ആഷസിൽ തീപാറിക്കാൻ പാറ്റ് കമ്മിന്‍സ് തിരിച്ചെത്തുന്നു; ഇംഗ്ലണ്ട് പ്രതിരോധത്തിൽ

പെർത്ത്: ബ്രിസ്‌ബെയ്‌നില്‍ നടക്കുന്ന ആഷസ് രണ്ടാം ടെസ്റ്റില്‍ ചികത്സയിലായിരുന്ന ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് തിരിച്ചെത്തുന്നുവെന്ന് റിപ്പോർട്ട്. പുറംവേദന കാരണം ആഷസിലെ ആദ്യ ടെസ്റ്റ് മത്സരം നഷ്ടമായിരുന്നു. ഡിസംബര്‍ നാല് മുതല്‍ എട്ടുവരെയാണ് രണ്ടാം ടെസ്റ്റ്.
ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ എളുപ്പത്തിൽ ജയിച്ചുകയറിയിരുന്നു. മത്സരത്തിന്റെ രണ്ടാം ദിവസം 205 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 28.2 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ട്രാവിസ് ഹെഡിന്റെ(123) വെടിക്കെട്ട് സെഞ്ചുറിയാണ് ടീമിനെ തകർപ്പൻ വിജയത്തിലെത്തിച്ചത്. പാറ്റ് കമ്മിന്‍സ് കൂടി എത്തുന്നതോടെ ഓസ്ട്രേലിയയെ കൂടുതൽ ഭയക്കേണ്ടിവരും എന്ന് തീർച്ച.
ജയത്തോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയിൽ ഓസീസ് മുന്നിലാണ്. ഇംഗ്ലണ്ട്: 172, 164, ഓസ്‌ട്രേലിയ: 132, 205-2. ആദ്യ ഇന്നിങ്സിൽ ലീഡ് വഴങ്ങിയ ശേഷമായിരുന്നു ഓസ്ട്രേലിയയുടെ ഉജ്വല തിരിച്ചുവരവ്. ആദ്യ ഇന്നിങ്സിൽ ഏഴും രണ്ടാം ഇന്നിങ്സിൽ മൂന്നും വിക്കറ്റുകൾ വീഴ്ത്തിയ ഓസീസ് പേസർ മിച്ചൽ സ്റ്റാർക്ക് കളിയിലെ താരമായി.49 പന്തിൽ 51 റൺസടിച്ച മാർനസ് ലബുഷെയ്ൻ അർധ സെഞ്ചറി നേടി പുറത്താകാതെനിന്നു.
മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 40 റൺസ് ലീഡ് നേടിയിരുന്നു. രണ്ടാംദിനം രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലണ്ട് 34.4 ഓവറിൽ 164 റൺസിനാണ് പുറത്തായത്. ഇതോടെ ഓസീസിന് 205 റൺസിന്റെ വിജയലക്ഷ്യമായി. നാലുവിക്കറ്റ് നേടിയ സ്‌കോട്ട് ബോളണ്ടും മൂന്നുവിക്കറ്റ് നേടിയ മിച്ചൽ സ്റ്റാർക്കുമാണ് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സ് കഥകഴിച്ചത്.
ആദ്യ ഇന്നിങ്‌സിലെ ഏഴുവിക്കറ്റടക്കം സ്റ്റാർക്കിന് ടെസ്റ്റിൽ ആകെ പത്തുവിക്കറ്റായി. 37 റൺസെടുത്ത ഗുസ് അറ്റ്കിൻസാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറർ. ഒലീ പോപ്പ് (33), ബെൻ ഡക്കറ്റ് (28), ബ്രൈഡൻ കഴ്‌സ് (20) എന്നിങ്ങനെയാണ് ടീമിന്റെ മറ്റു സ്‌കോറുകൾ.
ഇന്നിങ്സിലെ ആദ്യ ആറോവറുകളിലെ എല്ലാ പന്തുകളും 140 ലധികം വേഗതയിലാണ് സ്റ്റാർക്ക് എറിഞ്ഞത്.









0 comments