മാങ്കൂട്ടത്തിലിനെ ഉടൻ ചോദ്യം ചെയ്യും; യുവതിയുടെ പരാതിയിൽ ഗുരുതര ആരോപണങ്ങൾ

രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: ലൈംഗികചൂഷണത്തിനിരയാക്കുകയും ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയിൽ കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഉടൻ ചോദ്യംചെയ്യും. ക്രൈം ബ്രാഞ്ച് പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്. ആരോപണങ്ങൾ ഉയർന്നഘട്ടം മുതൽ ഭീഷണിപ്പെടുത്തി പരാതി നൽകുന്നതിൽനിന്ന് പിന്തിരിപ്പിക്കാനുള്ള മാങ്കൂട്ടത്തിലിന്റെ ശ്രമമാണ് യുവതി നിയമവഴിയിലേക്ക് എത്തിയതോടെ തകർന്നത്.
വ്യാഴം വൈകിട്ട് കുടുംബത്തോടൊപ്പം സെക്രട്ടറിയറ്റിലെത്തിയാണ് യുവതി മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി പീഡനത്തിനിരയാക്കിയ യുവതിയെ ഗർഭിണിയാകാൻ മാങ്കൂട്ടത്തിൽ പ്രേരിപ്പിച്ചിരുന്നു. പിന്നീട് അശാസ്ത്രീയ ഗർഭഛിദ്രത്തിന് നിരന്തരം നിർബന്ധിച്ചു. മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ് യുവതി അനുഭവിച്ചത്. ആരോപണങ്ങൾ ഉയർന്നഘട്ടം മുതൽ മാങ്കൂട്ടത്തിലിന്റെ അനുയായികൾ യുവതിയെ വ്യക്തിഅധിക്ഷേപം നടത്തുകയും ചെയ്യുന്നുണ്ട്. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയാണ് യുവതി മുഖ്യമന്ത്രിക്ക് കൈമാറിയത്.
യുവതിയെ മാങ്കൂട്ടത്തിൽ ഗർഭധാരണത്തിന് നിർബന്ധിക്കുത്തിന്റെ വാട്സാപ്പ് ചാറ്റുകളും ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന ശബ്ദരേഖകളും നേരത്തെ പുറത്തുവന്നിരുന്നു. അശ്ലീലച്ചുവയുള്ള സന്ദേശങ്ങൾ സ്ത്രീകളുടെ സോഷ്യൽമീഡിയ ഇൻബോക്സിലേക്ക് മാങ്കൂട്ടത്തിൽ അയച്ചതിന്റെ സ്ക്രീൻഷോട്ടുകളും പലരും വെളിപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ പുറത്തുവന്ന ശബ്ദരേഖയും വാട്‌സാപ്പ് ചാറ്റും അടിസ്ഥാനമാക്കി ക്രൈംബ്രാഞ്ച് മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തിരുന്നു. അഞ്ചുപേര്‍ ഇ മെയില്‍ വഴി പൊലീസ് ആസ്ഥാനത്തേക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പരാതി നല്‍കിയവരെല്ലാം മൂന്നാം കക്ഷികളായിരുന്നു. ഗർഭഛിദ്രത്തിന് രാഹുൽ നിർബന്ധിച്ചുവെന്നും, 18 മുതൽ 60 വയസുവരെ പ്രായമുള്ളവരാണ് ഇരകളായതെന്നുംകാട്ടി ക്രൈംബ്രാഞ്ച് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എഫ്‌ഐആര്‍ സമര്‍പ്പിച്ചിട്ടുണ്ട്.
രണ്ട് യുവതികൾ ഗർഭച്ഛിദ്രത്തിന് വിധേയരായെന്നാണ് അന്വേഷക സംഘത്തിന് ലഭിച്ച വിവരം. ഇതിലൊരാളെ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയത് ബംഗളൂരുവിൽവെച്ചാണ്.









0 comments