സൂപ്പർ കിക്കോഫിന് ബ്ലാസ്‌റ്റേഴ്‌സ്

ഭുവനേശ്വർ:
തോൽവികളുടെ ക്ഷീണം മറന്ന് പുത്തൻ ഊർജവുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും കളത്തിൽ. കലിംഗ സൂപ്പർ കപ്പ് ഫുട്‌ബോളിലെ ഉദ്ഘാടന മത്സരത്തിൽ ഇന്ന് നിലവിലെ ചാമ്പ്യൻമാരായ ഈസ്റ്റ് ബംഗാളിനെ നേരിടും. രാത്രി എട്ടിന് ഒഡിഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തിലാണ് കിക്കോഫ്. എല്ലാ മത്സരങ്ങളും ഈ വേദിയിലാണ്. 15 ടീമുകളാണ് ആകെ.
നോക്കൗട്ട് റൗണ്ടാണ്. മെയ് മൂന്നിനാണ് ഫൈനൽ. ആദ്യ റൗണ്ട് മത്സരങ്ങൾ ജിയോ ഹോട്ട്‌സ്റ്റാറിൽ കാണാം. ബ്ലാസ്‌റ്റേഴ്‌സിനെ കൂടാതെ കേരളത്തിന്റെ പ്രതിനിധികളായി ഗോകുലം കേരളയും ടൂർണമെന്റിനുണ്ട്. നാളെ വൈകിട്ട് എഫ്‌സി ഗോവയുമായാണ് ഗോകുലത്തിന്റെ കളി. ഐഎസ്‌എല്ലിലെ 13 ടീമുകളും ഐ ലീഗിൽനിന്ന് ഗോകുലത്തെ കൂടാതെ ഇന്റർ കാശിയുമാണുള്ളത്. ചാമ്പ്യൻമാർക്ക് ഏഷ്യൻ ചാമ്പ്യൻസ് ലീഗ് രണ്ടാം ഡിവിഷൻ പ്ലേ ഓഫ് യോഗ്യതയും കിട്ടും.
ഇന്ത്യയിലെ ആഭ്യന്തര സീസണിന് കൊടിയിറങ്ങുന്നത് സൂപ്പർ കപ്പിലൂടെയാണ്. ഇത്തവണ ഐഎസ്‌എല്ലിലും ഡ്യൂറൻഡ് കപ്പിലും മോശം പ്രകടനം നടത്തിയ ബ്ലാസ്‌റ്റേഴ്‌സ് പുതിയ തുടക്കം കൊതിച്ചാണ് ഭുവനേശ്വറിൽ എത്തിയിരിക്കുന്നത്. ടീമിൽ മാറ്റമില്ലെങ്കിലും പരിശീലകൻ മാറി. സ്‌പാനിഷുകാരൻ ഡേവിഡ് കറ്റാലയ്‌ക്ക് കീഴിൽ അരങ്ങേറ്റമാണ്. പുതിയ കോച്ചിന് കീഴിൽ ഏറെ പ്രതീക്ഷയോടെയാണ് മഞ്ഞപ്പട ഒരുങ്ങുന്നത്. കറ്റാലയുടെ തന്ത്രങ്ങൾ ഏന്തൊക്കെ മാറ്റം വരുത്തിയെന്ന് ഇന്നറിയാം. ദേശീയ തലത്തിൽ ആദ്യ കിരീടം കൊതിച്ചുകൂടിയാണ് ബ്ലാസ്‌റ്റേഴ്‌സ് ഇത്തവണയും എത്തുന്നത്.
അഡ്രിയാൻ ലൂണ, നോഹ സദൂയ്, ഹെസ്യൂസ് ഹിമിനെസ് തുടങ്ങിയ വിദേശ താരങ്ങളെല്ലാം ടീമിനൊപ്പമുണ്ട്. ഐഎസ്‌എല്ലിൽ എട്ടാം സ്ഥാനത്തായിരുന്നു അവസാനിപ്പിച്ചത്.
നിലവിലെ ജേതാക്കളായ ഈസ്റ്റ് ബംഗാൾ കിരീടം നിലനിർത്തുകയെന്ന ദൗത്യവുമായാണ് വരവ്. ഐഎസ്‌എല്ലിൽ ഒമ്പതാം സ്ഥാനത്തായിരുന്നു. മികച്ച താരങ്ങളുണ്ടായിട്ടും ഒരുമയില്ലാത്തത് തിരിച്ചടിച്ചു.









0 comments