ദേശീയ സീനിയർ സ്‌കൂൾ അത്‌ലറ്റിക് മീറ്റ്; ഹർഡിൽസിൽ കേരളത്തിന്റെ കുതിപ്പ്

ഭിവാനി(ഹരിയാന): ദേശീയ സീനിയർ സ്‌കൂൾ അത്‌ലറ്റിക് മീറ്റിൽ ഹർഡിൽസിൽ കേരളത്തിന്റെ കുതിപ്പ്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെ വിഭാഗത്തിൽ മത്സരിച്ച നാല് പേരും സ്വർണം, വെള്ളി മെഡലുകൾ കരസ്ഥമാക്കി.
ആൺകുട്ടികളിൽ ഫസലുൾ ഹഖ് സി കെ മീറ്റ് റെക്കോർഡ് സ്വർണം നേടിയപ്പോൾ അമർത്തി രണ്ടാമതെത്തി.പെൺകുട്ടികളിൽ ആദിത്യാജി ഒന്നാം സ്ഥാനത്തും എൻ എസ് വിഷ്ണുപ്രിയ രണ്ടാമതും ഫിനിഷ് ചെയ്തു. ഇതോടെ കേരളത്തിന്റെ മെഡൽനേട്ടം അഞ്ചായി ഉയർന്നു.
കഴിഞ്ഞ രണ്ടുതവണയും ജേതാക്കളായി കേരളം ഹാട്രിക് കിരീട പ്രതീക്ഷയോടെയാണ് ഇത്തവണ മേളയ്ക്കെത്തിയത്. ഇക്കുറി 71 അംഗസംഘമാണ്. 39 ആൺകുട്ടികളും 32 പെൺകുട്ടികളുമാണ് ടീമിലുള്ളത്. കഴിഞ്ഞതവണ റാഞ്ചിയിൽ ആറ് വീതം സ്വർണവും വെള്ളിയും നാല് വെങ്കലവുമടക്കം 138 പോയിന്റുമായാണ് കേരളം കിരീടം നിലനിർത്തിയത്. ആതിഥേയരായ ഹരിയാന, മഹാരാഷ്‌ട്ര, തമിഴ്‌നാട് ടീമുകളാണ് വെല്ലുവിളി. 2024ൽ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയ മഹാരാഷ്ട്ര, തമിഴ്നാട് ടീമുകൾ മികച്ചതാണ്. ഭുവനേശ്വറിൽ നടന്ന ദേശീയ ജൂനിയർ മീറ്റിൽ ചാമ്പ്യന്മാരായ തമിഴ്നാട് സ്‌കൂൾ മീറ്റിലും മികച്ച പ്രകടനത്തിനാണ് എത്തിയിട്ടുള്ളത്.
കാലാവസ്ഥ താരങ്ങളുടെ പ്രകടനത്തെ ബാധിക്കുമോയെന്ന ആശങ്കയുണ്ട്. ഹരിയാനയിൽ ശൈത്യകാലത്തിന്റെ ആരംഭമാണ്. തണുപ്പ് ശക്തമല്ലാത്തതിനാൽ തിരിച്ചടിയുണ്ടാവില്ലെന്ന പ്രതീക്ഷയിലാണ് കേരളസംഘം. ഇൗ സമയങ്ങളിൽ എട്ട് ഡിഗ്രി വരെ താപനില താഴ്‌ന്നേക്കും. പകൽ സമയങ്ങളിൽ 23 ഡിഗ്രിയും രാത്രിയിൽ 14 ഡിഗ്രിയുമാണ് നിലവിൽ രേഖപ്പെടുത്തുന്ന താപനില. പ്രദേശത്തെ വായുഗുണനിലവാര സൂചിക ‘അതീവമോശം’ വിഭാഗത്തിൽ തുടരുന്നതും മീറ്റിനെ ബാധിച്ചേക്കും.









0 comments