print edition ‘പട്ടാള ക്ലാസ്’: സന്തോഷ് ട്രോഫിയിൽ കേരളത്തിന് തോൽവി

അജിൻ ജി രാജ്
Published on Feb 02, 2026, 12:04 AM | 1 min read
ദിബ്രുഗഢ് (അസം): അജയ്യരായി ക്വാർട്ടർ പോരിന് തയ്യാറെടുത്ത കേരളത്തിന് ‘പട്ടാള ക്ലാസ്’. സന്തോഷ് ട്രോഫി ഫുട്‌ബോളിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ സർവീസസിനോട് ഒരു ഗോളിന് തോറ്റു. നാളെ ക്വാർട്ടറിൽ അസമിനെ നേരിടാനിരിക്കെയുള്ള തോൽവി ഒരുക്കം പോരെന്ന് ഓർമപ്പെടുത്തുന്നു.
ബി ഗ്രൂപ്പിൽ അഞ്ച് കളിയിൽ പത്ത് പോയിന്റുമായി ഒന്നാമതായാണ് അവസാനിപ്പിച്ചത്. മൂന്ന് ജയവും ഓരോ തോൽവിയും സമനിലയുമാണ്. പതിനെട്ടാം മിനിറ്റിൽ അഭിഷേക് പവാറാണ് വിജയഗോൾ കുറിച്ചത്. പത്തുപേരുമായാണ് കേരളം അവസാന 25 മിനിറ്റ് കളിച്ചത്.
സിലാപത്തറിലെ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിൽ പ്രധാന താരങ്ങളിൽ ഭൂരിഭാഗം പേർക്കും വിശ്രമം നൽകിയാണ് കേരള പരിശീലകൻ എം ഷഫീഖ് ഹസൻ ടീമിനെ ഒരുക്കിയത്. മേഘാലയക്കെതിരായ മത്സരത്തിൽനിന്നും ഏഴ് മാറ്റങ്ങളായിരുന്നു. അബൂബക്കർ ദിൽഷാദിന്റെ മുപ്പത് വാര അകലെനിന്നുള്ള ഉഗ്രൻ ലോങ്‌റേഞ്ചോടെയാണ് കേരളം കളി തുടങ്ങിയത്. മധ്യനിരക്കാരന്റെ കരുത്തുറ്റ ഷോട്ട് ബാറിൽ തട്ടി മടങ്ങി. കളിഗതിക്കെതിരെയായിരുന്നു പട്ടാളപ്പടയുടെ ഗോൾ.
ക്യാപ്‌റ്റനും ഗോൾകീപ്പറുമായ ഗഗൻദീപ് സിങ്ങിൽനിന്നായിരുന്നു തുടക്കം. ബോക്‌സിന് പുറത്ത് വിജയ് മറാൻഡിക്ക് പന്ത് നൽകി. അതിവേഗം വിജയ് പന്ത് നീട്ടിയടിച്ചു. ഗോൾമുഖത്തേക്ക് കുതിച്ച അഭിഷേകിന് പാകത്തിലായിരുന്നു ഇത്. വലംകാലടി വലകയറി.
മറുപടിക്കുള്ള സുവർണാവസരം കേരളത്തിന് കിട്ടി. മുഹമ്മദ് ആഷിഖിന്റെ ശ്രമം ഗോളി തടഞ്ഞു. പന്ത് മുന്നിൽകിട്ടിയ മുഹമ്മദ് അഷർ ഹെഡ്ഡറിനായി ശ്രമിച്ചെങ്കിലും ഗഗൻദീപ് വലിച്ചിട്ടു. കേരള ടീം പെനൽറ്റിക്കായി വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. പിന്നാലെ ഇ സജീഷ് വലകുലുക്കിയെങ്കിലും ഓഫ്‌സൈഡായി. 65–ാം മിനിറ്റിൽ രണ്ടാം മഞ്ഞ കണ്ടതോടെയാണ് അഷർ ചുവപ്പ് കാർഡ് കണ്ട് പുറത്തായത്.










0 comments