'ഹാലിളകേണ്ടെന്ന്' കോടതി; സിനിമ എങ്ങനെയാണ് കത്തോലിക്കാ കോണ്‍ഗ്രസിനെ ബാധിക്കുന്നതെന്നും ചോദ്യം

കൊച്ചി: ഹാൽ സിനിമ കട്ട് ചെയ്യാനോ കൂട്ടിച്ചേർക്കാനോ നിർദ്ദേശിക്കില്ലെന്നും സിനിമ കാണാതെ അഭിപ്രായം പറയാനാവില്ലെന്നും വ്യക്തമാക്കി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. സിനിമ എങ്ങനെയാണ് കത്തോലിക്കാ കോണ്‍ഗ്രസിനെ ബാധിക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.
സിനിമയിലെ രംഗങ്ങള്‍ നീക്കേണ്ടതില്ലെന്ന മുൻപ് സിംഗിള്‍ ബെഞ്ച് ഉത്തരവിറക്കിയിരുന്നു. ഇതിനെതിരായത അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം.
സിനിമയുടെ ഉള്ളടക്കം മതസൗഹാർദം നശിപ്പിക്കുന്നതാണെന്ന് ആരോപിച്ച് കത്തോലിക്കാ കോൺഗ്രസ് രംഗത്ത് വന്നിരുന്നു. സിനിമയുടെ പ്രദർശനാനുമതി നിഷേധിക്കണമെന്നാവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് കെ വി ചാക്കോ ഹർജി നൽകിയിരുന്നു.
സിനിമയിലെ നിർണായക ദൃശ്യങ്ങളും സംഭാഷണങ്ങളുമാണ് വെട്ടിമാറ്റാൻ ആവശ്യപ്പെടുന്നതെന്ന് നിർമാതാവ് ജൂബി തോമസ്, സംവിധായകൻ വീര (മുഹമ്മദ് റഫീഖ്) എന്നിവരുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. സെൻസർ ബോർഡ് പുനഃപരിശോധന സമിതി നിർദേശിച്ച ഭാഗങ്ങൾ നീക്കിയാൽ സിനിമയുടെ കഥാഗതിതന്നെ മാറുന്ന അവസ്ഥയാണുള്ളത്.
ഒരുവശത്ത് സെൻസർ ബോർഡും ത്തോലിക്ക കോണ്‍ഗ്രസും സംഘപരിവാറും ഒരേപോലെ സിനിമയെ എതിർക്കുന്നതാണ് നിർമാതാക്കളെ പ്രതിസന്ധിയിലാക്കുന്നത്.
സെൻസർ ബോർഡിന്റെ നിബന്ധനകൾ ഏകപക്ഷീയവും യുക്തിരഹിതവുമാണെന്നും സിനിമയുടെ ഉള്ളടക്കത്തിലേക്കുള്ള കടന്നുകയറ്റം അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും കോടതി ഉത്തരവിൽ മുൻപ് പറഞ്ഞതാണ്. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളായ മതനിരപേക്ഷത, സാഹോദര്യം എന്നിവ അവഗണിച്ചാകരുത് നിയന്ത്രണങ്ങളെന്നും കോടതി നിരീക്ഷിച്ചു. ജെവിജെ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഷെയിൻ നിഗം നായകനായ സിനിമ കണ്ട് വിലയിരുത്തിയായിരുന്നു കോടതിയുടെ ഉത്തരവ്.
സിനിമയിൽ ബീഫ് ബിരിയാണി കഴിക്കുന്നതടക്കമുള്ള ഭാഗങ്ങൾ വെട്ടിമാറ്റണമെന്നും മാറ്റം വരുത്തിയാലും എ സർട്ടിഫിക്കറ്റ് നൽകൂവെന്നുമുള്ള സെൻസർ ബോർഡ് നിലപാടാണ് സിനിമയെ കോടതികയറ്റിയത്. ധ്വജപ്രണാമം, സംഘം കാവലുണ്ട്, ആഭ്യന്തരശത്രുക്കൾ, ഗണപതിവട്ടം, മുസ്ലിം വസ്ത്രം ധരിച്ച ക്രൈസ്തവ പെൺകുട്ടി തുടങ്ങിയ പരാമർശങ്ങൾ വരുന്ന ഇടങ്ങളിലാണ് വെട്ടിമാറ്റൽ ആവശ്യപ്പെട്ടിരുന്നത്.
സിനിമയുടെ കഥാഗതിതന്നെ മാറുമെന്ന് ചൂണ്ടിക്കാട്ടി നിർമാതാവ് ജൂബി തോമസും സംവിധായകൻ വീര (മുഹമ്മദ് റഫീഖ്)യുമാണ് ഹർജി നൽകിയത്. സിനിമയിലെ രംഗങ്ങളും സംഭാഷണങ്ങളും മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും സെൻസർ ബോർഡ് വാദിച്ചിരുന്നു. ബോർഡ് തീരുമാനത്തെ പിന്തുണച്ച് കത്തോലിക്ക കോൺഗ്രസും കൊച്ചിയിൽനിന്നുള്ള ആർഎസ്എസ് പ്രവർത്തകനും ഹർജിയിൽ കക്ഷി ചേർന്നിരുന്നു.








0 comments