ad
Deshabhimani

print edition ഇതിഹാസങ്ങൾ കണ്ടുമുട്ടി: സ‍ൗഹൃദം പങ്കിട്ട്‌ ലയണൽ മെസിയും സച്ചിനും

sachin tendulkar messi
വെബ് ഡെസ്ക്

Published on Dec 15, 2025, 12:00 AM | 1 min read

മുംബൈ: വാംഖഡെ സ്‌റ്റേഡിയത്തിൽ രണ്ട്‌ ഇതിഹാസങ്ങൾ കണ്ടുമുട്ടി. ലയണൽ മെസിയും സച്ചിൻ ടെണ്ടുൽക്കറും. ഇരുവരും സ‍ൗഹൃദം പങ്കിട്ടു. സമ്മാനങ്ങൾ കൈമാറി. ഇതേ സ്‌റ്റേഡിയത്തിൽ 14 വർഷം മുമ്പ്‌ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്‌ നേടിയപ്പോൾ അണിഞ്ഞ പത്താംനമ്പർ ജഴ്‌സിയാണ്‌ സച്ചിൻ മെസിക്ക്‌ നൽകിയത്‌. മെസിയുടെ സമ്മാനം ലോകകപ്പ്‌ ഫുട്‌ബോളായിരുന്നു.


ഹൈദരാബാദിൽ നിന്ന്‌ ഇന്നലെ രാവിലെയാണ്‌ മെസി മുംബൈ നഗരത്തിലെത്തിയത്‌. ഇന്റർ മയാമി ക്ലബ്ബിൽ സഹതാരങ്ങളായ ലൂയിസ്‌ സുവാരസും റോഡ്രിഗോ ഡി പോളും ഒപ്പമുണ്ടായിരുന്നു. വൈകീട്ട്‌ തിങ്ങിനിറഞ്ഞ വാംഖഡെ സ്‌റ്റേഡിയത്തിൽ കാണികളെ അഭിവാദ്യം ചെയ്‌ത മെസി ഗ്യാലറിയിലേക്ക്‌ പന്തടിച്ച്‌ നൽകി. ഷൂട്ട‍ൗട്ട്‌ മത്സരത്തിൽ പങ്കെടുത്തു. സുനിൽ ഛേത്രി അടക്കമുള്ള ഇന്ത്യൻ കളിക്കാരുമായി സംസാരിക്കുകയും അവർക്കൊപ്പം പന്ത്‌ തട്ടുകയും ചെയ്‌തു. ബോളിവുഡ്‌ താരങ്ങൾക്കൊപ്പം പ്രദർശന മത്സരത്തിലും കുട്ടികൾക്കായുള്ള പരിശീലനപരിപാടിയിലും പങ്കെടുത്തു. രാത്രി ഫാഷൻഷോയിൽ സിനിമാതാരങ്ങളായ കരീന കപൂർ, ജാക്കി ഷറഫ്‌, ജോൺ അബ്രഹാം എന്നിവർക്കൊപ്പം അണിനിരന്നു.


മൂന്ന്‌ ദിവസത്തെ പര്യടനം ഇന്നവസാനിക്കും. രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ചയുണ്ട്‌. അതിനുശേഷം ചീഫ്‌ ജസ്‌റ്റിസ്‌, സൈനിക മേധാവി, അർജന്റീന അംബാസഡർ എന്നിവരെയും കാണും. 12.30ന്‌ അരുൺ ജെയ്‌റ്റ്‌ലി സ്‌റ്റേഡിയത്തിൽ പൊതുപരിപാടി. വൈകീട്ടോടെ മടങ്ങിപ്പോകും. കൊൽക്കത്തയിൽ നടന്ന സ്വീകരണ പരിപാടി അലങ്കോലപ്പെട്ടിരുന്നു. മുഖ്യ സ്‌പോൺസർ എ ശതാദ്രു ദത്ത പൊലീസ്‌ കസ്‌റ്റഡിയിൽ കഴിയവെയാണ്‌ ഹൈദരാബാദ്‌, മുംബൈ നഗരങ്ങളിൽ പരാതികളില്ലാതെ പരിപാടികൾ നടന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home