ad
Deshabhimani

print edition എംബാപ്പെ വിളംബരം; ഫ്രാൻസ് വരുന്നു

Embappe.jpg

ലോകകപ്പിൽ സെനെഗലിനെതിരെ ഇരട്ട ഗോൾ നേടിയ കിലിയൻ എംബാപ്പെയെ സഹതാരങ്ങൾ അഭിനന്ദിക്കുന്നു

വെബ് ഡെസ്ക്

Published on Jun 18, 2026, 01:23 AM | 1 min read

ന്യൂയോർക്ക്‌: കിലിയൻ എംബാപ്പെ കുരുക്കിലായിരുന്നു. സെനെഗലുകാർ ആ കാലുകൾ കൂട്ടിക്കെട്ടി. ആദ്യപകുതി പന്ത്‌ തൊട്ടത്‌ 14 തവണ മാത്രം. എതിർ ബോക്‌സിൽ കാലുകുത്തിയത്‌ ഒരേയൊരു പ്രാവശ്യം.


കഴിഞ്ഞ രണ്ട്‌ ലോകകപ്പിലും ഫ്രാൻസിന്റെ ഇന്ധനമായ എംബാപ്പെയ്‌ക്ക്‌ ഇതെന്ത്‌ പറ്റി? ന്യൂ ജേഴ്‌സി സ്‌റ്റേഡിയം അമ്പരന്നു. 45 മിനിറ്റിലെ ആഫ്രിക്കൻ ചെറുത്തുനിൽപ്പിൽ ഫ്രാൻസിനൊപ്പം എംബാപ്പെയും കീഴടങ്ങി. ആദ്യപകുതി ഫ്രാൻസ്‌–0, സെനെഗൽ–0.


ഇടവേളയിൽ ഫ്രഞ്ച്‌ കോച്ച്‌ ദിദിയെർ ദെഷാം ഇരുപത്തേഴുകാരനെ പഴയകാലം ഓർമിപ്പിച്ചു. 24 വർഷം മുമ്പ്‌ സെനെഗലുകാരോട്‌ തോറ്റ ചരിത്രം പറഞ്ഞു. ഇനിയൊരു തിരിച്ചടി സഹിക്കാനാവില്ല. രണ്ടാംപകുതിയിൽ എല്ലാം ഉറപ്പിച്ചായിരുന്നു എംബാപ്പെ എത്തിയത്‌.


2018ൽ റഷ്യയിലും 2022ൽ ഖത്തറിലും കണ്ട മുന്നേറ്റക്കാരനായിരുന്നു പിന്നീട്‌ കളത്തിൽ. വേഗതയും കരുത്തും സമന്വയിപ്പിച്ച്‌ കളംവാണു. വ്യക്തി മികവിന്‌ അടിവരയിടുന്ന രണ്ട്‌ സുന്ദരൻ ഗോളുമായി നിറഞ്ഞു. ഇ‍ൗ കുതിപ്പിൽ സെനെഗൽ തീർന്നു. 3–1ന്റെ മിന്നും ജയത്തോടെ ഫ്രഞ്ചുകാരുടെ വിളംബരം. സൂക്ഷിക്കുക; ഫ്രാൻസ്‌ വരുന്നുണ്ട്‌.


പകരക്കാരനായെത്തി ബ്രാഡ്‌ലി ബർകോളയുടെ വകയായിരുന്നു മൂന്നാമത്തേത്‌. അവസാന നിമിഷം ഇബ്രാഹിം എംബായിലൂടെയായിരുന്നു സെനെഗലിന്റെ ആശ്വാസ ഗോൾ. മൂന്നാം ലോകകപ്പ്‌ കളിക്കുന്ന എംബാപ്പെയ്‌ക്ക്‌ 14 ഗോളായി. ലയണൽ മെസി, മിറോസ്ലാവ്‌ ക്ലോസെ, റൊണാൾഡോ എന്നിവർ മാത്രമാണ്‌ മുന്നിലുള്ളത്‌. ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനുമായി. 58 ഗോളായി. ഒളിവർ ജിറുവിന്റെ (57) പേര്‌ തിരുത്തി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home