഷൂസെ എദ്വാർദോ അഗ്വാലൂസ 'ദ ലിവിംഗ് ആൻഡ് ദ റെസ്റ്റ്' (The Liviing and the Rest) എന്ന കഥയിൽ ഇത് വിവരിക്കുമ്പോൾ, ഭാവനയുടെയും യാഥാർത്ഥ്യത്തിന്റെയും അതിരുകൾ മാഞ്ഞുപോകുന്നു. തകർന്ന ലോകത്തുനിന്നുള്ള വീണ്ടെടുപ്പുകളാണല്ലോ സത്യത്തിൽ ജീവിതവും കഥകളും.


​ലാസ്ലോ ക്രസ്നഹോർക്കയിയുടെ ഒരു വാക്കോ വരിയോ എന്ന് പറയുന്നത് എത്രയോ പേജുകളുണ്ടെങ്കിൽ, അതിൽ നിന്ന് അർത്ഥം സ്വാംശീകരിച്ച് എഴുതുക എന്നത് എളുപ്പമല്ല. ജയകൃഷ്ണൻ ഒരു പുസ്തകത്തെ വായിക്കുന്നത്, അത് എത്ര മോശം പുസ്തകമാണെങ്കിൽപ്പോലും അതിൽ നന്മയുടെ ഒരു വശം മാത്രം കണ്ടുകൊണ്ടാണ്. അല്ലെങ്കിൽ അതിന്റെ കഥയിൽ അദ്ദേഹത്തിന് പ്രിയപ്പെട്ട ഒരു ഭാഗം തിരഞ്ഞെടുത്താണ് അദ്ദേഹം ആ കഥയെ പറയുന്നത്. എത്രയോ ക്ഷമയും ഏകാഗ്രതയും വേണം ഇത്തരമൊരു കണ്ടെത്തലിന്.


ജീവിതങ്ങളുടെ സ്പന്ദനം


​എത്രയോ വൈവിധ്യമാർന്ന വിഷയങ്ങളാണ് ഈ പുസ്തകത്തിൽ ചർച്ച ചെയ്യുന്നത്. ഒരു വിസ്മയത്തിലും ജലരാശിയിലും മുങ്ങിമരിക്കാനാവാത്ത ചിലരെപ്പറ്റി, എക്കാലത്തെയും മികച്ച ചില പരിഭാഷകരെപ്പറ്റി, നിശബ്ദതയിൽ എഴുതുന്ന വാക്കുകളെപ്പറ്റി, ചീവീടിന്റെ സംഗതപാഠങ്ങളെപ്പറ്റി, വഴിമാറിയൊഴുകുന്ന നദികളെപ്പറ്റി, മരണത്തിലേക്ക് മാത്രമുള്ള തിരിച്ചുവരവുകളെപ്പറ്റി, യുദ്ധം മനുഷ്യജീവിതത്തിലുണ്ടാക്കുന്ന ആഘാതങ്ങളെപ്പറ്റി, സ്വന്തം കഥാപാത്രമാവുകയും മറ്റുള്ളവരുടെ കഥാപാത്രമാവുകയും ചെയ്ത മനുഷ്യരെപ്പറ്റി അങ്ങനെ എന്തൊക്കെ വിഷയങ്ങളെപ്പറ്റി ഈ പുസ്തകം സംസാരിക്കുന്നു. ഇതിന്റെ സമഗ്രാധിപത്യം ഏത് മേഖലയിലാണ് ഇല്ലാത്തത്? ഇങ്ങനെയൊരു പുസ്തകം വായിക്കുമ്പോൾ എത്രയോ ജീവിതങ്ങളുടെ സ്പന്ദനമാണ് നമ്മുടെ ഹൃദയത്തിലേക്ക് എത്തിച്ചേരുന്നത്.


​ഒരാൾ ജീവിക്കുന്നത് എന്തിനാണ്? ഓർമ്മിക്കാൻ വേണ്ടിയാണോ? മേരി ഹൗവിന്റെ 'വാട്ട് ദ ലിവിങ് ഡു' (What the Living Do) എന്ന കവിതയിൽ പറയുന്നുണ്ട്: ജീവിച്ചിരിക്കുന്നവർ ദൈനംദിന ജീവിതചര്യകളിൽ മുഴുകുക മാത്രമാണ് ചെയ്യുന്നത്. കെടുത്താനാവാത്ത ആ വെയിൽ അവരെ വെറിപിടിപ്പിക്കുന്നു, വാതിലുകൾ വലിച്ചടയ്ക്കുന്നു. എങ്കിലും ചിലപ്പോൾ വഴിവക്കിലെ കടകളുടെ കണ്ണാടിയിൽ പ്രതിഫലിക്കുന്ന സ്വന്തം രൂപം കാണുമ്പോഴാകാം ചില ഓർമ്മകൾ അവരിലേക്ക് കടന്നു വരുന്നത്.


"ഞാൻ ജീവിക്കുന്നു, ഞാൻ നിന്നെ ഓർമ്മിക്കുന്നു." ആ ലേഖനത്തിന്റെ ഒടുവിൽ പറയുന്നതുപോലെ, ഇനി എന്ത് സംഭവിക്കുമെന്ന് എഴുത്തുകാരനും വായനക്കാരനും അറിയുന്നില്ല. അതുകൊണ്ട് കൂടിയാണ് അവർ ജീവിക്കുന്നതും ഓർമ്മിക്കുന്നതും.


​ഈ പുസ്തകത്തിൽ പറഞ്ഞതുപോലെ, ഇതിൽ മറഞ്ഞിരിക്കുന്ന ഉദ്യാനങ്ങളും ഒളിച്ചുവെച്ച പുസ്തകങ്ങളുമുണ്ട്. ഒറ്റ വായന കൊണ്ടൊന്നും ഇതിനെ വ്യാഖ്യാനിച്ചെഴുതാൻ സാധിക്കുകയില്ല. ഒരു ഖണ്ഡിക തന്നെ നിരവധി പുസ്തകങ്ങളിലേക്കും, ഒരു പുസ്തകം നിരവധി കഥകളിലേക്കും കവിതകളിലേക്കും സിനിമകളിലേക്കും നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. വായനാകുതുകിയായ ഒരാൾക്ക് ഈ പുസ്തകം നിസ്സാരമായ ഒന്നല്ല.ഇതിൽ പറയുന്നതുപോലെ പ്രപഞ്ചത്തിന്റെ സാരാംശം ഉൾക്കൊള്ളുന്ന, വിലമതിക്കാനാവാത്ത ഒന്നാണിത്.


​വായിച്ചു നിർത്തുമ്പോൾ സ്പാനിഷ് കവിയായ റാഫേൽ ഗിയെന്റെ ഒരു കവിതയിലെ വരികൾ ഓർമ്മിക്കുന്നു:


"I imagine you counting butterflies.

Your hair drags behind you

through the dark streets,

my friend of the corner

that silhouettes your shadow,

girl of little scraps of misfiled history"


അതെ,നഷ്ടപ്പെട്ട ഓർമ്മകളുടെയും പറയാതെ പോയ കഥകളുടെയും ഇടയിൽ ജീവിക്കുന്ന ഈ അക്ഷരമനുഷ്യനെ, ആദരവോടെ ഈ പുസ്തകം വായിച്ച് ദൂരത്തുനിന്നും ഓർക്കുന്നു. അറിയാത്ത നാടുകളുടെ, കേൾക്കാത്ത ഭാഷകളുടെ, കാണാത്ത മനുഷ്യരുടെ ഉള്ളതും ഇല്ലാത്തതുമായ ലോകത്തിൻ്റെ, എത്ര അപൂർവ്വ കഥകളും കവിതകളും ചരിത്രങ്ങളും വിശേഷങ്ങളും ആണ് അല്ലെങ്കിൽ എത്ര വലിയ നിധിയാണ് ഒരു പുസ്തകത്തിലൂടെ നിങ്ങൾ, ഞങ്ങൾക്കായി സമ്മാനിച്ചത്..



സ്‌മിത ഗിരീഷ്



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home