തുടർ നടപടികൾ പിന്നീട്; രാഹുലിന്റെ കാര്യത്തിൽ യാതൊരുവിധ ഉത്തരവാദിത്തവും കോൺഗ്രസിനില്ല: കെ മുരളീധരൻ

തിരുവനന്തപുരം: മാങ്കൂട്ടത്തിലിനെതിരെ ലൈംഗികചൂഷണ കേസിൽ പെൺകുട്ടി പരാതി കൊടുത്ത സാഹചര്യത്തിൽ തുടർനടപടികൾ ഉണ്ടാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. രാഹുലിന്റെ കാര്യത്തിൽ ഒരു ഉത്തരവാദിത്തവും കോൺഗ്രസിനില്ല. എംഎൽഎ സ്ഥാനത്തിന്റെ കാര്യം പിന്നീട് തീരുമാനിക്കും. ആരോപണം വന്നപ്പോൾത്തന്നെ കെപിസിസി അയാളെ സസ്‌പെൻഡ് ചെയ്തിരുന്നു. പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് ബാക്കി തീരുമാനങ്ങളുണ്ടാകും- മുരളീധരൻ പറഞ്ഞു.
യുവതിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം അശാസ്‌ത്രീയ ഗർഭഛിദ്രത്തിന് നിർബന്ധിച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച കെപിസിസി മുന്‍ പ്രസിഡന്റ് കെ സുധാകരനെ തള്ളി കെ മുരളീധരൻ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ സസ്പെൻഷനിലാണെന്നും നേതാക്കളോടൊപ്പം വേദി പങ്കിടാന്‍ രാഹുലിന് അനുമതിയില്ലെന്നുമാണ് മുരളീധരൻ പറഞ്ഞത്.
പുറത്തുവന്ന ശബ്ദരേഖയിൽ സത്യമില്ലെന്നും രാഹുലിനെ അപമാനിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണതെന്നുമാണ് സുധാകരൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. കോണ്‍ഗ്രസ് അവിശ്വസിക്കാത്തതിനാൽ രാഹുല്‍ സജീവമായി രംഗത്തിറങ്ങണം. ആര് എതിർത്താലും പ്രശ്നമല്ല. രാഹുലുമായി ഫോണില്‍ സംസാരിച്ചപ്പോൾ തെറ്റുകാരനല്ലെന്ന് ബോധ്യമായി. രാഹുലുമായി വേദി പങ്കിടുമെന്നും സുധാകരന്‍ പറഞ്ഞത് വിവാദമായിരുന്നു.
പുതിയ ശബ്ദരേഖ വന്നതോടെ മാങ്കൂട്ടത്തിലിനെ തെരഞ്ഞെടുപ്പ് പരിപാടികളിൽപോലും പങ്കെടുപ്പിക്കരുതെന്ന് ഒരുവിഭാഗം നേതാക്കൾ കർശനമായി ആവശ്യപ്പെടുമ്പോഴാണ് സുധാകരൻ സംരക്ഷണവുമായി രംഗത്തെത്തിയത്. ശബ്ദരേഖകളിൽ കൂടുതൽ പ്രതികരണത്തിന് തയ്യാറാകാതെ ഒഴിഞ്ഞുമാറുകയായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷനേതാവ് വി ഡി സതീശനും. എന്നാൽ ഇതുരെയും ശബ്ദരേഖ നിഷേധിക്കാൻ മാങ്കൂട്ടത്തിൽ തയ്യാറായിട്ടുമില്ല.









0 comments