ad
Deshabhimani

print edition മാഞ്ഞു നീലാകാശം

messi
വെബ് ഡെസ്ക്

Published on Sep 01, 2026, 12:47 AM | 2 min read

ബ്യൂണസ്‌ ഐറിസ്‌: ഇനിയൊരു മെസിക്കാലമില്ല. മാന്ത്രിക നിമിഷങ്ങളും ഓർമ. കണ്ണീരും നിരാശയും കടന്ന് അനന്തമായ ആനന്ദത്തിനുശേഷം മെസി തീരുമാനിച്ചു. സമയമായി, നിർത്തുന്നു. രണ്ട്‌ പതിറ്റാണ്ടിന്റെ കളിയഴക്‌ കണ്ടു. ലോകം ചിലപ്പോഴൊക്കെ മെസിയെന്ന ഒറ്റപ്പന്തായി മാറി. നേടാനുള്ളതൊക്കെ നേടിയാണ്‌ മടക്കം. 2005 ആഗസ്‌തിൽ ഹംഗറിക്കെതിരായ മത്സരത്തിലാണ്‌ നീലയും വെള്ളയുമണിഞ്ഞ അർജന്റീന കുപ്പായത്തിൽ ഇറങ്ങുന്നത്‌. ചുവപ്പുകാർഡ്‌ വാങ്ങി കളംവിട്ടു. അതിനുശേഷം ചരിത്രം പുതിയ അധ്യായങ്ങളെഴുതുകയായിരുന്നു.


ഇടംകാലിൽനിന്നുള്ള മഴവിൽ കിക്കുകൾ. എതിരാളികളെ ഒന്നൊന്നായി വെട്ടിയൊഴിഞ്ഞ്‌ മുന്നേറിയുള്ള അതിമനോഹര നീക്കങ്ങൾ. ചില ഗോൾ വഴികൾ മെസിക്ക്‌ മാത്രം കാണാൻ കഴിയുന്നവയായിരുന്നു. എതിർ പ്രതിരോധത്തിലെ നേരിയ വിടവുകൾ മതി. 2022 ലോകകപ്പിൽ മെക്‌സിക്കോയ്‌ക്കെതിരായ നിർണായക കളിയിൽ തൊടുത്ത ഗോൾ അതുപോലുള്ള ഒന്നായിരുന്നു. പന്ത്‌ കിട്ടിയാൽ പിന്നെ ആ കാലുകൾ അതിവേഗത്തിലാകും. ഗോൾ കീപ്പറുടെ സ്ഥാനം, പ്രതിരോധം എന്നിവയെല്ലാം നിമിഷങ്ങൾ കൊണ്ട്‌ നിരീക്ഷണത്തിലാകും. ഒപ്പം സഹതാരങ്ങളുടെ നീക്കവും. ഗോളടിക്കുന്നതിനൊപ്പം ഗോളടിപ്പിക്കാനും ആനന്ദം കണ്ടെത്തി.


ലാ മാസിയ അക്കാദമിയിൽ ഏകനായി, വല്ലാത്തൊരു അപകർഷതാ ബോധത്തിൽ മാറിയിരിക്കുന്ന പതിമൂന്നുകാരൻ ലയണൽ മെസിയെ ബാഴ്‌സലോണയിലെ സഹതാരമായിരുന്ന ജെറാർഡ്‌ പിക്വെ ഓർക്കുന്നുണ്ട്‌. ബാഴ്‌സയിൽ പിന്നീട്‌ അത്ഭുതങ്ങൾ തീർത്തു. പക്ഷേ, ദേശീയ കുപ്പായത്തിൽ തളരുന്ന കാഴ്‌ചയായിരുന്നു തുടക്കത്തിൽ. ‘ക്ലബ്ബല്ല, അർജന്റീന ടീമെന്ന്‌ ഓർക്കണം’– ദ്യേഗോ മാറഡോണ ഒരിക്കൽപ്പറഞ്ഞു. പതിനെട്ടാം വയസിൽ ലോകകപ്പിൽ അരങ്ങേറുന്പോൾ ഭയം വിട്ടുമാറിയിരുന്നില്ല. അർജന്റീനയിൽ വിമാനമിറങ്ങുന്പോഴോ ദേശീയ ഗാനം കേൾക്കുന്പോഴോ മാത്രം ദേശീയ വികാരമുണ്ടായാൽപ്പോര–അർജന്റീന പത്രം എൽ ക്ലാരിൻ ഒരിക്കൽ എഴുതി. അച്ഛൻ ഹോർഹെ മെസിക്ക്‌ മുന്നിൽ വിതുന്പി. റൊസാരിയോയുടെ തെരുവിൽനിന്ന്‌ വിലാപമുയർന്നു. ഹോർഹെ മകനെ ചേർത്തുപിടിച്ചു. 2014ലെ ഫൈനൽ തോൽവി ഹൃദയം തകർത്തു. പിന്നാലെ കോപയിൽ രണ്ട്‌ ഫൈനൽ തോൽവികൾ. 2016ൽ ചിലിക്കെതിരായ ഷൂട്ട‍ൗട്ടിൽ കിക്ക്‌ പാഴാക്കിയശേഷം കൊച്ചുകുഞ്ഞിനെപ്പോലെ കളത്തിൽ പൊട്ടിക്കരഞ്ഞു. ഞെട്ടിക്കുന്ന പ്രഖ്യാപനം പിന്നാലെ. ‘ഞാൻ നിർത്തുന്നു’.


പക്ഷേ, തിരിച്ചുവരാതിരിക്കാനായില്ല. പിണക്കം മറന്ന അർജന്റീന ആരാധകർ ചേർത്തുപിടിച്ചു. ഓരോ നീക്കത്തിലും ആർപ്പുവിളികൾ ഉയർന്നു. പുതിയ ഉ‍ൗർജംനിറഞ്ഞു. 2022 ലോകകപ്പിനുശേഷം വിരമിക്കുമെന്ന സൂചനയുണ്ടായെങ്കിലും തുടർന്നു. 2026 ലോകകപ്പിലെ ആദ്യ കളിയിൽ അൾജീരിയക്കെതിരെ ഹാട്രിക്‌ അടിച്ചാണ്‌ തുടങ്ങിയത്‌. അപ്പോഴും അച്ഛൻ ഹോർഹെയുടെ ആരോഗ്യ പ്രശ്‌നങ്ങൾ മനസിനെ അലട്ടി. ഒടുവിൽ ഹോർഹെ വിടവാങ്ങിയപ്പോൾ മെസിയുടെ ഫുട്‌ബോൾ ജീവിതവും അവസാനിക്കുന്നു.


കാരണമായത്‌ അച്ഛന്റെ മരണം


മയാമി : ലയണൽ മെസിയുടെ അപ്രതീക്ഷിത വിടവാങ്ങലിന്‌ പിന്നിൽ അച്ഛൻ ഹോർഹെ മെസിയുടെ മരണവും കാരണമായി. കഴിഞ്ഞ മാസമാണ്‌ മെസിയുടെ പിതാവ്‌ മരണപ്പെട്ടത്‌. വിരമിക്കൽ പ്രഖ്യാപിച്ചു കൊണ്ടുള്ള കുറിപ്പിന്റെ അവസാനം അർജന്റീന ക്യാപ്‌റ്റൻ ഇത്‌ വെളിപ്പെടുത്തി. ലോകകപ്പ്‌ ഫൈനലിന്റെ രണ്ടുദിവസത്തിനുശേഷമാണ്‌ ഇ‍ൗ കുറിപ്പ്‌ തയ്യാറാക്കിയതെന്നും അച്ഛന്റെ മരണത്തോടെ തീരുമാനം ഉറപ്പിച്ചെന്നും വ്യക്തമാക്കി.


ആറ്‌ ലോകകപ്പ്‌ , 21 ഗോൾ


2006ൽ പതിനെട്ടാം വയസിൽ ജർമനിയിൽ നടന്ന ലോകകപ്പിലായിരുന്നു മെസിയുടെ അരങ്ങേറ്റം. സെർബിയയുമായുള്ള കളിയിൽ ലോകകപ്പിലെ ആദ്യ ഗോളടിച്ചു. 2010ൽ ഒറ്റ ഗോളും നേടാനായില്ല. 2014ൽ നാല്‌ ഗോളടിച്ചു. ജർമനിയോട്‌ ഫൈനൽ തോറ്റു. എങ്കിലും ലോകകപ്പിലെ മികച്ചതാരമായി. 2018ൽ മെസിയും അർജന്റീനയും മങ്ങി. അടിച്ചത്‌ ഒറ്റഗോൾ മാത്രം. 2022ൽ സ‍ൗദി അറേബ്യയുമായുള്ള ആദ്യ കളിയിൽ തോറ്റപ്പോൾ അർജന്റീന ഞെട്ടി. പിന്നീട്‌ കണ്ടത്‌ ടീമിനെ ഒറ്റയ്‌ക്ക്‌ നയിക്കുന്ന മെസിയെയായിരുന്നു. ഫൈനലിൽ ഫ്രാൻസിനെതിരെ രണ്ട്‌ ഗോളടിച്ചു. ഷൂട്ട‍ൗട്ടിൽ കിക്ക്‌ ലക്ഷ്യത്തിലെത്തിച്ചു. കാത്തിരുന്ന ലോക കിരീടവും സ്വന്തമാക്കി. ആകെ ഏഴ്‌ ഗോൾ. 2026ൽ ഏഴ്‌ കളിയിൽ എട്ട്‌ ഗോളടിച്ചു. നാലെണ്ണത്തിന്‌ അവസരമൊരുക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home