രാഹുൽ കാരണം ഒരുപാട് സ്ത്രീകൾ അനുഭവിക്കുന്നുവെന്ന് അറിയാമായിരുന്നു: റിനി ആൻ ജോർജ്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭാഗത്ത് നിന്ന് പല സ്ത്രീകളോടും മോശമായ പെരുമാറ്റമുണ്ടായിട്ടുണ്ട് എന്നും അത് കാരണം പലരും അനുഭവിക്കുന്നുണ്ട് എന്നതും നേരത്തെ അറിയാമായിരുന്നു എന്ന് റിനി ആൻ ജോർജ്. അത്കൊണ്ട് കൂടിയാണ് തനിക്ക് നേരെയുണ്ടായ കാര്യങ്ങൾ തുറന്നുപറയാമെന്ന് കരുതിയതെന്നും റിനി പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന്റെ ലൈംഗികചൂഷണത്തിനിരയായ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെയായിരുന്നു റിനിയുടെ പ്രതികരണം.
ഒരു സ്ത്രീ എന്ന നിലയിൽ ഞാൻ നേരിട്ട പ്രശ്നങ്ങൾ തുറന്നു പറയുമ്പോൾ മറ്റുള്ളവർക്കും അതൊരു പ്രചോദനമാവുമെന്നും അവർക്കും തുറന്ന് പറയാനുള്ള സാഹചര്യം ഒരുങ്ങുമെന്നും ഞാൻ കരുതിയിരുന്നു. സ്ത്രീകൾ നേരിടുന്ന എല്ലാ കാര്യങ്ങളും തുറന്ന് പറയണമെന്ന് തന്നെയാണ് ഇപ്പോഴും പറയുന്നത്. നമ്മൾ ധൈര്യത്തോടെ ഒരു കാര്യം പറഞ്ഞത് ഈ നിലയിൽ എത്തി എന്നതിൽ സന്തോഷമുണ്ട്.
രാഹുലിനെതിരെയുള്ള ലൈംഗിക ആരോപണങ്ങൾ ഉയർന്നു വന്ന ആദ്യ ഘട്ടത്തിൽ ഹു കെയേഴ്‌സ് എന്ന ഒരു സൂചന പൊതുജനങ്ങൾക്ക് ഇട്ടുകൊടുത്തത് റിനിയായിരുന്നു. ഇതിനു പിന്നാലെ നിരവധി ചാറ്റുകളും രാഹുലിന്റെ ലൈംഗികവൈകൃതം വെളിവാകുന്ന തരത്തിലുള്ള വോയിസുകളും പുറത്തുവന്നിരുന്നു.
മാധ്യമങ്ങൾ രാഹുലിന്റെ അതിക്രമങ്ങൾ പുറത്തുവിട്ടപ്പോൾ മാധ്യമങ്ങളെ പോലും അധിക്ഷേപിക്കുകയുണ്ടായെന്നും എന്നാൽ മാധ്യമങ്ങൾ നൽകിയ പിന്തുണ വലുതാണെന്നും റിനി കൂട്ടിച്ചേർത്തു.
അതേസമയം കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ലൈംഗികചൂഷണത്തിനിരയായ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകി. ബന്ധുക്കള്‍ക്കൊപ്പം സെക്രട്ടറിയറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടാണ് യുവതി പരാതി നൽകിയത്. ഡിജിറ്റൽ തെളിവുകൾ അടക്കം യുവതി കൈമാറിയെന്നാണ് വിവരം. മാങ്കൂട്ടത്തിലിനെ ഉടന്‍ ചോദ്യം ചെയ്യും.
വിവാഹ വാഗ്ദാനം നൽകി ലൈംഗികചൂഷണം നടത്തുകയും, പിന്നീട് ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തു എന്നതുള്‍പ്പെടെ ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്. തനിക്കെതിരെ വ്യക്തിഹത്യ നടക്കുന്നതായും യുവതി പരാതിപ്പെട്ടു.
യുവതിക്കും ഗർഭസ്ഥശിശുവിനും നേരെ മാങ്കൂട്ടത്തിൽ കൊലവിളി നടത്തുന്നതിന്റെയും ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്യുന്നതിന്റെ വാട്സാപ്പ് ചാറ്റുകളും ശബ്ദരേഖകളും പുറത്തുവന്നിരുന്നു. ഇവയൊന്നും നിഷേധിക്കാൻ മാങ്കൂട്ടത്തിൽ ഇതുവരെ തയ്യാറായിട്ടില്ല.
പുറത്തുവന്ന ശബ്ദരേഖയും വാട്‌സാപ്പ് ചാറ്റും അടിസ്ഥാനമാക്കി മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് നേരത്തെ കേസെടുത്തിരുന്നു. അഞ്ചുപേര്‍ ഇ മെയില്‍ വഴി പൊലീസ് ആസ്ഥാനത്തേക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പരാതി നല്‍കിയവരെല്ലാം മൂന്നാം കക്ഷികളായിരുന്നു. ഗർഭഛിദ്രത്തിന് രാഹുൽ നിർബന്ധിച്ചുവെന്നും, 18 മുതൽ 60 വയസുവരെ പ്രായമുള്ളവരാണ് ഇരകളായതെന്നുംകാട്ടി ക്രൈംബ്രാഞ്ച് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എഫ്‌ഐആര്‍ സമര്‍പ്പിച്ചിട്ടുണ്ട്.
രണ്ട് യുവതികൾ ഗർഭച്ഛിദ്രത്തിന് വിധേയരായെന്നാണ് അന്വേഷക സംഘത്തിന് ലഭിച്ച വിവരം. ഇതിലൊരാളെ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയത് ബംഗളൂരുവിൽവെച്ചാണ്.








0 comments