ad
Deshabhimani

നീലേശ്വരം മിനി സിവിൽ സ്റ്റേഷൻ ഉദ്യോഗസ്ഥ അനാസ്ഥയിൽ കുടുങ്ങി സ്വപ്‌ന പദ്ധതി

മിനി സിവിൽ സ്റ്റേഷനായി നീലേശ്വരം വില്ലേജ് ഓഫീസ് വളപ്പിൽ  മണ്ണ് പരിശോധന നടത്തുന്നു (ഫയൽ ചിത്രം)
വെബ് ഡെസ്ക്

Published on Jun 18, 2026, 03:00 AM | 1 min read

നീലേശ്വരം ​ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ ചുവപ്പുനാടയിൽകുടുങ്ങി നീലേശ്വരത്തെ സ്വപ്‌നപദ്ധതിയായ മിനി സിവിൽ സ്റ്റേഷൻ. ധനകാര്യപ്രഖ്യാപനവും തുക അനുവദിക്കലുംകഴിഞ്ഞ് വർഷങ്ങൾപിന്നിട്ടിട്ടും ഉദ്യോഗസ്ഥഅനാസ്ഥകാരണം പദ്ധതി ഇപ്പോഴും കടലാസിൽമാത്രം. നിർമാണപ്രവർത്തനം കേവലം മണ്ണുപരിശോധനയിൽമാത്രം ഒതുങ്ങിയ സാഹചര്യത്തിൽ അധികൃതർക്കെതിരെ പ്രതിഷേധം ശക്തമായി. 2020–-21 സംസ്ഥാന ബജറ്റിൽ അന്നത്തെ എംഎൽഎ എം രാജഗോപാലന്റെ സജീവ ഇടപെടലിനെതുടർന്നാണ് നീലേശ്വരത്ത് മിനി സിവിൽ സ്റ്റേഷൻ നിർമിക്കാൻ അഞ്ച് കോടി രൂപ അനുവദിച്ചത്. പലയിടത്തായി ചിതറിക്കിടക്കുന്ന സർക്കാർ ഓഫീസുകൾ ഒരു കുടക്കീഴിൽ കൊണ്ടുവരാനാണ്‌ ഇത്തരമൊരു പദ്ധതിയുമായി സർക്കാർ പിന്തുണയോടെ നഗരസഭ മുന്നിട്ടിറങ്ങിയത്‌. നിലവിൽ നീലേശ്വരം വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്ന സ്ഥലത്ത് 2021 ജൂലൈ 27-ന് ഇതിനായി മണ്ണുപരിശോധനയും നടത്തി. തുടക്കത്തിൽ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം തയ്യാറാക്കിയ രൂപരേഖ റവന്യൂ വകുപ്പും ഡിസൈൻ വിങ്ങും അംഗീകരിച്ച് മുന്നോട്ടുപോയതുമാണ്. എന്നാൽ പിന്നീട് മണ്ഡലതല യോഗത്തിൽ ഈ രൂപരേഖ വിശദമായി പരിശോധിച്ചപ്പോഴാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര പോരായ്മകൾ പുറത്തുവന്നത്. പുതിയ കെട്ടിടത്തിന്റെ രൂപരേഖയിൽ ഭക്ഷണമുറി, രേഖകൾ സൂക്ഷിക്കുന്ന മുറി, പൊതുജനങ്ങൾക്ക് ഇരിക്കാനുള്ള സ്ഥലം എന്നിവ പൂർണമായും വിട്ടുപോയിരുന്നു. കൂടാതെ വാഹനങ്ങൾ നിർത്തിയിടാനുള്ള സൗകര്യവും വളരെകുറവായിരുന്നു. ഈ പോരായ്മ പരിഹരിച്ച് പുതിയ രൂപരേഖ തയ്യാറാക്കാൻ പൊതുമരാമത്ത് കെട്ടിട വിഭാഗത്തോട് നിർദേശിച്ചിട്ട് ഒരു വർഷം പിന്നിട്ടിട്ടും ഇതുവരെ പുതിയ രൂപരേഖ സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. മൂന്ന് നിലകളിലായി വിഭാവനംചെയ്ത കെട്ടിടത്തിൽ താഴത്തെനിലയിൽ വില്ലേജ് ഓഫീസ്, ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസ് എന്നിവയും ഒന്നാം നിലയിൽ ഉൾനാടൻ ജലഗതാഗത ഓഫീസ്, ക്ഷീരവികസന ഓഫീസ്, മലബാർ ദേവസ്വം ബോർഡ് ഓഫീസ് എന്നിവയുമാണ് പ്രവർത്തിക്കേണ്ടത്. രണ്ടാം നിലയുടെ രൂപകൽപ്പന പൂർത്തിയായെങ്കിലും ഏതൊക്കെ ഓഫീസുകളാണ് വരേണ്ടതെന്ന കാര്യത്തിൽ തീരുമാനമായില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home