ad
Deshabhimani

കാക്കനാട്ടെ വെള്ളക്കെട്ട് ദുരിതം: പ്രക്ഷോഭത്തിനൊരുങ്ങി എൽഡിഎഫ്

LDF

തൃക്കാക്കര നഗരസഭാ ഓഫീസിനും മുനിസിപ്പൽ സഹകരണ ആശുപത്രിക്കും സമീപമുള്ള താഴ്ന്ന പ്രദേശത്ത് കെഎംആർഎൽ അശാസ്ത്രീയമായി മണ്ണിട്ട് മൂടിയ ഭാഗം എൽഡിഎഫ് നേതാക്കൾ സന്ദർശിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Jun 18, 2026, 02:36 AM | 1 min read

​​കാക്കനാട്


തൃക്കാക്കര നഗരസഭാ ഓഫീസിനും മുനിസിപ്പൽ സഹകരണ ആശുപത്രിക്കും സമീപമുള്ള താഴ്ന്നപ്രദേശത്ത് മെട്രോ നിർമാണത്തിന്റെ ഭാഗമായി കെഎംആർഎൽ അശാസ്ത്രീയമായി മണ്ണിട്ട് മൂടിയതിൽ പ്രതിഷേധം ശക്തമാകുന്നു.


സീപോർട്ട്–എയർപോർട്ട് റോഡിന് അടിയിലൂടെയുള്ള സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെട്ടതോടെ പ്രദേശത്ത് മാസങ്ങളായി മഴവെള്ളം കെട്ടിക്കിടക്കുകയാണ്. ഇവിടെ കൊതുകുകൾ പെരുകുന്നതും മലിനജലത്തിൽനിന്നുള്ള ദുർഗന്ധവും സമീപത്തെ ആശുപത്രിയിലെത്തുന്ന രോഗികൾക്കും ജീവനക്കാർക്കും പ്രദേശവാസികൾക്കും ദുരിതമായി മറിയിരിക്കുകയാണ്‌. ഇങ്ങനെ വെള്ളംകെട്ടിക്കിടക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കുമെന്ന ആശങ്കയുമുണ്ട്‌.


മെട്രോറെയിൽ പദ്ധതിയുടെ ഭാഗമായുള്ള മണ്ണും കോൺക്രീറ്റ് മാലിന്യങ്ങളും തള്ളിയതോടെ കാക്കനാട്, കെബിപിഎസ്, മാവേലിപുരം തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള മഴവെള്ളം ഒഴുകിപ്പോകേണ്ട പ്രധാന കലുങ്കാണ്‌ മണ്ണിനടിയിലായത്‌. ഇത്‌ സീപോർട്ട്–എയർപോർട്ട് റോഡിനും സമീപത്തെ ഫ്ലാറ്റ് സമുച്ചയങ്ങൾക്കും കെട്ടിടങ്ങൾക്കും ഭീഷണിയായിട്ടുണ്ട്. വെള്ളം ശക്തമായി ഒഴുകിയെത്തി റോഡിന്റെ മറുവശത്തുള്ള ഫ്ലാറ്റുകളിലേക്ക് പതിക്കുന്ന സാഹചര്യമാണുള്ളതെന്ന് നാട്ടുകാർ പറയുന്നു.


​ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം കലുങ്ക് മൂടിയതായി കണ്ടെത്തിയിരുന്നു. ഇവിടത്തെ മണ്ണ് നീക്കാൻ കലക്ടർ ജി പ്രിയങ്ക കെഎംആർഎല്ലിന് നിർദേശം നൽകുകയും ചെയ്‌തു. എന്നാൽ, ജില്ലാ ഭരണകൂടത്തിന്റെ നിർദേശങ്ങൾപോലും അവഗണിച്ച് രാത്രിയിൽ മണ്ണിടൽ തുടരുകയാണെന്ന് സ്ഥലം സന്ദർശിച്ച എൽഡിഎഫ് നേതാക്കൾ ആരോപിച്ചു.


​സിപിഐ എം ഏരിയ സെക്രട്ടറി എ ജി ഉദയകുമാറിന്റെ നേതൃത്വത്തിൽ എൽഡിഎഫ് ജനപ്രതിനിധികളും സഹകരണ ആശുപത്രി ഭാരവാഹികളുമാണ്‌ ഇവിടം സന്ദർശിച്ചത്‌. പ്രശ്നം അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ നിർമാണപ്രവർത്തനങ്ങൾ തടയുന്നതുൾപ്പെടെയുള്ള ശക്തമായ ബഹുജന പ്രക്ഷോഭം ആരംഭിക്കുമെന്ന് നേതാക്കൾ പറഞ്ഞു. നഗരസഭയുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥയ്ക്കെതിരെയും സമരം സംഘടിപ്പിക്കും. ​ആശുപത്രി പ്രസിഡന്റ് ഡോ. എം പി സുകുമാരൻനായർ, വൈസ് പ്രസിഡന്റ് കെ മോഹനൻ, നഗരസഭ പ്രതിപക്ഷനേതാവ് സി പി സാജൽ, സിപിഐ എം ലോക്കൽ സെക്രട്ടറി ടി എ സുഗതൻ, എൽഡിഎഫ് കൗൺസിലർമാർ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home