ഇത്തവണ സംഘപരിവാറിന്റെ അസഹിഷ്ണുത ടീഷർട്ടിനു നേരെ; കുനാലിന്റെ വിവാദ ടീഷര്‍ട്ടിന്റെ ചിത്രം പങ്കുവെച്ച് ധ്രുവും

കുനാല്‍ കാമ്ര, ധ്രുവ് റാഠി
മുംബൈ: കലയോ ചരിത്രപരമായ രംഗങ്ങളോ സിനിമയിലെ കഥാപാത്രങ്ങളുടെ പേരുകളോ എല്ലാം ആർഎസ്എസിന് എന്നും അസഹിഷ്ണുതയുണ്ടാക്കുന്ന കാര്യങ്ങളാണ്. സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കാമ്ര ധരിച്ച ടീഷർട്ടുകളാണ് ഇത്തവണ സംഘപരിവാറിൽ ചൊടിപ്പിച്ചത്. കുനാൽ കാമ്ര സമൂഹമാധ്യമത്തിൽ പങ്കുവെച്ച രണ്ട് ടീഷർട്ട് പോസ്റ്റുകൾക്കെതിരെ ബിജെപി, ശിവസേന നേതാക്കൾ രംഗത്തെത്തിയതോടെയാണ് സംഭവം രാഷ്ട്രീയ വിവാദമായി മാറിയത്.
എന്നാൽ, ഈ വിവാദത്തിൽ പ്രമുഖ യൂട്യൂബറായ ധ്രുവ് റാഠി ഇടപെട്ടത് പരിഹാസ രൂപേണയായിരുന്നു. "എന്തുകൊണ്ടാണ് ആർഎസ്എസ് അനുയായികൾ ഈ ടി-ഷർട്ടിൽ ആർഎസ്എസ് (RSS) എന്ന് എഴുതിയിരിക്കുന്നു എന്ന് കരുതുന്നത്? സൂക്ഷിച്ചു നോക്കൂ, അത് പിഎസ്എസ് (PSS) എന്നാണ് എഴുതിയിരിക്കുന്നത്," എന്നാണ് കാമറയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ധ്രുവ് റാഠി പ്രതികരിച്ചത്.
കാമ്രയുടെ ആദ്യ ചിത്രത്തിൽ പിഎസ്എസ് എന്ന അക്ഷരങ്ങളിൽ ഒരു നായ മൂത്രമൊഴിക്കുന്നത് പോലെയായി നിൽക്കുന്നതാണുള്ളത്. ഈ ചിത്രം പുറത്തുവന്നതിന് തൊട്ടുപിന്നാലെ ബിജെപി നേതാക്കൾ അടക്കം പൊലീസ് നടപടിയെക്കുറിച്ച് മുന്നറിയിപ്പ് നൽകി. തുടർന്ന് വിവാദങ്ങൾക്ക് മറുപടിയെന്നോണം "ഇന്ത്യൻ ഭരണഘടന" എന്ന് ആലേഖനം ചെയ്ത മറ്റൊരു ടീഷര്‍ട്ട് ധരിച്ചുള്ള ചിത്രം കാമ്ര പങ്കുവെച്ചത്. "വിദ്വേഷ പ്രകടനങ്ങളല്ല, ഭരണഘടനയാണ് ഈ രാജ്യത്തെ നയിക്കുന്നത്..." എന്ന കുറിപ്പും അദ്ദേഹം അതിനൊപ്പം ചേർത്തു.
അതേസമയം കാമ്രയുടെ ടീഷര്‍ട്ട് വിവാദത്തില്‍ മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ ചന്ദ്രശേഖര്‍ ബവന്‍കുലെ പ്രതികരിച്ചു. ഇത്തരം പ്രകോപന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ചന്ദ്രശേഖര്‍ ബവന്‍കുലെ ആവശ്യപ്പെട്ടു. പിഎസ്എസ് എന്ന ലെറ്റേഴ്‌സിന് നേരെ നായ മൂത്രമൊഴിക്കാന്‍ നില്‍ക്കുന്ന എഴുത്തുള്ള ടീ ഷര്‍ട്ട് അണിച്ചു നില്‍ക്കുന്ന കുനാല്‍ കാമ്രയുടെ ചിത്രമായിരുന്നു സംഘപരിവാര്‍ ഗ്രൂപ്പുകളെ പ്രകോപിപ്പിച്ചത്.









0 comments