ഷാജി അഴിച്ചുനൽകി ‘മാനത്തോളം’ വിലയുള്ള മുണ്ട്

എം ആർ ഷാജി

സ്വന്തം ലേഖകൻ
Published on Jun 18, 2026, 02:34 AM | 1 min read
തൃപ്പൂണിത്തുറ
റോഡപകടത്തിൽപ്പെട്ട് വസ്ത്രങ്ങൾ കീറിപ്പോയ യുവതിക്ക് സ്വന്തം ഉടുമുണ്ട് നൽകിയ ഷാജി താരമായി. കഴിഞ്ഞ ദിവസംവരെ തൃപ്പൂണിത്തുറക്കാർക്ക് മാത്രം ചിരപരിചിതനായ, ടൗണിലെ വ്യാപാരസ്ഥാപനങ്ങളിൽ ചായ വിൽക്കാനെത്തിയിരുന്ന കിഴക്കേക്കോട്ട മരട്ടിപ്പറമ്പിൽ എം ആർ ഷാജിയാണ് ഒറ്റപ്പകൽകൊണ്ട് നാടിന്റെ പ്രിയങ്കരനായത്.
ചൊവ്വ ഉച്ചയോടെ തൃപ്പൂണിത്തുറ സ്റ്റാച്യുവിനടുത്ത് വാഹനാപകടത്തിൽപ്പെട്ട യുവതിക്കാണ് ഷാജി മുണ്ട് അഴിച്ചുനൽകിയത്. പകൽ 11.45 ഓടെ മുളന്തുരുത്തി സ്വദേശിനി സ്‌കൂട്ടർ ഓടിച്ച് വരവെ ബസ് തട്ടി മറിഞ്ഞുവീഴുകയായിരുന്നു. റോഡിലൂടെ നിരങ്ങി ബസിനടിയിലായ സ്ത്രീയെ, ബസ് പിന്നിലേയ്ക്കെടുത്ത് പുറത്തെടുത്തപ്പോഴേയ്ക്കും വസ്ത്രങ്ങളാകെ കീറിപ്പോയ നിലയിലായിരുന്നു. ഈ സമയം ചായ വിൽപ്പനയ്ക്കായി സ്റ്റാച്യുവിലുണ്ടായിരുന്ന ഷാജി അപകടസ്ഥലത്തേയ്ക്ക് ഓടിയെത്തിയപ്പോൾ കണ്ടത് സ്ത്രീയുടെ വസ്ത്രങ്ങൾ കീറിപ്പറിഞ്ഞുകിടക്കുന്നതായിരുന്നു. ഒരുനിമിഷംപോലും വൈകാതെ ഷാജി തന്റെ മുണ്ടഴിച്ച് യുവതിക്ക് നൽകി.
പിന്നീട് സമീപത്തെ കടയിൽനിന്ന് മുണ്ട് വാങ്ങിയാണ് ഇദ്ദേഹം ധരിച്ചത്. കിഴക്കേക്കോട്ട ജങ്‌ഷനടുത്തുള്ള വീട്ടിൽ ചായയുണ്ടാക്കി കെറ്റിലിൽ നിറച്ച് സൈക്കിളിൽവച്ചുകെട്ടി രാവിലെയും വൈകിട്ടും കടകളിലെത്തിച്ചുനൽകിയാണ് ഷാജി ഉപജീവനം നടത്തുന്നത്










0 comments