പ്രിയപ്പെട്ട സഹോദരി തളരരുത്, കേരളം നിനക്കൊപ്പം; പിന്തുണ അറിയിച്ച് വീണാ ജോർജ്

തിരുവനന്തപുരം: പ്രിയപ്പെട്ട സഹോദരി തളരരുത്, കേരളം നിനക്കൊപ്പം എന്നുള്ള ഫേസ്‍ബുക്ക് കുറിപ്പുമായി മന്ത്രി വീണാ ജോർജ്. കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ലൈംഗികചൂഷണത്തിനിരയായ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പോസ്റ്റ്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങൾ പുറത്തു വന്നതിന് പിന്നാലെയുള്ള മന്ത്രിയുടെ കുറിപ്പ് കഴിഞ്ഞ ദിവസം ചർച്ചയായിരുന്നു. ജീവിതത്തിൽ തോറ്റുപോകരുത്, ഒപ്പമുണ്ടെന്ന് ഉറപ്പുനൽകി വനിതാ വികസന കോർപറേഷന്റെ ഹെൽപ്‌ലൈൻ നമ്പറായ 181 പങ്കുവെച്ചാണ് മന്ത്രി വീണാ ജോർജ് രംഗത്ത് വന്നത്. ഏറെ വിശ്വസിച്ച വ്യക്തികളിൽ നിന്നോ മറ്റുള്ളവരിൽ നിന്നോ ജീവിതത്തിൽ പലർക്കും തിക്താനുഭവങ്ങൾ ഉണ്ടായേക്കാമെന്നും തളർന്ന് പോകരുതെന്നും മന്ത്രി പറഞ്ഞു.
മടിച്ച് നിൽക്കാതെ നേരിടാം. വ്യക്തി മര്യാദകളും ജനാധിപത്യ മര്യാദകളും വിട്ട് ഭീഷണിയിലേക്കും ബ്ലാക് മെയ്‌ലിങ്ങിലേക്കും വാക്കുകൾ മാറിയാൽ, ശാരീരികവും മാസികവുമായുള്ള പീഡനങ്ങൾ ഏൽക്കേണ്ടി വന്നാൽ ചെറുക്കാമെന്നും വീണാ ജോർജ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു.
അതേ സമയം, മുഖ്യമന്ത്രിക്ക് യുവതി ലൈംഗിക പീഡന പരാതി നൽകിയതിന് പിന്നാലെ എംഎൽഎ ഓഫീസും പൂട്ടി മുങ്ങി മാങ്കൂട്ടത്തിൽ. സ്ഥാനാർഥി പ്രചരണ പരിപാടിക്ക് ഇടയിലാണ് മാങ്കൂട്ടത്തിൽ മുങ്ങിയത്. വൈകിട്ട് എത്താമെന്ന് ഉറപ്പിച്ചിരുന്ന സ്വീകരണ കേന്ദ്രത്തിൽ എത്താഞ്ഞതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ഒളിവിലാണെന്ന് മനസിലായത്. മാധ്യമപ്രവർത്തകർ എത്തിയപ്പോഴേക്കും പൂട്ടിയിട്ട നിലയിലായിരുന്നു എംഎൽഎ ഓഫീസ്.
ലൈംഗികചൂഷണത്തിനിരയാക്കുകയും ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയിൽ കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഉടൻ ചോദ്യംചെയ്യാനിരിക്കെയാണ് സംഭവം. ക്രൈം ബ്രാഞ്ച് പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്.
പെൺകുട്ടി പരാതി നൽകിയതിന് പിന്നാലെ പ്രതികരിച്ച് മാങ്കൂട്ടത്തിൽ പോസ്റ്റിട്ടത് ഒളിവിൽ ഇരുന്നാണ്. കുറ്റം ചെയ്തിട്ടില്ലെന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്നും നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നുമാണ് ഫേസ്ബുക്കിലൂടെയുള്ള പ്രതികരണം. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യപക വിമർശനമാണ് ഉയരുന്നത്.








0 comments