ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: പ്രതി വെടിവെയ്പ്പിൽ കൊല്ലപ്പെട്ടു

ചണ്ഡിഗഢ്: ഫിറോസ്പൂരിൽ ആർഎസ്എസ് പ്രവർത്തകൻ നവീൻ അറോറയുടെ കൊലക്കേസിലെ പ്രതി പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. ബാദൽ എന്നയാളാണ് മരിച്ചത്.പ്രതിയായ ബാദലിനെ മാമു ജോഹിയ ഗ്രാമത്തിൽ തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോഴായിരുന്നു സംഭവം.
ബാദലിനെ ഒരു ശ്മശാനത്തിൽ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ മറഞ്ഞിരുന്ന പ്രതിയുടെ തന്നെ രണ്ട് അനുയായികൾ വെടിവയ്ക്കുകയായിരുന്നു. പൊലീസ് നടത്തിയ തിരിച്ചടിയിലാണ് പ്രതി കൊല്ലപ്പെട്ടതെന്ന് ഫിറോസ്പൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ഹർമാൻബിർ സിംഗ് പറഞ്ഞു.ഫാസിൽക ജില്ലയിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം.
നവംബർ 15നാണ് ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടത്. ഫിറോസ്പൂരിലെ ബസ്തി ഭാട്ടിയൻ വാലി സ്വദേശിയായ ബാദൽ വാടക കൊലയാളിയാണ്. കേസിലെ കൂട്ടുപ്രതികളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആർഎസ്എസ് നേതാവ് ബൽദേവ് രാജ് അറോറയുടെ മകൻ നവീൻ അറോറയെ (32) നവംബർ 15 ന് വൈകുന്നേരം ഏഴോടെ മോട്ടോർ സൈക്കിളിൽ വീട്ടിലേക്ക് പോകുമ്പോൾ ബാദലും കൂട്ടാളിയും തടഞ്ഞുനിർത്തി വെടിവച്ച് കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് കേസ്.







0 comments