വധശിക്ഷയ്ക്ക് പിന്നാലെ അഴിമതിക്കേസും; ഷെയ്ക് ഹസീനയ്ക്ക് 21 വർഷം തടവ്

ധാക്ക: സർക്കാർ ഭവന പദ്ധതി പ്രകാരം പ്ലോട്ടുകൾ വിതരണം ചെയ്തതിൽ ക്രമക്കേട് നടത്തിയെന്ന കേസിൽ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ധാക്ക കോടതി വ്യാഴാഴ്ച 21 വർഷം തടവ് വിധിച്ചു. ഇതേ കേസിൽ രണ്ട് മക്കൾക്കും അഞ്ച് വർഷം വീതവും തടവ് വിധിച്ചു.
ഇന്ത്യയിൽ അഭയം തേടിയ ഷേക് ഹസീനയ്ക്ക് എതിരെ വധ ശിക്ഷ വിധിച്ച ട്രിബ്യൂൺൽ കോടതി വിധിവന്ന് പത്ത് ദിവസത്തിന് ശേഷമാണ് മറ്റൊരു കേസിൽ പ്രത്യേക കോടതിയുടെ തടവ് ശിക്ഷ.
തലസ്ഥാനത്തോട് ചേർന്നുള്ള പുർബാചലിലെ സർക്കാർ ഭവന പദ്ധതിയിൽ അഴിമതി ആരോപിച്ച് മൂന്ന് കേസുകളിലായാണ് 78 കാരിയായ ഹസീനയ്ക്ക് എതിരെ കേസ്. മകൻ സാജിബ് വാജെദ് ജോയ്, മകൾ സൈമ വാസെദ് പുട്ടുൾ എന്നിവർക്കും ധാക്ക പ്രത്യേക കോടതി ശിക്ഷ വിധിച്ചു.
“ഒരു അപേക്ഷയും കൂടാതെയും നിയമപരമായി അംഗീകരിക്കപ്പെട്ട അധികാരപരിധി മറികടന്നുമാണ് ഷെയ്ഖ് ഹസീനയ്ക്ക് പ്ലോട്ട് അനുവദിച്ചത്," എന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ജഡ്ജി മുഹമ്മദ് അബ്ദുല്ല അൽ മാമുൻ പറഞ്ഞു.
പ്ലോട് അനുവദിച്ചതായി ആരോപിക്കപ്പെടുന്ന മൂന്ന് കേസുകളിൽ ഓരോന്നിലും ഹസീനയ്ക്ക് ഏഴ് വർഷം വീതം തടവ് ശിക്ഷയാണ് വിധിച്ചിട്ടുള്ളത്. ആകെ 21 വർഷം തടവ്.
ഹസീന കുടുംബത്തിന് പുറമെ, മുൻ ഭവന മന്ത്രി ഷെരീഫ് അഹമ്മദ്, ഭവന മന്ത്രാലയത്തിലെയും രാജധാനി ഉന്യാൻ കർതൃപാക്കയിലെയും ഉദ്യോഗസ്ഥർ ഉൾപ്പെടെ 20 പേരെ കേസിൽ വിചാരണ ചെയ്തു. ഒരാൾ ഒഴികെ മറ്റെല്ലാവർക്കും ജയിൽ ശിക്ഷ വിധിച്ചു. കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടത് മന്ത്രാലയത്തിലെ ജൂനിയർ ഓഫീസർ മാത്രമാണ്.
കേസിലെ പ്രതികളിൽ ഒരാൾ മാത്രമാണ് നേരിട്ട് വിചാരണ നേരിട്ടത്. അദ്ദേഹത്തിന് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു.

ജനുവരി 12 നും 14 നും ഇടയിൽ ബംഗ്ലാദേശ് അഴിമതി വിരുദ്ധ കമ്മീഷൻ ആറ് കേസുകൾ ഫയൽ ചെയ്യുകയും മാർച്ച് 10 ന് എല്ലാത്തിലും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. മൂന്ന് കേസുകളിലും ചൊവ്വാഴ്ച ഒരുമിച്ച് വിധി പ്രസ്താവിച്ചു.
അട്ടിമറിയും വധശിക്ഷയും
മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ ചാർത്തിയാണ് പ്രത്യേക ബംഗ്ലാദേശി ട്രൈബ്യൂണൽ ഹസീനയ്ക്ക് വധശിക്ഷ വിധിച്ചത്. ഇത് നവംബർ 17 ന് ആയിരുന്നു. പുതയ ശിക്ഷാവിധി കൂടി പുറത്ത് വന്നതോടെ ധാക്കയിലെ പഴയ കോടതി സമുച്ചയത്തിലും പരിസരത്തും അധികൃതർ സുരക്ഷ ശക്തമാക്കി.
നവംബർ 17 ലെ വിധിയിൽ ബംഗ്ലാദേശ് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ (ഐസിടി-ബിഡി) അന്നത്തെ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാലിനൊപ്പമാണ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചത്. ഹസീന നിലവിൽ ഇന്ത്യയിലാണ്. കമൽ ഇന്ത്യയിൽ ഒളിച്ചിരിക്കുന്നതായി കരുതപ്പെടുന്നു. ഇവരെ വിട്ടുകിട്ടുന്നതിനായി ബംഗ്ലാദേശ് സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 5 നാണ് "ജൂലൈ പ്രക്ഷോഭം" എന്നറിയപ്പെടുന്ന വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിൽ ഹസീനയുടെ അവാമി ലീഗ് സർക്കാർ അട്ടിമറിക്കപ്പെട്ടത്. മൂന്ന് ദിവസങ്ങൾക്ക് ശേഷം നോബൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് പ്രതിഷേധകരായ വിദ്യാർത്ഥികളുടെ ആഹ്വാനപ്രകാരം ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായി ചുമതലയേറ്റു.
അടുത്ത വർഷം തെരഞ്ഞെടുപ്പ്
അടുത്ത ഫെബ്രുവരിയിൽ ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തവണയും ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് അധികാരത്തിലേറുമോ എന്ന ചർച്ചകൾ സജീവമാണ്. 2009 ൽ അധികാരമേറ്റതിനുശേഷം അവർ ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കിയിരുന്നു.
വധശിക്ഷ വിധിച്ച സാഹചര്യത്തിൽ ഹസീനയെയും മുൻ ആഭ്യന്തര മന്ത്രി അസദുസമാൻ ഖാനെയും അടിയന്തരമായി വിട്ടുനൽകണമെന്ന് ബംഗ്ലാദേശ് വിദേശമന്ത്രാലയം ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്തിയെന്നാരോപിച്ച് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് വധശിക്ഷ വിധിച്ച ബംഗ്ലാദേശിലെ അന്താരാഷ്‌ട്ര ട്രിബ്യൂണൽ നടപടിയിൽ ഖേദം പ്രകടിപ്പിച്ച് ഐക്രരാഷ്ട്ര സഭ രംഗത്ത് വന്നിരുന്നു.









0 comments