2022ലെ ഒരു കോളം വാർത്ത 2025ൽ എങ്ങനെ 'രഹസ്യ കോഡ്' ആയി? മനോരമയെ തുറന്നുകാട്ടി വി ശിവൻകുട്ടി

V Sivankutty Exposes manorama fake news
വെബ് ഡെസ്ക്

Published on Nov 27, 2025, 05:53 PM | 1 min read

തിരുവനന്തപുരം: കേന്ദ്രസർക്കാർ കൊണ്ടുവന്ന ലേബർകോഡുകൾ എൽഡിഎഫും ട്രേഡ് യൂണിയനുകളും അറിയാതെ കേരളത്തിൽ കരടുചട്ടം തയ്യാറാക്കിയെന്ന മലയാള മനോരമയുടെ നുണവാർത്തയെ തുറന്നുകാട്ടി തൊഴിൽമന്ത്രി വി ശിവൻകുട്ടി. മൂന്ന് വർഷം മുൻപ് മനോരമതന്നെ പ്രസിദ്ധീകരിച്ച വാർത്തപങ്കുവെച്ചാണ് യുഡിഎഫ്പത്രത്തിന്റെ വ്യാജപ്രചാരണം മന്ത്രി പൊളിച്ചത്.


2022 ജൂലൈ 2ന് തിരുവനന്തപുരത്ത് തൊഴിൽ വകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല ശിൽപശാല തൊഴിൽമന്ത്രി ഉദ്ഘാടനം ചെയ്ത വാർത്ത പിറ്റേദിവസം ഉൾപേജിൽ ഒരു കോളത്തിൽ മനോരമ നൽകിയിരുന്നു. വാർത്തയിൽ കേന്ദ്ര ലേബർ കോഡുകളുടെ അടിസ്ഥാനത്തിലുള്ള സംസ്ഥാനതല ചട്ടരൂപീകരണത്തിന്റെ ഭാഗമായാണ് ആ ശിൽപശാല സംഘടിപ്പിച്ചത് എന്ന് വ്യക്തമായി പറയുന്നുണ്ട്. കേന്ദ്ര നിയമങ്ങളിൽ കേരളത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായ ഘടകങ്ങളുണ്ടെന്നും, അവ അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ പ്രമാണങ്ങൾക്ക് നിരക്കാത്തതാണെന്നും മന്ത്രി ഉദ്ഘാടനപ്രസം​ഗത്തിൽ പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.


എന്നാൽ കേന്ദ്രസർക്കാർ ലേബർകോഡുകൾ നടപ്പാക്കുകയും ഇതിനെതിരെ ഇടതുപക്ഷം ശക്തമായ പ്രക്ഷോഭം തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ജനങ്ങളെ തെറ്റിധരിപ്പിക്കാൻ മനോരമ നുണവാർത്ത ചമച്ചത്. നവംബർ 26ന് ഒന്നാം പേജിൽ "മുന്നണി അറിയാത്ത രഹസ്യ നീക്കം" എന്ന പേരിൽ വലിയ വാർത്തയാണ് മനോരമ നൽകിയിരിക്കുന്നത്.


2022ലെ ഒരു കോളം വാർത്ത 2025ൽ എത്തുമ്പോൾ എങ്ങനെയാണ് മനോരമയ്ക്ക് 'രഹസ്യ കോഡ്' ആകുന്നതെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു. ശിൽപശാലയിൽ ഉയർന്നുവന്ന നിർദ്ദേശങ്ങളും ആക്ഷേപങ്ങളും സർക്കാർ വിശദമായി പരിശോധിച്ചതാണ്. കേന്ദ്രത്തിന്റെ ഈ നാല് ലേബർ കോഡുകളും സംസ്ഥാനത്തെ തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങളെ ഹനിക്കുന്നതാണെന്ന തൊഴിലാളി യൂണിയനുകളുടെ വികാരത്തെ സർക്കാർ സർവ്വാത്മനാ പിന്തുണക്കുകയും ചെയ്തു. അതുകൊണ്ട്, ലേബർ കോഡുകൾ സംബന്ധിച്ച യാതൊരു തുടർനടപടികളും സ്വീകരിക്കേണ്ടതില്ല എന്നാണ് തൊഴിൽ വകുപ്പ് തീരുമാനിച്ചത്. ഈ തീരുമാനം എടുത്തതിന് ശേഷം നാളിതുവരെ സംസ്ഥാന ചട്ടങ്ങൾ സംബന്ധിച്ചോ, ലേബർ കോഡുകൾ നടപ്പിലാക്കുന്നത് സംബന്ധിച്ചോ യാതൊരുവിധ നടപടികളിലേക്കും സർക്കാർ കടന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani

Subscribe to our newsletter

Quick Links


Home