മാങ്കൂട്ടത്തിലിനെ എംഎൽഎയായി ഇനി ജനം അംഗീകരിക്കില്ല; ഉടൻ രാജിവെക്കണം: എം വി ഗോവിന്ദൻ

തിരുവനന്തപുരം: മാങ്കൂട്ടത്തിലിനെ എംഎൽഎയായി ജനം അംഗീകരിക്കില്ലെന്നും ഉടനെ രാജിവെക്കണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
പരാതി എവിടെ എന്നാണ് മാങ്കൂട്ടം ചോദിച്ചുകൊണ്ടിരുന്നത്. ഇപ്പോൾ വ്യക്തമായ പരാതി തെളിവ് ഉൾപ്പടെ മുഖ്യമന്ത്രിക്ക് ലഭിച്ചുകഴിഞ്ഞു.
എംഎൽഎ സ്ഥാനത്ത് ഇനി ഒരു നിമിഷം പോലും ഇരിക്കരുത്. കോൺഗ്രസ് രാഹുലിനെ സസ്പെൻഡ് ചെയ്തു എന്ന് പറയുന്നത് വെറുതെയാണ്. പാലക്കാട് കോൺഗ്രസിന് വേണ്ടി പ്രചാരണത്തിന് നേതൃത്വം നൽകിക്കൊണ്ടിരുന്നത് മാങ്കൂട്ടത്തിലാണ് - എം വി ഗോവിന്ദൻ പറഞ്ഞു.
അതേ സമയം, മുഖ്യമന്ത്രിക്ക് യുവതി ലൈംഗിക പീഡന പരാതി നൽകിയതിന് പിന്നാലെ എംഎൽഎ ഓഫീസും പൂട്ടി മുങ്ങി മാങ്കൂട്ടത്തിൽ. സ്ഥാനാർഥി പ്രചരണ പരിപാടിക്ക് ഇടയിലാണ് മാങ്കൂട്ടത്തിൽ മുങ്ങിയത്. വൈകിട്ട് എത്താമെന്ന് ഉറപ്പിച്ചിരുന്ന സ്വീകരണ കേന്ദ്രത്തിൽ എത്താഞ്ഞതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ഒളിവിലാണെന്ന് മനസിലായത്. മാധ്യമപ്രവർത്തകർ എത്തിയപ്പോഴേക്കും പൂട്ടിയിട്ട നിലയിലായിരുന്നു എംഎൽഎ ഓഫീസ്.
ലൈംഗികചൂഷണത്തിനിരയാക്കുകയും ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയിൽ കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഉടൻ ചോദ്യംചെയ്യാനിരിക്കെയാണ് സംഭവം. ക്രൈം ബ്രാഞ്ച് പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്.








0 comments