പ്രധാനാധ്യാപകരില്ലാതെ 24 പ്രൈമറി സ്കൂളുകള്‍

കെഎസ്‌ടിഎ ജില്ലാ കമ്മിറ്റി കാക്കനാട് സംഘടിപ്പിച്ച ധർണ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ജെ ഷൈൻ ഉദ്ഘാടനം ചെയ്യുന്നു
പി എ ഷെഹിൻഷ
Published on Jun 18, 2026, 03:12 AM | 2 min read
കൊച്ചി
അധ്യയനവർഷം ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രധാനാധ്യാപകരില്ലാതെ ജില്ലയിൽ 24 പ്രൈമറി സ്കൂളുകള്‍. സീനിയർ അധ്യാപകർക്ക് താൽക്കാലിക ചുമതല നൽകിയാണ് പലയിടങ്ങളിലും പ്രവർത്തനം. വിദ്യാലയങ്ങളുടെ ദൈനംദിന ഭരണവും ഏകോപനവും താളംതെറ്റിയ നിലയിലാണ്. പ്രധാനാധ്യാപകര്‍ ഇല്ലാത്തതിനാൽ വിദ്യാര്‍ഥികളുടെ സുരക്ഷാക്രമീകരണങ്ങളും പ്രതിസന്ധിയിലാണ്.
മറ്റു അധ്യാപകർക്ക് താൽക്കാലിക ചുമതല നൽകുമ്പോഴുണ്ടാകുന്ന അമിത ജോലിഭാരം സ്കൂളുകളുടെ സുഗമമായ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. സെൻസസ് നടപടികൾക്കായി അധ്യാപകരെ കൂട്ടത്തോടെ നിയോഗിച്ചതും പാഠ്യപ്രവർത്തനങ്ങൾ താളംതെറ്റുന്ന സാഹചര്യം സൃഷ്ടിക്കുമെന്ന ആശങ്കയിലാണ്. ജില്ലയിലെ ഓരോ സ്കൂളിലെയും 50 ശതമാനത്തിലധികം അധ്യാപകര്‍ക്കും സെന്‍സസ് ചുമതലയുണ്ട്. ഡ്യൂട്ടി ലീവ് അനുവദിക്കാതെയാണ് ചുമതല നൽകിയത്. ജൂലൈമുതല്‍ വിവരശേഖരണം നടത്തേണ്ടിവരുമെന്ന് പറയുന്നുണ്ടെങ്കിലും എന്നുമുതലാണ് സെന്‍സസ് ചുമതല നിര്‍വഹിക്കേണ്ടതെന്നതിൽ അവ്യക്തത തുടരുന്നു.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ടും പ്രൊമോഷൻ, സ്ഥലംമാറ്റം എന്നിവ സംബന്ധിച്ചും ആശങ്ക നിലനിൽക്കുകയാണ്. സ്ഥലംമാറ്റ നടപടി വൈകിപ്പിക്കുന്നത് അധ്യാപകരെയും വലയ്‌ക്കുന്നു. മുൻ വര്‍ഷങ്ങളിൽ അധ്യാപകരുടെ സ്ഥാനക്കയറ്റത്തിന് എൽഡിഎഫ് സർക്കാർ ആവശ്യമായ നടപടി സ്വീകരിച്ചിരുന്നു. കഴിഞ്ഞ അധ്യയനവർഷം മേയിൽത്തന്നെ സ്ഥലംമാറ്റ നടപടി അടക്കമുള്ള കാര്യങ്ങൾ കൃത്യമായി നടപ്പാക്കിയിരുന്നു.
സെൻസസിന്റെ പേരിൽ പൊതുവിദ്യാലയങ്ങളെ തകർക്കരുത്: കെഎസ്ടിഎ
കാക്കനാട്
സെൻസസ് പ്രവർത്തനങ്ങളുടെ പേരിൽ പൊതുവിദ്യാലയങ്ങളുടെ പ്രവർത്തനം താളംതെറ്റിക്കുന്ന നടപടികളിൽനിന്ന് സർക്കാർ പിന്മാറണമെന്നും അധ്യാപകരുടെ അവകാശങ്ങൾ നിഷേധിക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) ജില്ലാ കമ്മിറ്റി കാക്കനാട് സിവിൽ സ്റ്റേഷൻ പരിസരത്ത് ധർണ നടത്തി.
സെൻസസ് ചുമതല വഹിക്കുന്ന അധ്യാപകർക്ക് ഡ്യൂട്ടി ലീവ് അനുവദിക്കണമെന്നും അവരുടെ പകരക്കാരായി ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കണമെന്നും കെഎസ്‌ടിഎ ആവശ്യപ്പെട്ടു. അധ്യാപകരുടെ പ്രൊമോഷൻ, സ്ഥലംമാറ്റ നടപടികൾ വേഗത്തിലാക്കുക, ധവളപത്രത്തിന്റെ പേരിൽ വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള നീക്കങ്ങൾ അവസാനിപ്പിക്കുക, പാഠ്യപദ്ധതി അട്ടിമറിക്കാനുള്ള നടപടികളിൽനിന്ന് സർക്കാർ പിന്മാറുക, ഗോത്രബന്ധു അധ്യാപകരെ പിരിച്ചുവിട്ട നടപടി റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളും സമരത്തിലുന്നയിച്ചു.
ധർണ കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ജെ ഷൈൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി ആനന്ദകുമാർ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി എം ഷൈനി, ഡാൽമിയ തങ്കപ്പൻ, ജില്ലാ സെക്രട്ടറി എം നിയാസ്, ജില്ലാ ട്രഷറർ എ എൻ അശോകൻ എന്നിവർ സംസാരിച്ചു.









0 comments