വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന് അനുമതി ലഭ്യമാക്കാൻ എംപിമാർ ഇടപെടണം: മുഖ്യമന്ത്രി

cm pinarayi

പിണറായി വിജയൻ

വെബ് ഡെസ്ക്

Published on Nov 27, 2025, 03:47 PM | 3 min read

തിരുവനന്തപുരം: വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന് അനുമതി ലഭ്യമാക്കാനുള്ള ഇടപെടൽ നടത്തണമെന്ന് എം പിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. വന്യജീവി സംരക്ഷണ നിയമം 1972 ലെ 11-ാം വകുപ്പിൽ നിരവധി തടസ്സങ്ങളുണ്ട്. ഈ തടസ്സങ്ങൾ ലഘൂകരിക്കുന്ന നിയമഭേദഗതി 2025 ലെ വന്യജീവി സംരക്ഷണം (കേരള ഭേദഗതി) ബിൽ നിയമസഭ പാസ്സാക്കിയിട്ടുണ്ട്. ഈ നിയമം പ്രാബല്യത്തിൽ വരുവാൻ രാഷ്ട്രപതിയുടെ അനുമതി ആവശ്യമാണ്. ഇത് എത്രയും വേഗം ലഭ്യമാക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.


മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് കേന്ദ്രാവിഷ്കൃത പദ്ധതിയുടെ കീഴിൽ 620 കോടി രൂപയുടെ പ്രത്യേക കേന്ദ്രസഹായം ലഭ്യമാക്കേണ്ടതുണ്ട്. വന്യജീവി ആക്രമണങ്ങൾ നേരിട്ടവർക്ക് നൽകേണ്ട നഷ്ടപരിഹാരത്തിന്റെ കേന്ദ്രവിഹിതം അനുവദിച്ചു കിട്ടണം.


പ്രധാനമന്ത്രി ആവാസ് യോജന 2.0 പദ്ധതിയുടെ മാർഗ്ഗരേഖ ഖണ്ഡിക 8.1 പ്രകാരം യൂണിറ്റ് കോസ്റ്റ് 2.5 ലക്ഷമായി ഉയർത്തിയപ്പോഴും കേന്ദ്രവിഹിതം 1.5 ലക്ഷമായി തുടരുകയാണ്. ഇതേസമയം സംസ്ഥാന സർക്കാരിന്റെ വിഹിതം 50,000 ത്തിൽ നിന്നും ഒരു ലക്ഷമായി ഉയർന്നിട്ടുണ്ട്. ബാക്കി തുക നഗരസഭകളാണ് വഹിക്കുന്നത്. കേന്ദ്രവിഹിതം വർദ്ധിപ്പിക്കാൻ ആവശ്യമായ ഇടപെടൽ നടത്തേണ്ടതുണ്ട്.


പദ്ധതിയുടെ മാർഗ്ഗരേഖ പ്രകാരം നിർമ്മിച്ചു നൽകുന്ന വീടുകൾക്ക് മുന്നിൽ പി എം എ വൈ ലോഗോ വെക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അത് ഒഴിവാക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ബ്രാൻഡിങ് നിബന്ധന ഒഴിവാക്കുന്ന വിഷയത്തിൽ അനുകൂല തീരുമാനം ലഭിക്കുന്നതിന് ഇടപെടലൽ അനിവാര്യമാണ്.


മേപ്പാടി - ചൂരൽമല ദുരന്തബാധിത മേഖലയുടെ പുനർനിർമ്മാണത്തിനായി 2,221.03 കോടി രൂപയുടെ സഹായമാണ് കേന്ദ്രത്തോട് അഭ്യർത്ഥിച്ചിരുന്നത്. എന്നാൽ കേന്ദ്രസഹായമായി 260.56 കോടി രൂപ മാത്രമേ സംസ്ഥാനത്തിന് ലഭ്യമായിട്ടുള്ളൂ. അർഹമായ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനായി ശക്തമായ സമ്മർദ്ദം ചെലുത്തേണ്ടതുണ്ട്.


സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി 3.5 ശതമാനമായി ഉയർത്തുന്നതിന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജലജീവൻ മിഷന്റെ രണ്ട് വർഷത്തെ സംസ്ഥാന വിഹിതത്തിനായി 17,500 കോടി രൂപ കടമെടുപ്പ് പരിധിക്ക് ഉപരിയായി അധിക കടം അനുവദിക്കണം.


2024-25, 2025-26 സാമ്പത്തിക വർഷങ്ങളിൽ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്നും കേന്ദ്ര സർക്കാർ വെട്ടിക്കുറച്ച തുകകളായ 6,757 കോടി രൂപയും, 3,323 കോടി രൂപയും പുനഃസ്ഥാപിക്കണം.


സംസ്ഥാനങ്ങളുടെ 2024-25 സാമ്പത്തിക വർഷത്തെ മൂലധന നിക്ഷേപങ്ങൾക്കു വേണ്ടിയുള്ള പ്രത്യേക പദ്ധതിയായ എസ് എ എസ് സി ഐയുടെ ഭാഗമായി സംസ്ഥാനത്തിനു ലഭിക്കേണ്ട 300 കോടി രൂപ ലഭ്യമാക്കണം.


ജി എസ് ടി നികുതി പരിഷ്ക്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്തിന് നികുതി വരുമാനത്തിൽ വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ചരക്ക് സേവന നികുതിയിലും, ഓട്ടോമൊബൈൽ, സിമന്റ്, ഇലക്ട്രോണിക്സ്, ഇൻഷുറൻസ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള നികുതി വരുമാനത്തിലും ഭാഗ്യക്കുറിയുടെ ജി എസ് ടി നിരക്കിലും, കേന്ദ്രം നൽകേണ്ട ചരക്കുസേവന നികുതി വിഹിതത്തിലും വലിയ കുറവാണ് വന്നിരിക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദന വർദ്ധനവിനെ പ്രതികൂലമായി ബാധിക്കും. സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം നികത്താൻ കേന്ദ്ര സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ഉയർത്തേണ്ടതുണ്ട്.


എല്ലാ ഖാദി ഉത്പന്നങ്ങളെയും ജി എസ് ടിയുടെ പരിധിയിൽ നിന്നും ഒഴിവാക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തേണ്ടതുണ്ട്. 15-ാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്ത മുഴുവൻ അവാർഡ് തുകയും ലഭ്യമാക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തേണ്ടതുണ്ട്. 2025-26 സാമ്പത്തിക വർഷത്തെ ആവർത്തന ഗ്രാന്റ് ഇനത്തിൽ കേന്ദ്രവിഹിതത്തിൽ വരുത്തിയ കുറവ് പരിഹരിച്ച്, തുക എത്രയും വേഗം ലഭ്യമാക്കണം.


കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴിയുടെ ഭാഗമായി ഗ്ലോബൽ സിറ്റി, കൊച്ചി (നോഡ് - 2) പദ്ധതിക്ക് കേന്ദ്രാനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഈ വിഷയം പാർലമെന്റ് സമ്മേളനത്തിൽ വീണ്ടും ഉന്നയിക്കണം.


ഓഫ്ഷോർ ഏരിയാസ് ആറ്റോമിക് മിനറൽസ് ഓപ്പറേറ്റിങ് റൈറ്റ് റൂൾസ്, 2025 നിയമം നോട്ടിഫൈ ചെയ്തത് സംസ്ഥാന സർക്കാരുകളുടെ അഭിപ്രായം തേടാതെയാണ്. ഈ വിഷയത്തിൽ സംസ്ഥാനത്തിന്റെ ആശങ്കകൾ അറിയിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.


സംസ്ഥാനത്തിന് ടൈഡ് ഓവർ വിഹിതത്തിൽ കൂടുതൽ ഭക്ഷ്യധാന്യങ്ങൾ അനുവദിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കി നൽകാൻ കത്ത് നൽകിയിട്ടുണ്ട്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിൽ റേഷൻ വിതരണവുമായി ബന്ധപ്പെട്ട് കമ്മീഷൻ ഇനങ്ങളിൽ കേന്ദ്രവിഹിതമായി സംസ്ഥാനത്തിന് ലഭിക്കേണ്ട തുക ലഭ്യമാക്കണം. സംസ്ഥാനത്ത് മത്സ്യബന്ധനത്തിന് സബ്സിഡി നിരക്കിൽ ആവശ്യമായ അളവിൽ മണ്ണെണ്ണ ലഭ്യമാക്കാൻ കേന്ദ്ര സർക്കാരിനുമേൽ ശക്തമായ സമ്മർദ്ദം ചെലുത്തണം.


സംസ്ഥാനത്തിന് എയിംസ് അനുവദിക്കുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ ഇതേവരെ കൈക്കൊണ്ടിട്ടില്ല. അതിനുള്ള നടപടികൾ ആരംഭിക്കാൻ ശക്തമായ സമ്മർദ്ദം ചെലുത്തേണ്ടതുണ്ട്. വിദേശ വിമാന കമ്പനികൾക്ക് കണ്ണൂർ എയർപോർട്ടിൽ നിന്ന് സർവീസ് നടത്താനുള്ള പോയിന്റ് ഓഫ് കോൾ ലഭ്യമാക്കുന്നതിന് തുടർച്ചയായി ആവശ്യപ്പെട്ടിടും ഒരു നടപടിയും കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നില്ല.


തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ റെയിൽ യാത്രാ സമയം കുറയ്ക്കാനുള്ള നടപടികൾ എടുക്കണം. ഇതിന് തിരുവനന്തപുരം - മംഗലാപുരം സെക്ഷനിൽ മൂന്നും നാലും ലൈനുകൾക്കുള്ള സർവ്വെ പ്രവർത്തനം അതിവേഗം നടത്തണം. ഈ റൂട്ടിൽ നമോ ഭാരത് റാപ്പിഡ് റെയിലും അനുവദിക്കണം. തലശ്ശേരി - മൈസൂർ റെയിൽ പദ്ധതി, നിലമ്പൂർ - നഞ്ചൻഗുഡ് പദ്ധതി, അങ്കമാലി - ശബരി റെയിൽപാത തുടങ്ങിയ വിഷയങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്രത്തിനുമേൽ സമ്മർദ്ദം ചെലുത്തേണ്ടതുണ്ട്.


അട്ടപ്പാടി ജലസേചന പദ്ധതിയുടെ അംഗീകാരത്തിന് ആവശ്യമായ ഇടപെടൽ നടത്തണം. മടങ്ങിവന്ന പ്രവാസികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി 1,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ ആവശ്യം എം പിമാർ പാർലമെന്റിൽ ഉന്നയിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.


ഓൺലൈനായി ചേർന്ന യോഗത്തിൽ മന്ത്രിമാരും എംപിമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home