കേരളത്തിന് മലയാളിപൂട്ട്; റെയിൽവേസുമായി സമനില

സന്തോഷ് ട്രോഫി ഫുട്ബോളിൽ റെയിൽവേസിനെതിരെ മുന്നിലെത്തിയപ്പോൾ കേരളത്തിന്റെ മുഹമ്മദ് അജ്സലിന്റെ (20) ആഹ്ലാദം. പിഴവ് ഗോൾ വഴങ്ങിയ റെയിൽവേസ് താരങ്ങൾ നിരാശയോടെ നിൽക്കുന്നതും കാണാം /ഫോട്ടോ :പി വി സുജിത്
അജിൻ ജി രാജ്
Published on Jan 24, 2026, 11:00 AM | 1 min read
ദിബ്രുഗഢ് (അസം): മലയാളി ഗോളിൽ കേരളത്തെ തളച്ച് റെയിൽവേസ്. സന്തോഷ് ട്രോഫി ഫുട്ബോളിൽ മലപ്പുറം അരീക്കോട് സ്വദേശി പി കെ ഫസീൻ നേടിയ ഗോളിൽ റെയിൽവേസ് 1-1ന് കേരളത്തെ സമനിലയിൽ പിടിച്ചു.
37ആം മിനിറ്റിൽ റെയിൽവേസിന്റെ സോയ് ബം അഭിനാഷ് സിംഗിന്റെ പിഴവ് ഗോളിൽ കേരളം മുന്നിലെത്തിയിരുന്നു. എന്നാൽ എൺപതാം മിനിറ്റിൽ പകരക്കാരനായെത്തി ഫസീൻ നിറയൊഴിച്ചു.
തുടർച്ചയായ രണ്ടാം ജയം കൊതിച്ച കേരളത്തിന് സമനിലയോടെ കളം വിടേണ്ടി വന്നു. അസമിലെ സിലാപത്തർ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ തുല്യശക്തികളുടെ പോരാട്ടമായിരുന്നു. മൂന്നു തവണ ജേതാക്കളായ എതിരാളികൾക്കെതിരെ കേരളം വിയർത്തു. തുടർച്ചയായി ആക്രമണം അഴിച്ച് വിട്ടെങ്കിലും ലക്ഷ്യം കാണാനായില്ല. റെയിൽവേസിന്റെ ദാനഗോളിൽ മുന്നിലെത്തുകയായിരുന്നു.
എന്നാൽ രണ്ടാംപകുതി ഉജ്വല പ്രകടനവുമായി റെയിൽവേസ് തിരിച്ചുവന്നു. ഹെഡ്ഡറിലൂടെ ഫസീൻ ലക്ഷ്യം കാണുകയായിരുന്നു. ആദ്യ മത്സരത്തിൽ കേരളം പഞ്ചാബിനെ 3-1ന് തോൽപ്പിച്ചിരുന്നു. ഗ്രുപ്പ് ബിയിൽ 26ന് ഒഡിഷയുമായാണ് കേരളത്തിന്റെ അടുത്ത മത്സരം. നിലവിൽ നാല് പോയിന്റാണ്.
റെയിൽവേസിന്റെ മലയാളിക്കരുത്ത്
കളത്തിലും പുറത്തും മലയാളി കരുത്ത് തന്നെയായിരുന്നു റെയിൽവേസിന്റെ പ്രതീക്ഷ. ആകെ അഞ്ച് മലയാളികളാണ് ടീമിൽ. മൂന്ന് കളിക്കാരും രണ്ട് പരിശീലകരും. മലപ്പുറം സ്വദേശികളായ പി കെ ഫസീൻ, അബ്‌ദു റഹീം, തിരുവനന്തപുരത്തുകാരൻ ടി ക്രിസ്‌തുരാജൻ എന്നിവരാണ് താരങ്ങൾ. സഹപരിശീലകൻ പാലക്കാട്ടെ വി രാജേഷാണ്. ഗോൾകീപ്പിങ് ചുമതലയിൽ തൃശൂരിലെ മനോജ് നായരും.
റെയിൽവേസിന്റെ മലയാളി താരങ്ങളും പരിശീലകരും | ഫോട്ടോ: പി വി സുജിത്
പ്രതിരോധക്കാരനായ ഫസീനിന് രണ്ടാമത്തെ ടൂർണമെന്റാണ്. കഴിഞ്ഞ പ്രാവശ്യവും റെയിൽവേസിനായി പന്തുതട്ടി. മലപ്പുറം അരീക്കോടാണ് വീട്. അബ്‌ദു റഹീം നാലാം സന്തോഷ് ട്രോഫിക്കാണ് എത്തുന്നത്. രണ്ടുതവണ കേരള കുപ്പായമിട്ടു ഇൗ വിങ്ങർ. അവസാന സീസണിൽ റെയിൽവേസിലേക്ക് ചേക്കേറി. മലപ്പുറം മാറക്കര സ്വദേശിയാണ്. ഗോൾകീപ്പറായ ക്രിസ്‌തുരാജന് റെയിൽവേയ്‌ക്കായി അരങ്ങേറ്റമായിരുന്നു. മുമ്പ് കർണാടകയ്‌ക്കായി ഒരുപ്രാവശ്യം കളിച്ചു. തിരുവനന്തപുരത്ത് അമ്പലത്തുമൂലയാണ് സ്വദേശം.
രാജേഷ് അവസാന വർഷവും സഹപരിശീലകനായിരുന്നു. പാലക്കാട് റെയിൽവേ ഡിവിഷനിൽ ചീഫ് ടിക്കറ്റ് ഇൻസ്‌പെക്‌ടറാണ്. മധ്യറെയിൽവേയിൽ ജോലി ചെയ്യുന്ന ഗോൾകീപ്പിങ് കോച്ചായ മനോജ് തൃശൂർ ഇരിങ്ങാലക്കുടക്കാരനാണ്.










0 comments